മിമിക്രി താരം മഹേഷ് കുഞ്ഞുമോനെതിരെ കോണ്‍ഗ്രസ് അനുകൂലികളുടെ സൈബര്‍ ആക്രമണം. മിമിക്രിയില്‍ മുഖ്യമന്ത്രി വി.ഡി.സതീശനെ അവതരിപ്പിച്ചപ്പോള്‍ ബഹുമാനക്കുറവ് കാണിച്ചെന്ന് ആരോപിച്ചാണ് വിമര്‍ശനവും പരിഹാസവും.
അയര്‍ലന്‍ഡില്‍ നടന്ന സ്റ്റേജ് ഷോയ്ക്കിടെയാണ് സംഭവം. എല്‍ഇഡി വാളില്‍ ചിത്രം വരാതെയായപ്പോള്‍ സ്‌ക്രീനില്‍ കാണിക്കേണ്ട ചിത്രം 'വി.ഡി.സതീശന്‍' എന്നാണ് മഹേഷ് കുഞ്ഞുമോന്‍ മൈക്കിലൂടെ പറഞ്ഞത്. 'സാര്‍', 'മുഖ്യമന്ത്രി' എന്നൊന്നും അതിനൊപ്പം പറഞ്ഞില്ല. ഇതിന്റെ പേരിലാണ് കോണ്‍ഗ്രസ് അനുകൂലികള്‍ മഹേഷ് കുഞ്ഞുമോനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പിന്നാലെ ഇക്കാര്യത്തില്‍ മഹേഷ് കുഞ്ഞുമോന്‍ വിശദീകരണം നല്‍കി.
മഹേഷ് കുഞ്ഞുമോന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
പ്രിയപ്പെട്ട എല്ലാവര്‍ക്കും,
അയര്‍ലണ്ടില്‍ നടന്ന ഒരു സ്റ്റേജ് പരിപാടിക്കിടെ ഞാന്‍ ശ്രീ. വി.ഡി. സതീശന്‍ സാറിന്റെ ശബ്ദം അനുകരിച്ച് ഒരു പെര്‍ഫോമന്‍സ് അവതരിപ്പിച്ചിരുന്നു. Led wall picture വരാതെ അല്പം സമയം എടുത്തപ്പോ എല്‍.ഇ.ഡി. വാള്‍ ഓപ്പറേറ്റ് ചെയ്തിരുന്ന വ്യക്തിയോട്, സ്‌ക്രീനില്‍ കാണിക്കേണ്ട ചിത്രത്തിന്റെ ഫയലിന്റെ പേര് അറിയിക്കുന്നതിനായാണ് ഞാന്‍ മൈക്കിലൂടെ 'VD Satheesan' എന്ന് പറഞ്ഞത്. അപ്പോള്‍ ഞാന്‍ 'സാര്‍' എന്നോ 'മുഖ്യമന്ത്രി' എന്നോ ചേര്‍ത്ത് പറഞ്ഞിരുന്നില്ല. അത് ബഹുമാനക്കുറവ് കാണിക്കാനോ അദ്ദേഹത്തെ അപമാനിക്കാനോ വേണ്ടിയല്ല, സാങ്കേതിക ആവശ്യത്തിനായി ഫയലിന്റെ പേര് മാത്രം പറഞ്ഞതാണ്.
എന്നാല്‍ ആ വീഡിയോയുടെ ഒരു ഭാഗം മാത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ, ഞാന്‍ അദ്ദേഹത്തെ ബഹുമാനമില്ലാതെ അഭിസംബോധന ചെയ്തുവെന്ന രീതിയില്‍ ചിലര്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടായി.
എന്റെ ഭാഗത്തുനിന്ന് ഉണ്ടായ ഈ സാഹചര്യം കാരണം ആര്‍ക്കെങ്കിലും വിഷമമോ വേദനയോ തോന്നിയിട്ടുണ്ടെങ്കില്‍, അതില്‍ ഞാന്‍ ഹൃദയപൂര്‍വ്വം ക്ഷമ ചോദിക്കുന്നു. ആരെയും വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്യുക എന്നത് എന്റെ ഉദ്ദേശ്യമല്ല. എല്ലാവരെയും ഒരുപോലെ ബഹുമാനിക്കുന്ന ഒരാളാണ് ഞാന്‍.
അതോടൊപ്പം, അഭിപ്രായവ്യത്യാസങ്ങള്‍ മാന്യതയോടെ പ്രകടിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. വ്യക്തിപരമായി അസഭ്യം പറയുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സന്ദേശങ്ങള്‍ ഒരാളെ മാനസികമായി ഏറെ വേദനിപ്പിക്കും. പരസ്പര ബഹുമാനവും മനുഷ്യസ്നേഹവും കാത്തുസൂക്ഷിക്കാന്‍ എല്ലാവരും ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.
സ്നേഹപൂര്‍വ്വം,
മഹേഷ് കുഞ്ഞുമോന്‍