മലയാള ടെലിവിഷൻ ഇൻഡസ്ട്രിയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയാണ് ഫിറോസ് തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് ‘ഡേഞ്ചറസ് ബോയ്സ്’ എന്ന പരിപാടിയുടെ അവതാരകനായി. ‘തില്ലാന തില്ലാന’ എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ ഫിറോസ്, ആ ഷോയുടെ ടൈറ്റിൽ വിന്നറായിരുന്നു. താരോത്സവം എന്ന ഷോയിലും ഫിറോസ് പങ്കെടുത്തിരുന്നു. സിനിമയിലും അരങ്ങേറ്റം കുറിച്ച നടനാണ് ഫിറോസ്. മമ്മൂട്ടി ചിത്രം ‘ഫേസ് റ്റു ഫേസ്’, ഒരു കന്നട ചിത്രം എന്നിവയിലും ഫിറോസ് അഭിനയിച്ചിട്ടുണ്ട്. സീരിയലുകൾ പ്രേക്ഷകർക്ക് സുപരിചിതയായ സജ്ന അന്ന കരീന, സുമംഗലീ ഭവ, ചാക്കോയും മേരിയും തുടങ്ങിയ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. ഫിറോസിനൊപ്പം സജ്നയും മുൻപ് റിയാലിറ്റി ഷോകളുടെ ഭാഗമായിട്ടുണ്ട്. ‘ജോഡി നമ്പർ വൺ’, ‘സൂര്യ ജോഡി’ തുടങ്ങിയ കപ്പിൾ ഷോകളിൽ ഇരുവരും ഒന്നിച്ച് പങ്കെടുത്തിരുന്നു.
ബിഗ് ബോസ് വീടിനുള്ളിലേക്ക് പോയാല്‍ അത് വേറെ ലെവലാണെന്ന് മോഹന്‍ലാല്‍ ഇരുവരെയും ഓര്‍മ്മപ്പെടുത്തി. ഒരാഴ്ച പുറത്ത് നിന്ന് കണ്ടിട്ടാണ് നിങ്ങള്‍ അകത്തേക്ക് പോകുന്നത്. അതുകൊണ്ട് പുറത്ത് നടന്നതും നിങ്ങള്‍ കണ്ട് അറിഞ്ഞ കാര്യങ്ങളൊന്നും അകത്ത് പറയരുതെന്ന് എനിക്ക് വാക്ക് തരണമെന്നും മോഹന്‍ലാല്‍ ആവശ്യപ്പെട്ടു. അത് കണ്ടുപിടിക്കും. വലിയ പ്രശ്‌നം ആവുകയും ചെയ്യുമെന്നും അവതാരകന്‍ പറഞ്ഞ് കൊടുക്കുന്നു. ബിഗ് ബോസ് വീട്ടിലെത്തിയാല്‍ നിങ്ങള്‍ തമ്മില്‍ വഴക്ക് ഉണ്ടാക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിന് രസകരമായ മറുപടിയാണ് ഇരുവരും നല്‍കിയത്. ഇപ്പോള്‍ ഞങ്ങള്‍ നല്ല സ്‌നേഹത്തിലാണ്. ഇനി തിരിച്ച് ഇറങ്ങുമ്പോള്‍ രണ്ട് പേരും രണ്ട് വഴിക്ക് ആകുമോ എന്ന സംശയം ഉണ്ടെന്നും സജ്‌ന പറയുന്നു.
ഏക മകനാണ് ഈ താരദമ്പതികൾക്ക് ഉള്ളത്. “ജീവിതത്തിലെ ഏറ്റവും വലിയ ബന്ധം ഞങ്ങളുടെ മകനാണ്. അവനെ പുറത്ത് നിര്‍ത്തിയാണ് അങ്ങോട്ട് വരുന്നതെന്നുള്ള സങ്കടം മാത്രമേ ഉള്ളൂ,” എന്നാണ് ഷോയിൽ എത്തിയ ഫിറോസും സജ്നയും ആദ്യം പറഞ്ഞത്. മറ്റ് ഭാഷകളിലെ ബിഗ് ബോസ് ഷോ കണ്ടിട്ടാണ് തങ്ങള്‍ ഇവിടെ എത്തിയതെന്നും നിലവിലെ മത്സരാര്‍ഥികളുടെ ഒരാഴ്ചത്തെ പ്രകടനം കണ്ടതിന്റെ അടിസ്ഥാനത്തിൽ എല്ലാവരും മാസ്റ്റര്‍പ്ലാന്‍ ഉള്ളവരാണെന്നും ആ പുലിക്കുട്ടികള്‍ക്ക് ഇടയിലേക്കാണ് ഞങ്ങള്‍ ചെല്ലുന്നതെന്നുമാണ് ഫിറോസ് പറയുന്നത്. അതേസമയം, അവരെക്കാളും വലിയ പുലിക്കുട്ടി നമ്മളായിരിക്കുമെന്നാണ് സജ്ന പറയുന്നത്.