യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ ശേഷം നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ നടിയാണ് മേഘ്‌ന രാജ്. നടിയുടെ വിവാഹവും മറ്റും ആരാധക ശ്രദ്ധ നേടിയിരുന്നു. പിന്നാലെയാണ് ആരാധകരെ മുഴുവന്‍ കണ്ണീരിലാഴ്ത്തി നടി ഗര്‍ഭിണിയായിരിക്കെ ഹൃദയാഘാതം മൂലമുള്ള ഭര്‍ത്താവ് സര്‍ജയുടെ മരണം സംഭവിച്ചത്.
2018ല്‍ ആണ് ചിരജ്ജീവി സര്‍ജയുമായുള്ള മേഘ്‌നയുടെ പ്രണയ വിവാഹം നടന്നത്. രണ്ട് വര്‍ഷം സ്വപ്ന തുല്യമായ പ്രണയ ജീവിതമായിരുന്നു അവരുടേത്. മേഘ്‌ന മകന്‍ റായനെ നാല് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ചിരജ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. പിന്നീടുള്ള മേഘ്‌നയുടെ ജീവിതം ഒരു പോരാട്ടം തന്നെയായിരുന്നു. ആ മനോവിഷമത്തെ അതിജീവിച്ച മേഘ്‌ന മകന് വേണ്ടി മറ്റൊരു ജീവിതത്തിലേക്ക് പോലും കടക്കാതെ തന്റെ ജീവിതത്തിന്റെ സന്തോഷം മകനും അവന്റെ ജീവിതവുമാണെന്ന് തിരിച്ചറിഞ്ഞു ജീവിക്കുകയായിരുന്നു ഇത്രയും നാള്‍.
ഇപ്പോഴിതാ, നീണ്ട എട്ടു വര്‍ഷത്തെ ഇടവളേയ്ക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് മേഘ്ന. കന്നഡ തമിഴ് സിനിമകളിലെല്ലാം മേഘ്ന അഭിനയിച്ചിട്ടുണ്ടെങ്കിലും അഭിനയ പ്രാധാന്യമുള്ള നടിയെ ആരാധകര്‍ മുഴുവന്‍ തിരിച്ചറിഞ്ഞ ചിത്രങ്ങളെല്ലാം മലയാള സിനിമകളാണ്. അതുകൊണ്ടു തന്നെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രത്തിനായി തിരിച്ചു വരികയാണ് മേഘ്ന. ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരനും മേഘ്നയ്ക്കൊപ്പമുണ്ട്, ഇന്ദ്രജിത്തിനൊപ്പം നേരത്തെ ഒരു സിനിമ ചെയ്തിരുന്നു. മാത്രമല്ല, എട്ടു വര്‍ഷത്തിനു ശേഷം ഒരു മലയാള സിനിമയുടെ സെറ്റിലേക്ക് എത്തിയപ്പോള്‍ ഊഷ്മളമായ സ്വീകരണമാണ് നടിയ്ക്ക് ലഭിച്ചത്. വീട്ടിലേക്ക് തിരിച്ചെത്തിയത് പോലെയുള്ള സന്തോഷമാണ് തനിക്ക് തോന്നിയത് എന്നാണ് മേഘ്‌ന പറഞ്ഞിരിക്കുന്നത്.
നടിയുടെ വാക്കുകള്‍ ഇങ്ങനെയാണ്: ഞാന്‍ അഭിനയത്തിലേക്ക് തിരിച്ചുവരുന്നതില്‍ കുടുംബവും വളരെ സന്തോഷത്തിലാണ്. പക്ഷെ.. ഒറ്റക്കാര്യം മകനെ മിസ്സ് ചെയ്യും എന്നതാണ്. എന്തൊക്കെയായാലും ആദ്യത്തെ പ്രയോരിറ്റി മകന് തന്നെയാണ്. ഇപ്പോള്‍ റായന്‍ എന്റെ പാരന്റ്‌സിനൊപ്പം സെറ്റാണ്. അതുകൊണ്ട് വലിയ ടെന്‍ഷനില്ല എന്നാണ് മേഘ്‌ന പറഞ്ഞുവച്ചത്. മകന്റെ വിശേഷങ്ങളൊക്കെയായി മേഘ്‌ന സ്ഥിരം സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. മിനിസ്‌ക്രീനിലൂടെ തിരിച്ചുവരവ് നടത്തിയ മേഘ്‌ന ഇപ്പോള്‍ കന്നട സിനിമയില്‍ സജീവമായി വരികയാണ്. അതിനിടയിലാണ് മലയാളത്തിലേക്കും തിരിച്ചെത്തുന്ന സന്തോഷം പങ്കുവെച്ചത്. സുരേഷ് ഗോപിയുടെ പൊളിട്ടിക്കല്‍ ത്രില്ലര്‍ ചിത്രത്തിലേക്ക് ക്ഷണം വന്നപ്പോള്‍ മുതല്‍ മറുത്തൊന്നും ആലോചിച്ചില്ല എന്നാണ് മേഘ്‌ന പറഞ്ഞത്.
പിന്നീട് മലയാളത്തിന്റെ സ്വന്തം നടിയായി ബ്യൂട്ടിഫുള്‍, മമ്മറീസ് പോലുള്ള ചിത്രങ്ങളിലൂടെ മേഘ്‌ന തന്റെ അഭിനയ മികവുകൊണ്ട് അമ്പരപ്പിച്ചിരുന്നു. 2016 ല്‍ പുറത്തിറങ്ങിയ ഹല്ലേലൂയ എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ മേഘ്‌ന അഭിനയിച്ചത്. അതിന് ശേഷം കന്നട സിനിമയില്‍ സജീവമായ നടി വിവാഹത്തിന് ശേഷം ബ്രേക്കെടുത്തു. പിന്നീട് ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് നടി നീങ്ങിയത്. നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്.