Latest News

നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയല്ല അത് ഗതികേട് കൊണ്ട് ചെയ്തതാണ്; യൂട്യൂബറെ വീട്ടില്‍ കയറി തല്ലിയ സംഭവത്തില്‍ ദിയ സനയുടെ പ്രതികരണം

Malayalilife
നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയല്ല അത് ഗതികേട് കൊണ്ട് ചെയ്തതാണ്; യൂട്യൂബറെ വീട്ടില്‍ കയറി തല്ലിയ സംഭവത്തില്‍ ദിയ സനയുടെ പ്രതികരണം

ബിഗ്‌ബോസിലെത്തിയതോടെയാണ് ദിയ സന എന്ന ആക്ടിവിസ്റ്റിനെ മലയാളികള്‍ കൂടുതല്‍ അടുത്തറിഞ്ഞു തുടങ്ങിയത്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കും ട്രാന്‍സ്‌ഡെന്‍ഡര്‍സിന്റെ സംരക്ഷണത്തിനുമായിട്ടൊക്കെ പ്രവര്‍ത്തിക്കുന്ന ആളാണ് ദിയ. കഴിഞ്ഞ ദിവസം സ്ത്രീകളെ അധിക്ഷേപിച്ചു കൊണ്ട് യൂ ട്യൂബര്‍ വിജയ് പി. നായര്‍ പോസ്റ്റ് ചെയ്ത അശ്ലീല വീഡിയോകള്‍ക്കെതിരെ കടുത്ത തിരിച്ചടി ദിയസന, ഭാഗ്യലക്ഷ്മി എന്നിവര്‍ നടത്തിയിരുന്നു. വിജയുടെ ഓഫീസിലെത്തി കരി ഓയില്‍ ഒഴിക്കുകയും അയാളെ ഇവര്‍ തല്ലുകയും ചെയ്യുന്ന വീഡിയോ ഏറെ വൈറലായിരുന്നു. ഇതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളും പിന്തുണയും ഇവര്‍ നേരിട്ടു.ഇപ്പോള്‍ ദിയ സനയുടെ പുതിയ പോസ്റ്റാണ് വൈറലായി മാറുന്നത്.

ദിയയുടെ വാക്കുകള്‍ ഇങ്ങനെ

സുഹൃത്തുക്കളേ, ആദ്യമേ തന്നെ പറയട്ടെ, നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഒരു വ്യക്തിയല്ല ഒരിക്കലും ഞാന്‍. കഴിഞ്ഞ ദിവസമുണ്ടായ പ്രതികരണത്തെ ധൈര്യപ്രകടനമോ, പാഠം പഠിപ്പിക്കലോ ആയല്ല, മറിച്ച് ഗതികേടില്‍ നിന്നുമുണ്ടായ പ്രതികരണം എന്ന നിലയ്ക്കാണ് എല്ലാവരും മനസ്സിലാക്കേണ്ടത്. നിരന്തരമായ അവഹേളനങ്ങളും, ആക്രമണങ്ങളും അറിഞ്ഞും, അനുഭവിച്ചും ജീവിക്കേണ്ടി വരുന്ന സ്ത്രീയുടെ ഗതികേടില്‍ നിന്നുമുയര്‍ന്നു വന്ന പ്രതികരണമായിരുന്നു അത്!

ഞങ്ങള്‍ക്കും ജീവിക്കണം, ഈ സമൂഹത്തില്‍, സൈബര്‍ ഇടങ്ങളില്‍, അഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ചും, അവഹേളിക്കപ്പെടാതെയും, തുല്യതയര്‍ഹിക്കുന്ന മനുഷ്യരായിത്തന്നെ ഞങ്ങള്‍ക്ക് ജീവിക്കണം. അശ്ലീല പ്രചാരണങ്ങളിലൂടെയും, തെറിവിളികളിലൂടെയും നിരന്തരം അപമാനിക്കപ്പെടുന്നതിനെ എക്കാലവും സഹിക്കാനാവില്ല. സ്ത്രീകളെ, ട്രാന്‍സ്‌ജെന്‍ഡറുകളെ, തങ്ങളുടെ അളവുകോലുകള്‍ക്ക് പിടിക്കാത്ത ഏതൊരു മനുഷ്യനെയും അതീവ നിന്ദ്യമായ ഭാഷയിലൂടെ ആക്രമിക്കാം എന്ന് കരുതുന്ന വികൃതമനസ്സുകളെ സമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടേണ്ടതുണ്ട്. ശാരീരിക പ്രത്യേകതകളുടെ, നിറത്തിന്റെ, അവയവങ്ങളുടെ, ലൈംഗികതയുടെ, നിലപാടുകളുടെ ഒന്നും പേരില്‍ അപമാനിക്കപ്പെടേണ്ടവരല്ല ഞങ്ങള്‍ ഒരാളും!

നോക്കൂ, ഈ സൈബര്‍ ഇടങ്ങള്‍ക്ക് അപ്പുറവും വ്യക്തിജീവിതമുള്ളവരാണ് ഞങ്ങള്‍ ഓരോരുത്തരും. സമാധാനവും സന്തോഷവും ആഗ്രഹിക്കുന്നവരും, മടങ്ങിയെത്താന്‍ കാത്തിരിക്കുന്ന കുഞ്ഞുങ്ങളും, പ്രിയപ്പെട്ടവരും കൂടെയുള്ളവരുമാണ്. എല്ലാ ദിവസവും ഒരുകൂട്ടം സാമൂഹിക വിരുദ്ധരുടെ ലൈംഗിക വൈകൃതങ്ങളാല്‍ മുറിവേറ്റ് ഉറക്കം നഷ്ടപ്പെടേണ്ടവരല്ല ഞങ്ങളാരും. പ്രതികരിക്കുക തന്നെയാണ് ചെറുത്ത് നില്‍പ്പിനുള്ള പോംവഴി. എന്നാലതൊരിക്കലും നിയമം കയ്യിലെടുക്കാനുള്ള ആഹ്വാനമല്ല . ഗതികേടിന്റേതായ പ്രതികരണങ്ങള്‍ ആവര്‍ത്തിക്കപ്പേടെണ്ടതോ, മാതൃകയാക്കേണ്ടതോ ആയി കരുതുന്നില്ല.

ഒരാളെ അറസ്റ്റ് ചെയ്യുന്നത് കൊണ്ടോ, ആ വ്യക്തിയുടെ അശ്ലീല യൂട്യൂബ് അക്കൗണ്ട് നീക്കം ചെയ്യുന്നത് കൊണ്ടോ അവസാനിക്കുന്നതല്ല ഇതിന്റെ ലക്ഷ്യങ്ങള്‍. അശ്ലീല പ്രചാരണങ്ങള്‍ നടത്തുന്നവരെ, ഹീനമായ തരത്തില്‍ വ്യക്ത്യധിഷേപം നടത്തുന്നവരെ കാലതാമസം കൂടാതെ പിടികൂടാന്‍ കഴിയുന്ന ശക്തമായ സൈബര്‍ നിയമങ്ങളാണ് നമുക്ക് ആവശ്യം. ഇതൊരു ഗുരുതരമായ സൈബര്‍ കുറ്റകൃത്യമാണെന്നും, എവിടെ ഒളിച്ചിരുന്ന് ചെയ്താലും താന്‍ പിടിക്കപ്പെടുമെന്നും വന്നാല്‍ മാത്രമേ ഇത്തരം വികൃത മനസ്സുകള്‍ ഇതുപോലെയുള്ള പ്രവൃത്തികളില്‍ നിന്നും പിന്തിരിയുകയുള്ളൂ. അതിനു വേണ്ട ശ്രമങ്ങള്‍ നാം തുടരുക തന്നെ വേണം.ഇതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി ഞങ്ങളെ പിന്തുണ അറിയിക്കുകയും, ഐക്യദാര്‍ഢ്യപ്പെടുകയും, കൂടെ നില്‍ക്കുകയും ചെയ്ത ഒരുപാട് പേരുണ്ട്. അവരോട് എല്ലാവരോടുമുള്ള വളരെയധികം നന്ദിയും, സ്‌നേഹവും ഇവിടെ പങ്കു വയ്ക്കുന്നു.

Read more topics: # Diya Sana,# youtuber vijays issue
Diya Sanas response on youtuber vijays issue

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക