നടി കനക കഴിഞ്ഞ കുറച്ച് കാലങ്ങളായി സോഷ്യല്‍ മീഡിയയിലെ വലിയ ചര്‍ച്ചയാണ്. നടിയുടെ രൂപമാറ്റവും അടച്ച് പൂട്ടിയിട്ട പോലെ വീടിനുള്ളിലെ ജീവിതവുമൊക്കെ ഇടക്കിടെ തമിഴ് മാധ്യമങ്ങളിലടക്കം വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോളിതാ നടി കനകയെ നേരില്‍ കണ്ട് സംസാരിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടിയും ബാലതാരവുമായിരുന്ന കുട്ടി പത്മിനി.
കനകയുടെ അമ്മ ദേവികയുമായുള്ള അടുത്ത ബന്ധമാണ് കനകയെ നേരില്‍ കാണാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് കുട്ടി പത്മിനി പറഞ്ഞു. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം കനകയുമായി പിന്നീട് ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും അവര്‍ വ്യക്തമാക്കി.
ഏകദേശം ഒരു വര്‍ഷം മുന്‍പാണ് കനകയെ നേരില്‍ കാണാന്‍ പോയതെന്ന് കുട്ടി പത്മിനി പറഞ്ഞു. കനകയുടെ അമ്മ ദേവിക തന്നെ കുട്ടിക്കാലത്ത് ഏറെ സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നുവെന്നും അതുകൊണ്ടുതന്നെ കനകയുടെ അവസ്ഥയെക്കുറിച്ച് അറിഞ്ഞപ്പോള്‍ നേരിട്ട് കാണാതിരിക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ വ്യക്തമാക്കി.
'കനകയെ കാണാന്‍ പോയപ്പോള്‍ ഗേറ്റ് പൂട്ടിയിരുന്നു'
കനക താമസിച്ചിരുന്ന വീട്ടിലെത്തിയപ്പോള്‍ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നുവെന്ന് കുട്ടി പത്മിനി പറഞ്ഞു. സമീപവാസികള്‍ക്കും കനക എവിടെയാണെന്നോ എപ്പോള്‍ വരുമെന്നോ കൃത്യമായി അറിയില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു. കുറച്ചുനേരം കാത്തുനിന്നതിന് ശേഷമാണ് കനക ഓട്ടോറിക്ഷയില്‍ വീട്ടിലെത്തിയതെന്നും കുട്ടി പത്മിനി പറഞ്ഞു. കനകയുടെ രൂപത്തിലും ജീവിതരീതിയിലും വലിയ മാറ്റം ശ്രദ്ധിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ഇരുവരും ഒരു കോഫി ഷോപ്പിലിരുന്നാണ് സംസാരിച്ചതെന്നും കുട്ടി പത്മിനി പറഞ്ഞു.
കനകയുമായി സംസാരിച്ചപ്പോള്‍ അച്ഛന്‍ ചെയ്ത ചില കാര്യങ്ങള്‍ തന്നെ ഏറെ വേദനിപ്പിച്ചിട്ടുണ്ടെന്നാണ് കനക പറഞ്ഞതെന്ന് കുട്ടി പത്മിനി വെളിപ്പെടുത്തി. 'അക്കാ, അച്ഛന്‍ ചെയ്ത കാര്യങ്ങളില്‍ വല്ലാതെ മനസുടഞ്ഞുപോയി' എന്നാണ് കനക പറഞ്ഞതെന്ന് കുട്ടി പത്മിനി ഓര്‍ത്തെടുത്തു.
കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ വിഷമിക്കേണ്ടെന്നും ജീവിതത്തില്‍ നിന്ന് മുന്നോട്ടുപോകണമെന്നും താന്‍ കനകയോട് പറഞ്ഞതായി അവര്‍ പറഞ്ഞു. അച്ഛന്‍ ആവശ്യപ്പെട്ട സ്വത്ത് നല്‍കിയതോടെ ആ അധ്യായം അവസാനിപ്പിച്ച് സ്വന്തം ജീവിതത്തെക്കുറിച്ച് ചിന്തിക്കണമെന്നും ഉപദേശിച്ചതായും കുട്ടി പത്മിനി വ്യക്തമാക്കി.
'എന്ത് സഹായത്തിനും ഞാന്‍ കൂടെയുണ്ടാകും'
കനകയ്ക്ക് എന്ത് സഹായം വേണമെങ്കിലും ചെയ്യാമെന്ന് താന്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും കുട്ടി പത്മിനി പറഞ്ഞു. നിലവിലെ വീട് പൊളിച്ച് പുതിയ വീട് നിര്‍മിക്കാന്‍ സഹായിക്കണോ എന്നും, സ്ഥലം വിറ്റ് മറ്റൊരിടത്തേക്ക് മാറാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനും സഹായിക്കാമെന്നും താന്‍ പറഞ്ഞതായി അവര്‍ വ്യക്തമാക്കി. കനകയ്ക്ക് മറ്റ് സ്വത്തുക്കളും ഉണ്ടെന്നും എന്നാല്‍ അതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുപറയാന്‍ താല്‍പര്യമില്ലെന്നും കുട്ടി പത്മിനി പറഞ്ഞു.
'സര്‍ക്കാര്‍ എടുത്ത സ്ഥലത്തിന്റെ പണം കിട്ടിയില്ല'
സര്‍ക്കാര്‍ ഏറ്റെടുത്ത ഒരു സ്ഥലത്തിന്റെ പണം ലഭിക്കാനുണ്ടെന്ന് കനക പറഞ്ഞതായും കുട്ടി പത്മിനി പറഞ്ഞു. ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്താമെന്നും മുഖ്യമന്ത്രിയെ നേരിട്ട് കാണാന്‍ സഹായിക്കാമെന്നും താന്‍ പറഞ്ഞതായി അവര്‍ വ്യക്തമാക്കി.
'നീ വാ, മുഖ്യമന്ത്രിയുടെ അടുത്തേക്ക് ഞാന്‍ കൊണ്ടുപോകാം. എന്ത് സഹായത്തിനും ഞാനുണ്ട്. ഇത് എന്റെ കടമയാണ്,' എന്ന് കനകയോട് പറഞ്ഞതായും കുട്ടി പത്മിനി പറഞ്ഞു. വിദേശയാത്രകള്‍ നടത്തിയും ജീവിതം ആസ്വദിച്ചും മുന്നോട്ടുപോകണമെന്നും താന്‍ കനകയെ ഉപദേശിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
'ഒടുവില്‍ ഒരു ദിവസം വാട്‌സാപ്പില്‍ തമ്പ്‌സ് അപ് അയച്ചു'
കനകയോട് ഫോണ്‍ എടുക്കണമെന്നും മറ്റുള്ളവരെപ്പോലെ തന്നെയും വിശ്വസിക്കാതിരിക്കരുതെന്നും താന്‍ പറഞ്ഞിരുന്നതായി കുട്ടി പത്മിനി പറഞ്ഞു. പിന്നീട് ഒരിക്കല്‍ കനക വാട്‌സാപ്പില്‍ തമ്പ്‌സ് അപ് സന്ദേശം അയച്ചിരുന്നുവെന്നും അതിന് ശേഷം വീണ്ടും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നുവെന്നും അവര്‍ പറഞ്ഞു.
കനകയുമായി സംസാരിച്ചപ്പോള്‍ വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയതെന്നും, എന്നാല്‍ പിന്നീട് ബന്ധം തുടരാന്‍ സാധിച്ചില്ലെന്നും കുട്ടി പത്മിനി വ്യക്തമാക്കി. കനക ഒറ്റയ്ക്കാണ് കഴിയുന്നതെന്ന ആശങ്കയും തനിക്കുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.