സിനിമാ താര ദമ്പതികളെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ് സീരിയല്‍ ലോകത്തെ താരദമ്പതികളും. ബീനാ ആന്റണിയിലും മനോജിലും തുടങ്ങി മൃദുലയിലും യുവാ കൃഷ്ണയിലും എത്തിനില്‍ക്കുന്ന ഈ താരദാമ്പത്യങ്ങള്‍ക്കിടയില്‍ വേര്‍പിരിഞ്ഞവരും പരസ്പരം വേര്‍പെട്ടു കഴിയുന്നവരുമായും അനേകരുണ്ട്. അത്തരത്തിലുള്ള സന്തോഷവും സങ്കടവും നിറഞ്ഞ നിരവധി വാര്‍ത്തകള്‍ക്കിടയില്‍ ഇപ്പോഴിതാ, മറ്റൊരു താരദാമ്പത്യം കൂടി പിറക്കുവാന്‍ പോവുകയാണെന്ന സന്തോഷ വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്.
സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മിഴിരണ്ടിലും എന്ന സീരിയലിലെ നായികാ നായകന്മാരായി അഭിനയിച്ചിരുന്ന സഞ്ജുവിന്റെയും ലക്ഷ്മിയുടേയും പ്രണയവും വിവാഹവുമാണത്. യഥാര്‍ത്ഥ ജീവിതത്തില്‍ ഇവര്‍ സല്‍മാനുള്‍ ഫാരിസും മേഘാ മഹേഷുമാണ്. ബാലതാരമായി സീരിയല്‍ സിനിമാ രംഗത്തേക്ക് കടന്നു വന്ന മേഘാ മഹേഷ് നായികയായി അഭിനയിച്ച ആദ്യത്തെ പരമ്പരയായിരുന്നു മിഴിരണ്ടിലും.
ഇന്നലെയാണ് മേഘയും സല്‍മാനുള്ളും തങ്ങളുടെ വിവാഹ വാര്‍ത്ത ആരാധകരെ അറിയിച്ചത്. മിസ്റ്റര്‍ ആന്‍ഡ് മിസിസ്സ് സഞ്ജുവില്‍ നിന്നും മിസ്റ്റര്‍ ആന്‍ഡ് മിസിസ് സല്‍മാനുള്‍ ആയി ഞങ്ങള്‍ മാറിയിരിക്കുന്നു. ഇനി ജീവിതത്തിലെ എല്ലാഘട്ടങ്ങളും ഞങ്ങള്‍ ഒരുമിച്ചു തന്നെ. സുഖങ്ങളും ദുഃഖങ്ങളും സന്തോഷവും സമാധാനവും യാത്രകളും അങ്ങനെ അങ്ങനെ എല്ലാം ഞങ്ങള്‍ ഒരുമിച്ചു തന്നെ പുതിയ യാത്ര തുടങ്ങുന്നു എന്ന ക്യാപ്ഷ്യനോടെയാണ് ഇരുവരും സന്തോഷം പങ്കിട്ടത്.
2023ന്റെ തുടക്കത്തില്‍ സംപ്രേക്ഷണം ചെയ്തു തുടങ്ങിയ ഈ സീരിയലിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മുഴുവന്‍ ഇഷ്ടവും നേടിയെടുക്കുവാന്‍ മേഘയ്ക്ക് തന്റെ കഥാപാത്രത്തിലൂടെ കഴിഞ്ഞിരുന്നു. നീണ്ട മുടിയും ദാവണിയും ചുറ്റി എല്ലാ വൈകുന്നേരങ്ങളിലും മലയാളികളുടെ സ്വീകരണ മുറിയിലേക്ക് എത്തിയ മേഘയ്ക്ക് അന്ന് 17 വയസ് മാത്രമായിരുന്നു പ്രായം. ബാംഗ്ലൂരില്‍ ജനിച്ചു വളര്‍ന്ന മേഘയ്ക്ക് അച്ഛനും അമ്മയും അനുജനുമാണ് കുടുംബമായുള്ളത്.
അവരുടെ പൂര്‍ണ പിന്തുണയോടെയാണ് മേഘ മിഴിരണ്ടിലും സീരിയലിലേക്ക് എത്തിയത്. അങ്ങനെ സീരിയല്‍ ഷൂട്ടിംഗുകളും സോഷ്യല്‍ മീഡിയയില്‍ സഞ്ജു - ലെച്ചു കോമ്പോയുമൊക്കെ തകര്‍ക്കുന്നതിടെയാണ് ഇരുവരുടെയും മനസില്‍ പ്രണയവും മൊട്ടിടുന്നത്. അന്ന് മേഘയ്ക്ക് 17 വയസ് മാത്രമായിരുന്നു പ്രായം. അഭിനയവും പഠനവും ഒരുപോലെ മുന്നോട്ടു കൊണ്ടു പോകുന്നതിനിടെയാണ് ഷൂട്ടിംഗിന് ഒപ്പമെത്തുന്ന മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് പ്രണയവും തുടങ്ങിയത്. ഇത് ദിവസങ്ങളും മാസങ്ങളും പിന്നിടവേയാണ് അപ്രതീക്ഷിതമായി സീരിയലില്‍ നിന്നും നായകനായ സല്‍മാനുള്ളിനെ പുറത്താക്കിയത്. ഇത് ഈ പരമ്പരയുടെ സ്ഥിരം പ്രേക്ഷകരെ വലിയ രീതിയില്‍ വിഷമിപ്പിച്ചു.
പിന്നാലെ ഹൃദയം നുറുങ്ങുന്ന വേദനയോടെയും കണ്ണീരോടെയുമാണ് മേഘ സല്‍മാനുള്‍ തനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. നടിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 'പാച്ചുക്ക, കുറച്ചു പുറകോട്ട് ചിന്തിച്ചു നോക്കുക. എനിക്ക് ഒരു പാക്കറ്റ് ടിഷ്യൂ പേപ്പര്‍ വേണം. കാരണം എന്റെ കയ്യില്‍ ഉള്ളത് മുഴുവന്‍ തീര്‍ന്നുപോയി. നമ്മുടെ കഴിഞ്ഞ ഒരു വര്‍ഷക്കാലം ഈ 30 സെക്കന്‍ഡ് വീഡിയോയില്‍ ഞാന്‍ എഡിറ്റ് ചെയ്തിരിക്കുകയാണ്. നുറുങ്ങുന്ന ഹൃദയത്തോടെ ആണ് ഞാന്‍ ഇത് ചെയ്തിരിക്കുന്നത്. ഞാനെന്തുകൊണ്ടാണ് ഈ സംഭവത്തെക്കുറിച്ച് പ്രതികരിക്കാത്തത് എന്ന് ഒരുപാട് പേര്‍ ചിന്തിച്ചു കാണും. അതിനുള്ള കാരണം എന്താണെന്ന് വെച്ചാല്‍ എനിക്ക് ഇതുവരെ ഇത് ഉള്‍ക്കൊള്ളാന്‍ ആയിട്ടില്ല എന്നതാണ്. ഇതൊരിക്കലും ഒരു യാത്രയയപ്പ് പോസ്റ്റ് ആയി കാണരുത്. മറിച്ച് സ്വാഗതം ചെയ്യുവാനുള്ള പോസ്റ്റാണ്. നിങ്ങള്‍ക്ക് എന്റെ ജീവിതത്തില്‍ അത്രയേറെ പ്രാധാന്യം ഉണ്ട് പാച്ചുക്ക'' എന്നാണ് മേഘ പറഞ്ഞത്.
എന്നാല്‍ ആ വാക്കുകള്‍ക്കു പിന്നില്‍ ഇരുവരും തമ്മിലുള്ള പ്രണയമാണെന്ന് ആര്‍ക്കും തന്നെ തിരിച്ചറിയാന്‍ സാധിച്ചില്ല. പിന്നാലെ പരമ്പര അവസാനിക്കുകയും ചെയ്തു. അതിനു മാസങ്ങള്‍ക്കു ശേഷമാണ് മഴവില്‍ മനോരമയിലെ പൂക്കാലം എന്ന സീരിയലിലേക്ക് നായകനായി സല്‍മാനുള്‍ എത്തിയത്. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ മൂലം നടന് അതും ഉപേക്ഷിക്കേണ്ടി വന്നു. തുടര്‍ന്ന് ചികിത്സകളും മറ്റുമായി മുന്നോട്ടു പോകവേയാണ് ഇരുവരുടെയും പ്രണയ വാര്‍ത്തയും എത്തിയിരിക്കുന്നത്.
ഒടുവില്‍, ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും, സ്നേഹവും, കരുതലും, ആഘോഷങ്ങളും ഉയര്‍ച്ച താഴ്ചകളും, യാത്രകളും, മറ്റെല്ലാ കാര്യങ്ങളും ഒരുമിച്ച് എന്നെന്നേക്കുമായി പങ്കിടാന്‍ ഞങ്ങള്‍ തീരുമാനിച്ചു! എല്ലായ്‌പ്പോഴും ഞങ്ങളെ പിന്തുണയ്ക്കാന്‍ ഉണ്ടായിരുന്ന എല്ലാവര്‍ക്കും നന്ദി! നിങ്ങളെയെല്ലാം സ്നേഹിക്കുന്നു എന്നാണ് വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ച് സല്‍മാനുള്ളും മേഘയും കുറിച്ചത്. അതേസമയം, ഇപ്പോഴും വിശ്വസിക്കാന്‍ വയ്യ.. ഏതെങ്കിലും സീരിയല്‍ ഷൂട്ടിങ് ആണോ ഇതെന്നാണ് ആരാധകരുടെ ചോദ്യം. എന്നാല്‍ വിവാഹം കഴിഞ്ഞു എന്ന തരത്തിലാണ് ആശംസകള്‍ ലഭിക്കുന്നത്.
എന്‍ജിനീയര്‍ ആണ് സല്‍മാനുള്‍. അഭിനയരംഗത്തേക്ക് എത്തിയത് തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു. മിഴിരണ്ടിലും പരമ്പരയിലെ ഇരുവരുടേയും കോമ്പോകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ അവരെ സ്നേഹിച്ചിരുന്ന ആരാധകരുടെ സന്തോഷം ഇരട്ടിയായിട്ടുണ്ട്. കാരണം സ്‌ക്രീനിലെ നായകനും നായികയും ജീവിതത്തിലും ഒരുമിച്ചതില്‍ സന്തോഷം എന്നാണ് കമന്റുകള്‍ നിറയുന്നത്.