മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് സ്വാസിക വിജയ്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും എല്ലാം തന്നെ ഒരുപോലെ തിളങ്ങി നിൽക്കുകയാണ് താരം. സ്വാസിക പ്രേക്ഷകർക്ക് ഇടയിൽ സീത എന്ന പരമ്പരയിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. അമ-ത ടീവിയിലെ റെഡ് കാർപ്പറ്റ് എന്ന പരിപാടി അവതരിപ്പിക്കുന്നതും സ്വാസികയാണ്. എന്നാൽ ഇപ്പോൾ സീത എന്ന സീരിയലിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. വിവാഹത്തെക്കുറിച്ച് താരം പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
വീട്ടിൽ വിവാഹം ആലോചിക്കുന്നുണ്ട്. എന്റെ അച്ഛൻ ബഹ്റൈനിലാണ്. അദ്ദേഹം നാട്ടിൽ വരുമ്പോൾ എന്റെ വിവാഹം ഉണ്ടാകും എന്ന് ഒരു അഭിമുഖത്തിൽ ഞാൻ പറഞ്ഞിരുന്നു. മാട്രിമോണിയൽ സൈറ്റിൽ പ്രൊഫൈൽ കൊടുത്തിട്ടുണ്ട്. ഒരു വിവാഹാലോചന വന്നിരുന്നു. പക്ഷേ കോവിഡ് സമയമായതിനാൽ അച്ഛന് എത്താനായില്ല. വേറെയും ചില കാരണങ്ങളാൽ ആ വിവാഹം വേണ്ട എന്നു വച്ചു. ഇക്കാര്യം ചില സമൂഹമാധ്യമ പേജുകൾ പൊടിപ്പും തൊങ്ങലും വച്ച് പ്രചരിപ്പിച്ചു.
ഞാൻ ഏതെങ്കിലും സഹപ്രവർത്തകരുടെ ഒപ്പമുള്ള ഫോട്ടോയോ വിഡിയോയോ പങ്കുവച്ചാൽ ഗോസിപ്പുമായി ആളുകൾ വരും. മറ്റുള്ളവരുടെ ജീവിതത്തെ കുറിച്ച് നുണക്കഥകൾ പ്രചരിപ്പിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്റെ ജീവിതത്തിൽ വിവാഹം ഉണ്ടാകുമായിരിക്കും. പക്ഷേ നിലവിലെ സാഹചര്യത്തിൽ അത് ഉടനെയില്ല.
ട്രോളുകൾ ഞാൻ ആസ്വദിക്കാറുണ്ട്. പക്ഷേ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുണ്ടാക്കി, തെറ്റിദ്ധരിക്കപ്പെടുന്ന തലക്കെട്ടും കവർ ചിത്രവും കൊടുത്ത് പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. എന്റെ കാര്യം പോകട്ടെ എന്നു വെക്കാം. കാരണം വിവാഹ കാര്യമാണല്ലോ പ്രചരിപ്പിക്കുന്നത്. പക്ഷേ മറ്റു ചില താരങ്ങളുടെ മരണവാർത്ത, വിവാഹമോചനവും ഒക്കെ മോശം കാര്യങ്ങളായി പറഞ്ഞുണ്ടാക്കി പ്രചരിപ്പിക്കുകയാണ്. ഇതിനോട് യോജിക്കാനാവില്ല. ഇത്തരം കാര്യങ്ങൾ അവസാനിപ്പിക്കാനുള്ള നടപടികൾ ഉണ്ടാകണം. ഇന്ന് എന്റെ കല്യാണത്തെ കുറിച്ച് പറയുന്നു. നാളെ എന്നെ പറ്റി എന്ത് പറയും എന്ന് അറിയില്ല.