ഇക്കഴിഞ്ഞ ഒന്നൊന്നര രണ്ടു മാസമായി തെരഞ്ഞെടുപ്പ് ചൂടിന്റെയും പോരാട്ടത്തിന്റെയും ആവേശത്തിലായിരുന്നു കേരളം മുഴുവന്‍. വിജയം മുന്നില്‍കണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ നിരവധി മത്സരാര്‍ത്ഥികളെ മുന്നിലേക്ക് വച്ചു. അക്കൂട്ടത്തില്‍ ഏറ്റവും ആദ്യം ജനശ്രദ്ധ നേടിയ പെണ്‍കുട്ടിയായിരുന്നു 24കാരി വൈഷ്ണ സുരേഷ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വൈഷ്ണയെ എത്തിച്ചപ്പോള്‍ വിജയ പ്രതീക്ഷകള്‍ നേരിയ തോതില്‍ മാത്രമായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ മുന്നോട്ടു പോയപ്പോള്‍ വൈഷ്ണയ്ക്കെതിരെ ശത്രുക്കള്‍ രംഗത്തിറങ്ങിയപ്പോള്‍ അവരുടെ പരിശ്രമങ്ങള്‍ അന്‍പെ പരാജയപ്പെടുത്തി അവള്‍ വിജയിച്ചു കയറുകയായിരുന്നു. മുട്ടടയുടെ ജനഹൃദയങ്ങളിലേക്കാണ് വിജയിച്ചു കയറിയ 24കാരിയുടെ യഥാര്‍ത്ഥ ജീവിത കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
മുട്ടടയില്‍ ജനിച്ചുവളര്‍ന്ന പെണ്‍കുട്ടിയാണ് വൈഷ്ണ. അച്ഛന്റെ കുടുംബവീടായ ഇവിടെയായിരുന്നു കുട്ടിക്കാലം. എന്നാല്‍ ഇപ്പോള്‍ അച്ഛനും അമ്മയ്ക്കും ഒപ്പം തൊട്ടടുത്തു തന്നെയുള്ള അമ്പലമുക്കില്‍ വാടകയ്ക്കാണ് വൈഷ്ണ താമസിക്കുന്നത്. തികച്ചും സാധാരണക്കാരായ കുടുംബം. കുട്ടിക്കാലം മുതല്‍ക്കെ പഠിക്കാനും സ്പോര്‍ട്സിലും സംഗീതത്തിലും എല്ലാം മിടുക്ക് തെളിയിച്ചിരുന്ന വൈഷ്ണയ്ക്ക് രാഷ്ട്രീയ പ്രവര്‍ത്തനവും ഉണ്ടായിരുന്നു. പഠനകാലത്തു തന്നെ കെഎസ്.യുവിന്റെ കൊടിപിടിച്ച് വൈഷ്ണ ഇറങ്ങിയപ്പോള്‍ മിടുക്കിയായി തന്നെ അവള്‍ വളര്‍ന്നു വരികയായിരുന്നു. പഠനകാലത്ത് സ്‌കൂളിലും കോളേജിലും എല്ലാം തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥിയായും മത്സരിച്ചിരുന്നു. തിരുവനന്തപുരം ഗവ. വനിതാ കോളജിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായിരുന്ന വൈഷ്ണ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. അങ്ങനെയാണ് കെഎസ്.യു തിരുവനന്തപുരം ജില്ലാ വൈസ്പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടത്.
തന്റെ പഠനത്തിന് ഫീസും മറ്റും അടയ്ക്കുന്നതിന് വീട്ടുകാരെ ഒരിക്കല്‍ പോലും ബുദ്ധിമുട്ടിച്ചിട്ടില്ല വൈഷ്ണ. പഠനത്തിനിടെയുള്ള ടെക്നോപാര്‍ക്കില്‍ ജോലിയും കഷ്ടപ്പാടുമെല്ലാം അതിനുള്ളതായിരുന്നു. ജോലി ചെയ്യുന്നതിനോടൊപ്പം തന്നെ ടെക്നോപാര്‍ക്ക് ജീവനക്കാരിയുമായ വൈഷ്ണ തിരുവനന്തപുരത്തെ പേരൂര്‍ക്കട ലോ കോളേജിലെ നിയമ വിദ്യാര്‍ത്ഥിനിയുമായിരുന്നു. ഇവിടെ പഠനം തുടരുന്നതിനോടൊപ്പം തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി ഈ മിടുക്കി. അതുമാത്രമല്ല, സംഗീതത്തിലും സ്പോര്‍ട്സിലും എല്ലാം കഴിവുതെളിയിച്ച വൈഷ്ണ വിവിധ ടിവി ചാനലുകളിലും പ്രധാന ഷോകളിലും എല്ലാം അവതാരകയായി തിളങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സമര വേദികളില്‍ സജീവമായ വൈഷ്ണ, കെഎസ്.യു വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമായിരുന്നു. ബാസ്‌ക്കറ്റ് ബോളില്‍ കഴിവു തെളിയിച്ച വൈഷ്ണ കര്‍ണാടക സംഗീതജ്ഞയും കഠിന കൃഷ്ണ ഭക്തയും കൂടിയാണ്.