നടി അനുപമ പരമേശ്വരന്‍ തന്റെ മുന്‍ പ്രണയബന്ധത്തില്‍ നേരിടേണ്ടി വന്ന കടുത്ത 'നാര്‍സിസിസ്റ്റിക് അബ്യൂസി'നെക്കുറിച്ചും മാനസികാഘാതങ്ങളെക്കുറിച്ചും നടത്തിയ തുറന്നുപറച്ചിലുകള്‍ സിനിമാലോകത്ത് വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ ഒരുപോലെ ആരാധകരുള്ള താരം പങ്കാളിയുടെ പേര് നേരിട്ട് വെളിപ്പെടുത്തിയിരുന്നില്ല. എങ്കിലും, തമിഴ് നടന്‍ ധ്രുവ് വിക്രമുമായി താരം പ്രണയത്തിലായിരുന്നുവെന്ന ഗോസിപ്പുകള്‍ ശക്തമായി നിലനിന്നിരുന്നതിനാല്‍ സോഷ്യല്‍ മീഡിയയുടെ വിരല്‍ ചൂണ്ടിയത് ധ്രുവിന് നേരെയായിരുന്നു.
ഇതിനിടെ, തനിക്കെതിരെ ഉയരുന്ന വാദങ്ങളിലും ചര്‍ച്ചകളിലും തന്റേതായ രീതിയില്‍ പ്രതികരിച്ച് ധ്രുവ് വിക്രം രംഗത്തെത്തി. സ്വന്തം ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ വൈകുന്നേരത്തെ കടല്‍ത്തീരത്ത് തിരമാലകള്‍ അടിയുന്നതിന്റെയും കുട്ടികള്‍ കളിക്കുന്നതിന്റെയും ഒരു നിശബ്ദ വിഡിയോ ദൃശ്യമാണ് താരം പങ്കുവെച്ചത്. യാതൊരു അടിക്കുറിപ്പുകളോ വിശദീകരണങ്ങളോ ഇല്ലാതെ പങ്കുവെച്ച ഈ വീഡിയോയിലൂടെ, തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളോട് മൗനം പാലിക്കുക എന്ന നിലപാടാണ് ധ്രുവ് സ്വീകരിച്ചിരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ധ്രുവ് വിക്രം ഇന്‍സ്റ്റഗ്രാമില്‍ സജീവമല്ലെന്നതും ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് താരം അവസാനമായി ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ചത്, അതും 'ബൈസണ്‍' എന്ന തന്റെ പുതിയ സിനിമയുടെ ചിത്രീകരണ വിഡിയോയായിരുന്നു. നവാഗതനായ കരണ്‍ അര്‍വിന്ദ് കുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ വീണ്ടും സജീവമാകാന്‍ ഒരുങ്ങുന്നതിനിടെയാണ് ഈ വിവാദങ്ങള്‍ പുകയുന്നത്.
നേരത്തെ, അനുപമയും ധ്രുവ് വിക്രമും പ്രണയത്തിലാണെന്ന് സോഷ്യല്‍ മീഡിയ ചിത്രങ്ങളിലൂടെയും അടിക്കുറിപ്പുകളിലൂടെയും സൂചന ലഭിച്ചിരുന്നു. എന്നാല്‍ താന്‍ പ്രണയത്തകര്‍ച്ചയിലാണെന്ന് വ്യക്തമാക്കുന്നൊരു കുറിപ്പ് കഴിഞ്ഞ ജൂലൈയില്‍ അനുപമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഒപ്പം അനുപമയുടെ ഫോളോവിങ് ലിസ്റ്റില്‍ നിന്നും ധ്രുവിനെ നീക്കം ചെയ്തതോടെ ഇവരുടെ ബന്ധം അവസാനിച്ചുവെന്ന സംശയം ആരാധകര്‍ക്കിടയില്‍ ശക്തമായി. പങ്കാളിയില്‍ നിന്ന് നേരിടേണ്ടി വന്ന നിയന്ത്രണങ്ങളെയും മാനസിക സമ്മര്‍ദ്ദങ്ങളെയും കുറിച്ച് മാധ്യമപ്രവര്‍ത്തക ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനുപമ വിശദീകരിച്ചത്.
'ഒരുപാട് കാലമായി ഞാന്‍ പറയാന്‍ ആഗ്രഹിച്ച ഒരു കാര്യമുണ്ട്... ഒരുപാട് കാലം എനിക്ക് പറയാന്‍ അനുവാദമില്ലാതിരുന്ന ഒരു കാര്യം' എന്ന് തുടങ്ങുന്ന വാക്കുകളിലൂടെ സ്വാതന്ത്ര്യമില്ലാതിരുന്ന ബന്ധത്തില്‍ നിന്ന് പുറത്തുകടന്നതിന്റെ ആശ്വാസമാണ് താരം പങ്കുവെച്ചത്. താന്‍ നേരിട്ട നാര്‍സിസിസ്റ്റിക് അബ്യൂസിനെ വിക്രം തന്നെ നായകനായ 'അന്യന്‍' സിനിമയിലെ കഥാപാത്രങ്ങളോട് ഉപമിച്ചാണ് അനുപമ വെളിപ്പെടുത്തിയത്. ഒരു ദിവസം റെമോയെപ്പോലെ അമിത സ്‌നേഹവും കരുതലും നല്‍കുമെന്നും, അടുത്ത ദിവസം അന്യനെപ്പോലെ ക്രൂരമായ മുഖം കാണിക്കുമെന്നും, പിന്നീട് തെറ്റുകള്‍ക്ക് മാപ്പ് പറഞ്ഞ് അമ്പിയെപ്പോലെ കരഞ്ഞ് വീണ്ടും വലയിലാക്കുന്ന രീതിയായിരുന്നു പങ്കാളിയുടേതെന്നും താരം പറഞ്ഞു.
തന്റെ വസ്ത്രധാരണത്തിലും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും പങ്കാളി കര്‍ശനമായി ഇടപെട്ടിരുന്നുവെന്ന് അനുപമ കൂട്ടിച്ചേര്‍ത്തു. കരിയറിലെ വലിയ വിജയ ചിത്രങ്ങളിലൊന്നായ 'ഡ്രാഗണ്‍' പ്രൊമോഷനുകളില്‍ പോലും പങ്കടുക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. ഓരോ വസ്ത്രം ധരിക്കുന്നതിന് മുന്‍പും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിന് മുന്‍പും പങ്കാളിയുടെ അനുമതി വാങ്ങേണ്ടി വന്ന ആ കാലഘട്ടത്തില്‍ നിന്നുള്ള മോചനമാണ് അനുപമ ഇപ്പോള്‍ അനുഭവിക്കുന്നത്.