മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫൈസലിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത ആദിലയെയും നൂറയെയും അപമാനിച്ച സംഭവം വലിയ വിവാദമാവുകയാണ്. തന്റെ അറിവില്ലാതെയാണ് ഈ രണ്ടു പെണ്‍കുട്ടികള്‍ ചടങ്ങില്‍ പങ്കെടുത്തതെന്നും ഇവരെ സ്വീകരിച്ചതിന് ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞ് ഫൈസല്‍ മലബാര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതാണ് വിവാദങ്ങളുടെ തുടക്കം. ക്ഷണിച്ചു വരുത്തിയ ശേഷം അപമാനിക്കുന്നത് വളരെ മോശമാണെന്ന് നിരവധി പേരാണ് അഭിപ്രായപ്പെട്ടത്.
എന്നാല്‍ വിളിക്കാതെയല്ല ആദിലയും നൂറയും അവിടെ പോയതെന്നും ക്ഷണിച്ച് വരുത്തിയ ശേഷം ഇത്തരത്തില്‍ അപമാനിക്കുന്നത് വളരെ മോശം ആണെന്നും അവരോട് വിയോജിപ്പ് ഉണ്ടെങ്കില്‍ ക്ഷണിക്കാതിരിക്കാമായിരുന്നുവെന്നും പ്രതികരണങ്ങള്‍ ഉയര്‍ന്നിരുന്നു.
ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയാകുന്നതിനിടെയാണ് റെസ്മിന്റെ പ്രതികരണം. തനിക്ക് ഒരുപാട് ബഹുമാനവും സ്‌നേഹവും ഉള്ള വ്യക്തിയുടെ ഭാഗത്ത് നിന്നും ഇങ്ങനെ ഒരു കാര്യം വന്നതില്‍ ഒരുപാട് സങ്കടം ഉണ്ടെന്നാണ് റെസ്മിന്‍ പറയുന്നത്. തന്റടുത്ത് നിന്നാണ് ആദില നൂറയുടെ കോണ്‍ടാക്റ്റ് വാങ്ങി അവരെ കോണ്‍ടാക്റ്റ് ചെയ്തതെന്നും എന്നിട്ട് എന്തുകൊണ്ടാണ് ഫൈസല്‍ ഇക്ക ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടതെന്നും റെസ്മിന്‍ ഫേസ്ബുക്ക് ലൈവില്‍ പ്രതികരിച്ചു.
'ഭയങ്കര സങ്കടകരമായിട്ടുള്ള കാര്യം രാവിലെ തന്നെ കണ്ടു. വേറെ ഒന്നുമല്ല, ഞങ്ങള്‍ കഴിഞ്ഞ ദിവസം ഒരു പ്രോഗാമിന് പോയിരുന്നു. ഞാനും എന്റെ സീസണില്‍ ഉണ്ടായിരുന്ന നോറ, അതുപോലെ സീസണ്‍ 7ലെ ആദില നൂറയും ആയിട്ട് നമ്മുടെ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഫൈസല്‍ ഇക്കയുടെ ഗൃഹപ്രവേശനത്തിന് കോഴിക്കോട് പോയിട്ടുണ്ടായിരുന്നു. ഞങ്ങളെ ഇങ്ങട് വിളിച്ചു. ക്ഷണം അയച്ചു, ഒരുവിധം എല്ലാ മേഖലയില്‍ ഉള്ളവരും അവിടെ വന്നിട്ടുണ്ടായിരുന്നു. ഞങ്ങളെ വളരെയധികം നല്ല രീതിയില്‍ തന്നെയാണ് ട്രീറ്റ് ചെയ്തതും. നമ്മളെ കൊണ്ട് നടന്ന് ഓരോ സ്ഥലങ്ങളും എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ ത്രൂ ഔട്ട് ഒരാള്‍ കൂടെ ഉണ്ടായിരുന്നു. അതിലൊക്കെ ഒരുപാട് ഒരുപാട് സന്തോഷം.
പക്ഷേ ഇന്ന് രാവിലെ ഒരു എഫ്ബി പോസ്റ്റ് കണ്ടിരുന്നു. അതും നമ്മള്‍ പോയ ഫൈസല്‍ ഇക്കയുടെ എഫ്ബി പോസ്റ്റായിരുന്നു. വേറൊന്നുമല്ല, വീട്ടില്‍ വിളിച്ച് വരുത്തിയിട്ട് അപമാനിക്കുക എന്ന് പറയില്ലേ..എന്നെ അല്ല, എന്റെ സുഹൃത്തുക്കളെയാണ്. മനുഷ്യനെ മനുഷ്യനായി കാണാന്‍ പറ്റാത്ത ആള്‍ക്കാരാണെന്ന് അറിയുമ്പോള്‍ ഭയങ്കര സങ്കടം. ഒരിക്കലും ഫൈസലിക്കയുടെ അടുത്ത് നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ല. എനിക്ക് ഒരുപാട് ബഹുമാനവും ഒരുപാട് സ്‌നേഹവും ഉള്ളൊരു വ്യക്തി തന്നെയാണ് ഫൈസലിക്ക. പക്ഷേ ഫൈസലിക്കയുടെ ഭാഗത്ത് നിന്നും ഇങ്ങനെ ഒരു കാര്യം വന്നതില്‍ ഒരുപാട് ഒരുപാട് സങ്കടം ഉണ്ട്. ഈ ഒരു പോസ്റ്റ് കണ്ടതോടു കൂടി എല്ലാം പോയി. ഫൈസലിക്കാ, എനിക്ക് മനസ്സിലാകുന്നില്ല, ആദില നൂറ എന്ന് പറയുന്ന പെണ്‍കുട്ടികള്‍ ഒരുപാട് കഷ്ടപ്പെട്ട്, ഒരുപാട് സ്ട്രഗിള്‍ ചെയതാണ് അവര്‍ ഈ ഒരു പൊസിഷന്‍ വരെ എത്തിയത്.
നിങ്ങളാണ് അവരെ ക്ഷണിച്ചത്. എന്റടുത്ത് നിന്നാണ് അവരുടെ കോണ്‍ടാക്റ്റ് വാങ്ങി അവരെ കോണ്‍ടാക്റ്റ് ചെയ്തതും കോര്‍ഡിനേറ്റ് ചെയ്ത് ഞങ്ങള്‍ ഒരുമിച്ച് വന്നതും. എന്നിട്ട് എന്തുകൊണ്ടാണ് ഫൈസല്‍ ഇക്ക ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത്. അതായത് സമൂഹത്തില്‍ അംഗീകരിക്കുന്നില്ല, അല്ലെങ്കില്‍ വീട്ടുകാരെ അത്രയും ബുദ്ധിമുട്ടിച്ചു... പിന്നെ അവര്‍ എന്താ ചെയ്യേണ്ടത്. വീട്ടുകാര്‍ അംഗീകരിച്ചില്ല, എന്നും പറഞ്ഞ് അവര്‍ പോയി മരിക്കണോ ? സ്വന്തം മക്കളെ കൊല്ലാന്‍ പോലും മടിക്കാത്ത വീട്ടുകാരാണ് അവരുടേത്. അപ്പോള്‍ അങ്ങനെയുള്ള വീട്ടില്‍ നിന്നും ഓടി രക്ഷപ്പെടുക അല്ലാതെ അവിടെ തന്നെ അടിമകളെ പോലെ അവര്‍ പറയുന്നതും അനുസരിച്ച് താല്‍പ്പര്യം ഇല്ലാത്ത കല്യാണവും കഴിച്ച് രണ്ട് പേരുടെയും ജീവിതം തൊലിച്ച് നടക്കണോ..എനിക്കത് മനസ്സിലാകുന്നില്ല.
ഈ ഒരു ഇഷ്യൂ കണ്ടപ്പോള്‍ ഭയങ്കര സങ്കടം ഉണ്ട്. ഫൈസലിക്കയുടെ അടുത്ത് നിന്നും ഇത് ഒട്ടും ഒട്ടും പ്രതീക്ഷിച്ചിട്ടില്ല. ഇനി നിങ്ങളെ തിരുത്താനോ പറഞ്ഞ് മനസ്സിലാക്കാനോ ഞാന്‍ ആളല്ല. പക്ഷേ മനുഷ്യനെ മനുഷ്യനായി കണ്ടുകഴിഞ്ഞാല്‍ അത്രയും നല്ലത്. അത്രയെ പറയാനുള്ളുവെന്നാണ് റെസ്മിന്‍ പ്രതികരിച്ചത്.
ഇരുവര്‍ക്കും പിന്തുണയുമായി ബിഗ് ബോസ് സീസണ്‍ അഞ്ചിലെ വിന്നര്‍ അഖില്‍ മാരാരും രംഗത്തെത്തി
അഖിലിന്റെ വാക്കുകള്‍: ബിഗ് ബോസ് ഹൗസിനുള്ളില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ആദിലയെയും നൂറയെയും വീട്ടില്‍ കയറ്റില്ലെന്നുള്ള ലക്ഷ്മിയുടെ പരാമര്‍ശം. ഇതേതുടര്‍ന്ന് ലാലേട്ടന്‍ ഞാന്‍ ഇവരെ എന്റെ വീട്ടില്‍ കയറ്റും എന്ന് പറഞ്ഞത് കേരളത്തില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ബിഗ് ബോസുമായി ബന്ധപ്പെട്ട ഈ വര്‍ഷത്തെ ഏറ്റവും വലിയ ചര്‍ച്ചകളില്‍ ഒന്നായിരുന്നു ഇത്. വീട്ടില്‍ കയറ്റാമോ ഇല്ലയോ എന്ന ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ നടക്കുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ ഗൃഹ പ്രവേശന ചടങ്ങില്‍ ആദിലയ്ക്കും നൂറയ്ക്കും ക്ഷണം ലഭിക്കുകയാണ്. അവിടെ ഫൈസല്‍ എന്ന വ്യവസായിയുടെ മനസിന്റെ വലിപ്പമാണ് സമൂഹത്തിന് മുന്നില്‍ കാണിച്ചത്. സ്വാഭാവികമായും ആദിലയ്ക്കും നൂറയ്ക്കും ക്ഷണം ലഭിച്ചത് അനുസരിച്ച് അവര്‍ അവിടെ വന്നു പങ്കെടുത്ത ശേഷം പിറ്റേ ദിവസം അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാത്ത ഒരു വിഭാഗത്തിന്റെ വരവ് അദ്ദേഹത്തിന്റെ അറിവോടു കൂടിയായിരുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടൊപ്പം സമൂഹത്തോട് തെറ്റ് ചെയ്ത രണ്ടു പേര്‍ എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഈ പരാമര്‍ശങ്ങളോടു ള്ള എന്റെ വ്യക്തിപരമായ വിയോജിപ്പ് രേഖപ്പെടുത്തട്ടെ.
ആ വിയോജിപ്പ് ഞാന്‍ അദ്ദേഹത്തെ നേരിട്ട് അറിയിക്കുകയാണ്. ഫൈസലിക്ക നിങ്ങള്‍ വളരെ നല്ല മനുഷ്യനാണെന്ന് എനിക്ക് വ്യക്തിപരമായി അറിയാം. എല്ലാവരെയും സ്നേഹിക്കുന്ന, കയ്യിലുള്ള പൈസ മറ്റുള്ളവരുടെ കയ്യിലേക്ക് എത്താന്‍ ആഗ്രഹിക്കുന്ന ഒരു മനുഷ്യനാണ് അദ്ദേഹം. ഈയൊരു വിഷയത്തില്‍ മാത്രം അദ്ദേഹത്തോട് ചോദിക്കുകയാണ്. സമൂഹത്തിനു മുന്നില്‍ ആദിലയും നൂറയും എങ്ങനെയാണ് തെറ്റുകാരാവുന്നത്. രണ്ട് പെണ്‍കുട്ടികള്‍ അവര്‍ക്ക് ഇഷ്ടമുള്ളതു പോലെ ജീവിക്കുന്നു എന്നത് രാജ്യത്ത് നിയമപരമായി തെറ്റല്ല. ഞാന്‍ ഇത്തരം ജീവിത രീതികളെ പ്രോത്സാഹിപ്പിക്കുന്ന ആളല്ല. ഇത്തരം ആശയങ്ങളോട് എനിക്ക് വ്യക്തിപരമായി തീരെ യോജിപ്പില്ല.
എന്നാല്‍ ഈ രണ്ടു പെണ്‍കുട്ടികളെയും ക്ഷണിച്ചു വരുത്തിയ ശേഷം അപമാനിച്ചുവിട്ട രീതി ഒരു കാരണവശാലും അംഗീകരിക്കാന്‍ പറ്റുന്നതല്ല. ഇക്കാര്യത്തില്‍ ഫൈസല്‍ കൃത്യമായ ഒരു മറുപടി ഫേസ്ബുക്കിലൂടെ നല്‍കണം. താങ്കളുടെ മാനേജര്‍മാര്‍ വിളിച്ചിട്ടാണ് ആ പെണ്‍കുട്ടികള്‍ വന്നത്. താങ്കളുടെ അറിവോടുകൂടിയല്ല അവര്‍ വന്നിട്ടുള്ളത് എങ്കില്‍ മാനേജര്‍മാരെ ആ ജോലിയില്‍ നിന്ന് പിരിച്ചു വിടണം.
മലബാര്‍ ഗോള്‍ഡിന്റെ ലാലേട്ടന്‍ ഉള്‍പ്പെടെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുള്ള സെലിബ്രിറ്റികളാണ് അവര്‍. ഈയൊരു വിഷയത്തില്‍ ആദിലയ്ക്കും നൂറയ്ക്കും ഒപ്പമാണ് ഞാന്‍ നില്‍ക്കുന്നത്. അവര്‍ക്കുണ്ടായ വിഷമത്തില്‍ ഒരു ജേഷ്ട സഹോദരനെ പോലെ പങ്കാളിയാവുകയാണ്. ഈ ചടങ്ങില്‍ എന്നെയും നേരിട്ട് ക്ഷണിച്ചിട്ടുള്ളതായിരുന്നു. ഞാന്‍ ഈ പരിപാടിയില്‍ പങ്കെടുത്തില്ല. അതിന്റെ കാരണം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. പരിപാടിയില്‍ നടന്ന ചില വിവേചനങ്ങള്‍ ആണ് അവിടെ പോകുന്നതില്‍ നിന്ന് എന്നെ വിലക്കിയത്.
ഫൈസല്‍ മലബാര്‍ ദുബായില്‍ ഒരു പ്രോഗ്രാമിന് വിളിക്കുകയും എനിക്കന്ന് പറഞ്ഞ പൈസ തരാതെ കുറച്ചു പൈസ പോക്കറ്റില്‍ കൊണ്ടുവന്ന് ഇട്ടപ്പോള്‍ ഇതാ നിങ്ങളുടെ പൈസ എന്ന് പറഞ്ഞ് തിരിച്ചുകൊടുത്ത്് അദ്ദേഹത്തോട് വളരെ മോശമായി ഞാന്‍ സംസാരിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹത്തെ എനിക്ക് വ്യക്തിപരമായി ഇഷ്ടമാണ്. അദ്ദേഹത്തിന്റെ പ്രാഞ്ചിയേട്ടന്‍ സ്വഭാവത്തെ ആക്രമിച്ചുകൊണ്ട് ഒരു വിഭാഗം അദ്ദേഹത്തെ കൂട്ടമായി ആക്രമിക്കുന്നതിനോട് യോജിപ്പില്ല. ആദിലയുടെയും നൂറയുടെയും വിഷയത്തില്‍ ഫൈസല്‍ മലബാര്‍ കാണിച്ചത് 100% യോജിക്കാന്‍ കഴിയുന്നതല്ല. അദ്ദേഹം ചെയ്തിട്ടുള്ള പല കാര്യങ്ങളും സമൂഹത്തിന് പ്രയോജനം ചെയ്തിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ മതപരമായ ജീവിത സാഹചര്യവും അദ്ദേഹത്തിനെ സമ്മര്‍ദ്ദത്തിന് അടിമപ്പെടുത്തിയിരിക്കാം. ഈ വിഷയത്തില്‍ ഫൈസല്‍ മലബാര്‍ കൃത്യമായ ഒരു മറുപടി പൊതുസമൂഹത്തിന് നല്‍കണം - അഖില്‍ മാരാര്‍ പറഞ്ഞു.
പൈസ കൊടുത്തു വാങ്ങേണ്ടത് അല്ല മനുഷ്യത്വമെന്ന് സ്നേഹ ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സ്നേഹ ശ്രീകുമാറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം: പ്രിയപ്പെട്ട മലബാര്‍ ഫൈസല്‍ക്കനോട് പൈസ കൊടുത്തു വാങ്ങണ്ടത് അല്ല മനുഷ്യത്വം. നിങ്ങള്‍ ചെയ്ത നല്ല കാര്യങ്ങള്‍ ചിലപ്പോള്‍ ഒരുപാട് ഉണ്ടാകും, പക്ഷെ അതുകൊണ്ടൊന്നും ന്യായീകരിക്കാന്‍ പറ്റുന്നതല്ല ഇന്ന് കാണിച്ച വൃത്തികേട്. രണ്ടുപെണ്‍കുട്ടികളെ വീട്ടില്‍ ക്ഷണിച്ചു വരുത്തിയിട്ടു പിറ്റേദിവസം തോന്ന്യവാസം എഴുതി വിടുന്നത് ഒരിക്കലും ന്യായീകരിക്കാന്‍ പറ്റുന്നത് അല്ല. സ്വന്തമായി ജോലിയെടുത്തു, അന്തസായി ജീവിക്കുന്ന ആദിലക്കും നൂറക്കും നിങ്ങടെ വീട്ടിലേക്ക് ക്ഷണം ഇല്ലാതെ കേറിവരേണ്ട ഗതികേട് ഇല്ല. അവര്‍ക്കു വ്യക്തമായ തീരുമാനം ഉള്ളവര്‍ ആണ്. അല്ലാതെ വിളിക്കുകയും, ഷേക്ക് ഹാന്‍ഡ് കൊടുത്തു സ്വീകരിക്കുകയും, പിറ്റേദിവസം വിളിച്ചില്ല എന്ന് പറഞ്ഞു പോസ്റ്റ് ഇടുകയും, കുറെ കഴിഞ്ഞു അത് ഡിലീറ്റ് ചെയ്യുകയും ചെയ്യുന്ന double stand എടുക്കുന്ന രീതിയല്ല..
പ്രിയപ്പെട്ട ആദില നൂറ നിങ്ങളെ ഞാന്‍ ഏറ്റവും സ്നേഹത്തോടെ വിളിക്കുന്നു ഞങ്ങടെ സ്നേഹഭവനത്തിലേക്കു അവിടെ ലിഫ്റ്റോ, പരിചാരകരോ, 150type ഫുടൊ ഉണ്ടാവില്ല. ഒന്നുറപ്പു തരാം സ്നേഹം നിറഞ്ഞ കുറച്ചു സമയവും നല്ല ചായയും ഒരിക്കലും നിങ്ങളെ തള്ളിപ്പറയാത്ത ഞങ്ങടെ കുടുംബത്തിന്റെ മൊത്തം സ്നേഹവും തരാം ഇത്തവണത്തെ ബിഗ്‌ബോസ് വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു അകത്തെ കളിയെക്കാള്‍ വലിയ കളികള്‍ പുറത്താണ് നടക്കുന്നത we love Adhila and Noora
ഇതിന്റെ അടിയില്‍ വന്നു comment ഇടുന്ന പ്രിയ സുഹൃത്തുക്കളോട് ഞാന്‍ ആരുടേയും PR അല്ല. ഞാന്‍ പറഞ്ഞത് എന്ത് സാഹചര്യത്തില്‍ ആണെന്ന് നിങ്ങള്‍ മനസിലാക്കുമെന്ന് കരുതുന്നു.വെന്നും സ്‌നേഹ കുറിച്ചു.
ഫൈസല്‍ എകെയെ വിമര്‍ശിച്ച് മുന്‍ ബിഗ് ബോസ് താരവും ആദില-നൂറയുടെ സുഹൃത്തുക്കളുമായ ദിയ സന രംഗത്ത് വന്നിട്ടുണ്ട്. ദിയ സനയുടെ പ്രതികരണം ഇങ്ങനെ: '' വലിയ വലിയ നന്മകള്‍ ചെയ്യുന്ന മനുഷ്യനല്ലേ.. വിളിച്ചു വരുത്തി നല്ലോണം ട്രീറ്റ് ചെയ്തിട്ട് മതവും കൂട്ടരും കൂടെ ചോദ്യം ഉന്നയിച്ചപ്പോ തള്ളിപ്പറയാന്‍ കാണിച്ച അന്തസ് നല്ലതാണ് ഫൈസല്‍ക.. ഇതുവരെയും ആദിലയും നൂറയും ഇവിടെ ജീവിച്ചു ഇനിയും അവര്‍ ജീവിക്കും.. അവര്‍ക്കൊപ്പം നില്‍ക്കുന്നവര്‍ അവരുടെ കൂടെ തന്നെയുണ്ട്..'
ആഡംബര ബ്രാന്‍ഡുകള്‍ക്ക് ധാര്‍മ്മികത കുറവാണെന്നുള്ളത് നമ്മള്‍ കണ്ടിട്ടുള്ളതാണ്. നിങ്ങള്‍ക്ക് ഒരു വലിയ വീട് വാങ്ങാന്‍ കഴിഞ്ഞേക്കാം. പക്ഷേ, സംസ്‌കാരം തീര്‍ച്ചയായും വാങ്ങാന്‍ കഴിയില്ല. അതുകൊണ്ട്, പുതിയ വീടിന് അഭിനന്ദനങ്ങള്‍. ഒരു ദിവസം നിങ്ങള്‍ സഹാനുഭൂതിക്ക് വേണ്ടിയും ഒരു വീട് പണിയും എന്ന് പ്രതീക്ഷിക്കുന്നു. കാരണം, ഭയമില്ലാതെ സ്നേഹിക്കുന്നതാണ് യഥാര്‍ത്ഥ ശക്തി, പരസ്യമായി വെറുക്കുന്നത് യഥാര്‍ത്ഥ ബലഹീനതയാണ്. ആ കളിയില്‍, വിജയികള്‍ ആരാണെന്ന് വ്യക്തമാണ്, അത് ധനികനോ അയാളുടെ കമ്പനിയോ അല്ല, സ്നേഹം തിരഞ്ഞെടുത്ത ആ രണ്ട് യുവതികളാണ്. അതുകൊണ്ട് നിങ്ങളുടെ സ്വര്‍ണ്ണവും വിലകൂടിയ ഷാന്‍ലിയറുകളും വെച്ചോളൂ, പക്ഷേ നിങ്ങളുടെ തത്വങ്ങള്‍ നന്നാക്കൂ. അങ്ങേയറ്റം പ്രശ്‌നകരമായ ഒരു പ്രസ്താവനയ്ക്ക് നിങ്ങള്‍ പരസ്യമായി ക്ഷമാപണം നടത്തണം എന്നാണ് ചിന്നു ചാന്ദിനി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പ്രതികരിച്ചത്.