ആസിഫ് അലി, അനശ്വര രാജന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം 75 കോടി ക്ലബ്ബിലേക്ക് കടന്നിരിക്കുകയാണ്. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രങ്ങളിലൊരാളായി എത്തിയത് മനോജ് കെ ജയന് ആയിരുന്നു. ലൊക്കേഷനിലേക്ക് ആദ്യമായെത്തുമ്പോള്‍ 75 കോടി നേടാന്‍ പോകുന്ന ചിത്രത്തിലേക്കാണ് കാലെടുത്ത് വെക്കുന്നതെന്ന് കരുതിയിലെന്ന് പറയുകയാണ് നടന്. ആദ്യ ഷോട്ടിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് നടന്റെ പ്രതികരണം.
'രേഖാചിത്രത്തില്‍ വക്കച്ചന് ആയി എന്റെ ആദ്യ ദിവസത്തെ ആദ്യ ഷോട്ട്. 75 കോടിയിലധികം കളക്ഷന്‍ നേടാന്‍ പോകുന്ന ഒരു ചിത്രത്തിലാണ് ഞാന്‍ അഭിനയിച്ചു തുടങ്ങുന്നത് എന്ന് അപ്പോള്‍ ഞാന്‍ കരുതിയില്ല,' മനോജ് കെ ജയന് പറഞ്ഞു. അതേസമയം റിലീസ് ചെയ്ത 25 ദിവസം കൊണ്ടാണ് സിനിമ ഈ നേട്ടം കൈവരിച്ചത്. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ കരിയറിലെ രണ്ടാമത്തെ 50 കോടി നേട്ടമാണ് രേഖാചിത്രം
കേരളത്തില്‍ മാത്രമല്ല ചെന്നൈ, ബാംഗ്ലൂര്‍ പ്രദേശങ്ങളിലും മികച്ച ബോക്സ് ഓഫീസ് പ്രതികരണമാണ് രേഖാചിത്രത്തിന് ലഭിക്കുന്നത്. വിദേശ രാജ്യങ്ങളിലും ചിത്രത്തിന് പ്രേക്ഷക - നിരൂപക പ്രശംസ ഏറെ ലഭിക്കുന്നുണ്ട്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളിയാണ് 'രേഖാചിത്രം' നിര്‍മ്മിച്ചത്. ജോഫിന്‍ ടി ചാക്കോ, രാമു സുനില്‍ എന്നിവരുടെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്.