Latest News

സൈബര്‍ തട്ടിപ്പിലൂടെ പണം കവര്‍ന്ന കേസില്‍ ബിഗ് ബോസ് താരം അറസ്റ്റില്‍; ബിഗ് ബോസ് സീസണ്‍ 4ലെ റണ്ണറപ്പായിരുന്ന ബ്ലെസ്ലി എന്ന മുഹമ്മദ് ഡിലിജന്റിനെ അറസ്റ്റു ചെയ്തത് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം; സൈബര്‍ തട്ടിപ്പിലൂടെ മോഷ്ടിച്ച പണം ക്രിപ്റ്റോ കറന്‍സിയാക്കി ചൈനയിലേക്ക് കടത്താന്‍ ഒത്താശ ചെയ്തത് ബ്ലെസ്ലിയെന്ന് പോലീസ് 

Malayalilife
 സൈബര്‍ തട്ടിപ്പിലൂടെ പണം കവര്‍ന്ന കേസില്‍ ബിഗ് ബോസ് താരം അറസ്റ്റില്‍; ബിഗ് ബോസ് സീസണ്‍ 4ലെ റണ്ണറപ്പായിരുന്ന ബ്ലെസ്ലി എന്ന മുഹമ്മദ് ഡിലിജന്റിനെ അറസ്റ്റു ചെയ്തത് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം; സൈബര്‍ തട്ടിപ്പിലൂടെ മോഷ്ടിച്ച പണം ക്രിപ്റ്റോ കറന്‍സിയാക്കി ചൈനയിലേക്ക് കടത്താന്‍ ഒത്താശ ചെയ്തത് ബ്ലെസ്ലിയെന്ന് പോലീസ് 

സൈബര്‍ തട്ടിപ്പിലൂടെ പണം തട്ടിയ കേസില്‍ ബിഗ് ബോസ് താരം അറസ്റ്റില്‍. ബിഗ് ബോസ് സീസണ്‍ 4ലെ റണ്ണറപ്പായിരുന്ന ബ്ലെസ്ലി എന്ന മുഹമ്മദ് ഡിലിജന്റിനെയാണ് പ്രത്യേക ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തത്. കാക്കൂര്‍ സ്വദേശിയായ യുവാവില്‍ നിന്നും സൈബര്‍ തട്ടിപ്പു വഴി പണം തട്ടിയ കേസിലാണ് ബ്ലെസ്ലി അറസ്റ്റിലായത്. സൈബര്‍ തട്ടിപ്പിലൂടെ സ്വന്തമാക്കിയ ആറ് ലക്ഷം രൂപ ക്രിപ്റ്റോ കറന്‍സിയാക്കി ചൈനയിലേക്ക് കടത്താന്‍ സഹായിച്ചത് ബ്ലെസ്ലിയാണ് എന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞത്. ഇതോടെ കാക്കൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിഗ് ബോസ് താരത്തെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 

ഗുരുതരമായ സൈബര്‍ ക്രൈം കോഴിക്കോട് റൂറല്‍ മേഖലിയല്‍ നടക്കുന്നുണ്ടായിരുന്നു. ഇതോടെ കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ്ചന്ദ്രയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണ ചുമതല. ജാര്‍ഖണ്ഡിലെ ആദിവാസി മേഖലയിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അടക്കമായിരുന്നു ആദ്യം പണം പോയിരുന്നത്. അവിടുത്തെ ആദിവാസികളെ മുന്നില്‍ നിര്‍ത്തി തട്ടിപ്പു നടത്തിയത് വന്‍ സംഘമായിരുന്നു. 

കാക്കൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പുരോഗമിക്കവേ സൈബര്‍ ക്രിമിനലുകല്‍ തട്ടിപ്പു പണം ക്രിപ്റ്റോ കറന്‍സിയാക്കി ചൈനയിലേക്കും കംബോഡിയയിലേക്കും കടത്തുന്നതും ശ്രദ്ദയില്‍ പെട്ടിരുന്നു. അവിടെ ഉപയോഗിച്ച ഡിവൈസുകള്‍ വരെ പോലീസ് സംഘം കണ്ടെത്തിയിരുന്നു. എന്നാല്‍, രാജ്യത്തിന് പുറത്തുള്ള കാര്യമായതിനാല്‍ അന്വേഷണം സാധ്യമായിരുന്നില്ല. കാക്കൂരിലെ ആറ് ലക്ഷം തട്ടിയെടുത്ത കേസിലെ അന്വേഷണത്തില്‍ ബംഗളുരുവിലെ അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് കണ്ടെത്തി. ഇവിടെ ഇരിട്ടി സ്വദേശിയായ ആദില്‍ എന്നയാളുടെ അക്കൗണ്ടിലാണ് പണം എത്തിയിരുന്നത്. ഇവിടെ നിന്നും ചെക്ക് വഴി പണം പിന്‍വലിക്കുകയായിരുന്നു. ഈ അക്കൗണ്ട് മാനേജ് ചെയ്തിരുന്നത് ബ്ലെസ്ലിയും സഹദ് എന്നയാളുമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. തട്ടിയെടുത്ത് ആറ് ലക്ഷം രൂപ ക്രിപ്റ്റോ കറന്‍സിയിലേക്ക് മാറ്റാനാണ് ബ്ലെസ്ലി സഹായിച്ചത്. 

ബിഗ്ബോസ് താരത്തിലേക്ക് നീങ്ങിയപ്പോള്‍ ഇയാള്‍ ചൈനയിലായിരുന്നു. തുടര്‍ന്ന് ബ്ലെസലിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച പോലീസ് കാക്കൂര്‍ പോലീസില്‍ എത്തിച്ച് താരത്തെ കസ്റ്റഡിയില്‍ എടുക്കുകയാണ ്ഉണ്ടായത്. സൈബര്‍ തട്ടിപ്പിന്റെ സൂത്രധാരന്‍മാര്‍ അടങ്ങിയ റാക്കറ്റ് വളരെ വലുതാണ് എന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്ന കാര്യം. കേരള പോലീസിന്റെ ഓപ്പറേഷന്‍ സീ-ഹണ്ടില്‍ ഒരു ദിവസം കൊണ്ട് മാത്രം 250-ലധികം മലയാളികളെ പിടികൂടിയിരുന്നു. സൈബര്‍ തട്ടിപ്പിനെതിരേ അന്വേഷണ ഏജന്‍സികള്‍ പ്രതിരോധ കോട്ട കെട്ടുമ്പോഴും രാജ്യത്ത് നഷ്ടമാകുന്ന പണത്തിന്റെ 10 ശതമാനത്തില്‍ താഴെ മാത്രമേ വീണ്ടെടുക്കാന്‍ കഴിയുന്നുള്ളൂ. ഇതു കൂടുതല്‍പ്പേര്‍ തട്ടിപ്പിനിറങ്ങാന്‍ കാരണമാകുന്നു. വാടകയ്ക്ക് അക്കൗണ്ടുകള്‍ നല്‍കി കമ്മിഷന്‍ പറ്റുന്ന സംഘങ്ങളിലും വ്യാജ ട്രേഡിങ് ആപ്പുകള്‍ നിര്‍മിച്ച് കോടികള്‍ തട്ടുന്നവരിലും മലയാളികളുണ്ട്. നേരത്തേ ഉത്തരേന്ത്യക്കാര്‍ മലയാളികളെ തട്ടിപ്പിനിരയാക്കിയെങ്കില്‍ ഇപ്പോള്‍ മലയാളികളുടെ വലയില്‍ ഉത്തരേന്ത്യക്കാരും വീഴുന്നുണ്ട്. 

തട്ടിപ്പ് പണം എത്തുന്നത് കൂടുതലും വിദ്യാര്‍ഥികളുടെ അക്കൗണ്ടുകളിലേക്കാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. വിവിധ കോളേജുകളില്‍ പഠനം നടത്തുന്ന പ്രതികള്‍ അക്കൗണ്ടിലെത്തുന്ന പണം പിന്‍വലിച്ച് തട്ടിപ്പ് സംഘത്തിന് കൈമാറുകയാണ് ചെയ്തിരുന്നത്. ഓരോ തവണയും അക്കൗണ്ടിലെത്തുന്ന തട്ടിപ്പ് പണം എടിഎം വഴി പിന്‍വലിച്ച് തട്ടിപ്പ് സംഘത്തിന് കൈമാറുമ്പോള്‍ പതിനായിരങ്ങളാണ് കമ്മിഷന്‍ ലഭിക്കുക. സുഹൃത്തുക്കളുടെ ബാങ്ക് അക്കൗണ്ടുകളും പ്രതികള്‍ തട്ടിപ്പിനായി ഉപയോഗിച്ചിട്ടുണ്ട്. ഗെയിമിങ്ങിലൂടെ പണം ലഭ്യമാക്കാമെന്ന് കബളിപ്പിച്ചാണ് തട്ടിപ്പ് സംഘം വിദ്യാര്‍ഥികളെ സമീപിക്കുന്നത്. കാര്യമായ പണം കൈമാറ്റം നടക്കാത്ത ഒരു ബാങ്ക് അക്കൗണ്ടില്‍ പെട്ടെന്ന് അഞ്ച് ലക്ഷം രൂപയെത്തുന്നു. നിമിഷങ്ങള്‍ക്കകം അത് പിന്‍വലിക്കുന്നു. ഇതില്‍ അസ്വാഭാവികത തോന്നിയ പോലീസ് അക്കൗണ്ട് വിവരങ്ങള്‍ തേടി ഇറങ്ങി. അന്വേഷണത്തിലാണ് ഇത് വാടക അക്കൗണ്ട് (മ്യൂള്‍ അക്കൗണ്ട്) ആണെന്ന് ഉറപ്പിച്ചത്.

മൂന്നുമാസത്തെ നിരീക്ഷണം 
മൂന്നുമാസം നീണ്ട നിശ്ശബ്ദ നിരീക്ഷണത്തിന് ഒടുവിലാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. പതിവില്‍നിന്നു വിപരീതമായി പരാതി ലഭിച്ച ശേഷമായിരുന്നില്ല അറസ്റ്റ്. നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍നിന്നു ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച സീസണുകളില്‍ ഒന്നായിരുന്നു സീസണ്‍ നാലിലെ റണ്ണറപ്പാണ് ബ്ലെസ്ലി. ഗായകന്‍, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ നന്നേ ചെറുപ്പത്തില്‍ തന്നെ അറിയപ്പെട്ട് തുടങ്ങിയ താരമാണ് ബ്ലെസ്ലി. ബിഗ് ബോസിന് ശേഷം വിദേശ രാജ്യങ്ങളിലടക്കം ബ്ലെസ്ലി ഷോകള്‍ അവതരിപ്പിച്ചിരുന്നു.

cyber fraud suspects

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES