വയനാട്ടില്‍ ഉരുള്‍പൊട്ടി നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്ന ദാരുണ വാര്‍ത്തയുടെ ഞെട്ടലിലാണ് ഇന്നലെ നേരം പുലര്‍ന്നത്. പിന്നീടങ്ങോട്ട് കണ്ണുചിമ്മാന്‍ പോലും നേരം കിട്ടാന്‍ സാധിക്കാത്ത വിധം മരണസംഖ്യങ്ങളും ദുരന്തത്തിന്റെ വ്യാപ്തിയും വ്യക്തമാക്കുന്ന വാര്‍ത്തകളും ദൃശ്യങ്ങളുമാണ് നമുക്ക് ലഭിച്ചത്. സൈന്യവും എന്‍ഡിആര്‍എഫ് സംഘങ്ങളും ചേര്‍ന്ന് ഇപ്പോഴും മണ്ണിനടിയില്‍പെട്ട നൂറു കണക്കിനു പേരെ രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലാണ്.
അതിനിടെയാണ് മാംഗല്യം സീരിയലിലെ അണിയറ പ്രവര്‍ത്തകനും ഉരുള്‍പൊട്ടലില്‍ ജീവന്‍ പൊലിഞ്ഞെന്ന വാര്‍ത്ത എത്തിയത്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയിലെ താരങ്ങള്‍ പ്രിയപ്പെട്ടവന്റെ ചിത്രം പങ്കുവച്ചുള്ള ആദരാഞ്ജലി കുറിപ്പുകളും ചിത്രങ്ങളും പങ്കുവച്ചപ്പോഴാണ് മറ്റുള്ളവരും ഇക്കാര്യം അറിഞ്ഞത്.
ഉരുള്‍പൊട്ടല്‍ വ്യാപക നാശം വിതച്ച മുണ്ടക്കൈ പുഞ്ചിരിവട്ടത്തെ ഷിജു എന്ന 25കാരനാണ് ദാരുണ വിയോഗം സംഭവിച്ചത്.ഷിജു സീരിയല്‍ ഷൂട്ടിങ് കാമറാരംഗത്ത് പ്രവര്‍ത്തിക്കുന്നു.ഷിജുവിന്റെ അമ്മയും മരണത്തിനു കീഴടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഷിജുവിന്റെ വിദേശത്തുള്ള ഒരു ചേട്ടനും സമീപത്തെ റിസോര്‍ട്ടില്‍ ജോലി ചെയ്യാന്‍ പോയതിനാല്‍ ഇളയ സഹോദരന്‍ ജിബിന്‍ എന്നിവര്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത്. മൂത്തചേട്ടനായ ജിനു, ഗര്‍ഭിണിയായ ഭാര്യ പ്രിയങ്ക, സഹോദരി ആന്‍ഡ്രിയ, മുത്തശ്ശി നാഗമ്മ എന്നിവരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഷിജുവിന്റെയും അമ്മയുടേയും മൃതദേഹം മാത്രമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
രണ്ടു വര്‍ഷം മുന്‍പ് ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഷിജുവിന്റെ കുടുംബം ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. അന്ന് ഉണ്ടായ സംഭവത്തില്‍ വീടിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു. എങ്കിലും ഷിജുവും കുടുംബവും വലിയ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പിന്നാലെയാണ് ഇത്തവണ വീടും ജീവനും മുഴുവന്‍ കവര്‍ന്ന് ദുരന്തമെത്തിയത്. അതേസമയം, വിവരമറിഞ്ഞ് നെഞ്ചുപൊട്ടി വിദേശത്തുള്ള ചേട്ടന്‍ നാട്ടിലേക്ക് യാത്രതിരിച്ചിട്ടുണ്ട്. ഇന്നലെ മുതല്‍ വയനാടില്‍ മഴ കനത്തു പെയ്യുമെന്നും സൂക്ഷിക്കണമെന്നുമുള്ള മുന്നറിയിപ്പും വാര്‍ത്തയുമൊക്കെ വന്നതൊടെ ജോലി സ്ഥലത്തും താമസസ്ഥലത്തുമൊക്കെ കടുത്ത അസ്വസ്ഥതയിലായിരുന്നു.
ആറു മാസം മുമ്പ് വിദേശത്തേക്ക് പോയ ചേട്ടന്‍ ലോണെടുത്തും മറ്റുമായിരുന്നു പുതിയ വീട് പണിതത്. ആ വീട് അടക്കം ഉരുള്‍പൊട്ടലില്‍ നശിച്ചുപോയിട്ടുണ്ട്. ഉരുള്‍പൊട്ടിയെന്ന വാര്‍ത്ത കേട്ട് പ്രിയപ്പെട്ടവരുടെ മുഴുവന്‍ ഫോണുകളില്‍ വിളിച്ചെങ്കിലും ആരും കോള്‍ എടുത്തില്ല. തുടര്‍ന്ന് കടുത്ത നിരാശയിലും ഭയപ്പാടിലുമാണ് പ്രിയപ്പെട്ടവരുടെ വിയോഗമറിയാതെ ജിഷ്ണു നാട്ടിലേക്ക് തിരിച്ചത്.
കാലാവസ്ഥാ മുന്നറിയിപ്പ് വന്നപ്പോള്‍ പരിഭ്രാന്തിയോടെ നടന്ന യുവാവിനോട് കാര്യം തിരക്കിയ സഹപ്രവര്‍ത്തകരോട് നാട്ടില്‍ മുന്‍പ് നടന്ന പ്രകൃതി ദുരന്തവും വീട് തകര്‍ന്ന സംഭവുമൊക്കെ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. കൂടപ്പിറപ്പുകളും മാതാപിതാക്കളുമൊക്കെ സുരക്ഷിതരാണോ, അവരെല്ലാം എവിടെയാണുളളതെന്നും മറ്റുമുള്ള എന്തെങ്കിലും വിവരം അറിയാന്‍ വഴി തേടുകയാണ് ജിഷ്ണുവിനൊപ്പം സഹപ്രവര്‍ത്തകരും കൂട്ടുകാരും.