സൗദിയിലെ പ്രവാസികളായിരുന്നു ആദില നസ്രീന്റെയും ഫാത്തിമ നൂറയുടേയും മാതാപിതാക്കള്‍. ഉപ്പയുടേയും ഉമ്മയുടേയും കൈപിടിച്ച് മൂന്നാം വയസിലാണ് നൂറ സൗദിയിലെത്തിയത്. ആദില മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴും. തുടര്‍ന്ന് പഠനം മുഴുവന്‍ അവിടെയായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. പ്ലസ് വണ്‍ ക്ലാസിലേക്ക് കയറി വന്ന ഫാത്തിമ നൂറയെന്ന സുന്ദരിക്കുട്ടി അപ്പോള്‍ തന്നെ ആദിലയുടെ മനസില്‍ കയറിയിരുന്നു. പതുക്കെ ആദിലയുടെ അഞ്ചംഗ ഗ്യാംഗിലേക്കും നൂറയെത്തി. ആ ഗ്യാംഗ് രണ്ടുപേരിലേക്കു മാത്രമായി ചുരുങ്ങിയപ്പോള്‍ പലരും പറഞ്ഞു തുടങ്ങിയിരുന്നു ഇവര്‍ തമ്മില്‍ എന്തോ സംതിംഗ് ഉണ്ടല്ലോയെന്ന്. എന്നാല്‍ അപ്പോഴും ഇരുവരും അവര്‍ക്കിടയിലെ ഇഷ്ടം ശരിക്കും തിരിച്ചറിഞ്ഞിരുന്നില്ല.
എന്നാല്‍ അവധിക്കാലമായപ്പോള്‍ നൂറ നാട്ടിലേക്ക് പോയി. അതാണ് പ്രണയത്തിരിച്ചറിവിന് കാരണമായത്. അക്കാലത്ത് ബോയ് ഫ്രണ്ട്സിനോട് സംസാരിക്കുവാന്‍ പലരും ഫേക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കിയതു പോലെ നൂറയും ആദിലയും ചെയ്തു. സംസാരം കഴിഞ്ഞ് എപ്പോഴും ലോഗൗട്ട് ചെയ്യാന്‍ മറക്കാതിരുന്ന നൂറ ഒരു ദിവസം അതിനു മറന്നു. മിസ് യൂ.. ലവ് യൂ.. നൂറായിരം സ്മൈലികള്‍.. അങ്ങനെ ആ ചാറ്റുകള്‍ മുഴുവന്‍ ഉമ്മയും കണ്ടു. അതൊരു ഭൂമികുലുക്കത്തിന്റെ തുടക്കമായിരുന്നു. ആ കുട്ടിയുമായുള്ള നിന്റെ ഫ്രണ്ട്ഷിപ്പ് അത്ര നല്ലതല്ലെന്നായിരുന്നു ഉമ്മയുടെ വാക്കുകള്‍. വിവരം ഉപ്പയെ അറിയിച്ചില്ലെങ്കിലും വീട്ടുകാര്‍ പരസ്പരം അറിഞ്ഞു.
പ്ലസ് ടു വരെ ഒരുമിച്ചായിരുന്നവരെ നാട്ടിലേക്ക് പറിച്ചു നട്ടു. നൂറ കോഴിക്കോട് ലിസ കോളേജില്‍ ഇംഗ്ലീഷ് സാഹിത്യത്തിനും ആദില കൊച്ചി സെന്റ് സേവ്യേഴ്സ് കോളേജില്‍ കമ്മ്യൂണിക്കേറ്റ് ഇംഗ്ലീഷിനും ചേര്‍ന്നു. എന്നാല്‍ ഡിഗ്രി രണ്ടാം വര്‍ഷമായപ്പോഴാണ് പ്രണയം അവസാനിച്ചിട്ടില്ലെന്ന് മനസിലാക്കിയ വിവരം ഉപ്പമാരോട് പറഞ്ഞു. പിന്നാലെ വിവാഹാലോചനകളാണ് നടന്നത്. ഒരുമിച്ച് ജീവിക്കണമെങ്കില്‍ ഒു ജോലി വേണം. അതിനു ഡിഗ്രി പൂര്‍ത്തിയാക്കണം. അതുമാത്രം കണക്കിലെടുത്ത് ഇഷ്ടം സ്വയം ലിമിറ്റ് ചെയ്തു. ഒടുവില്‍ വരാനിരിക്കുന്ന യുദ്ധമെല്ലാം മനസില്‍ കണ്ട് ഡിഗ്രി അവസാനിച്ചപ്പോള്‍ ഇരുവരും വീട് വിട്ടിറങ്ങി. കോഴിക്കോട്ടെ വനജ കലക്ടീവിലായിരുന്നു അഭയം തേടിയത്.
എന്നാല്‍ അവിടേക്ക് വീട്ടുകാര്‍ ഇരച്ചെത്തി. പൊലീസെത്തി എല്ലാം കലങ്ങിത്തെളിയും എന്ന പ്രതീക്ഷയില്‍ ആലുവയിലെ ആദിലയുടെ വീട്ടിലേക്ക് ഇരുവരേയും അയച്ചു. എന്നാല്‍ അപ്പോഴും കാര്യങ്ങള്‍ക്ക് മാറ്റമുണ്ടായില്ല. നൂറയുടെ ബന്ധുക്കള്‍ വീട്ടിലെത്തി വലിച്ചിഴച്ച് നൂറയെ കൊണ്ടുപോയി. നൂറയെ ഒരു കൗണ്‍സിലര്‍ക്കരികിലേക്കും ആദിലയെ ഷെല്‍ട്ടര്‍ ഹോമിലേക്കുമാണ് മാറ്റിയത്. എട്ടുദിവസങ്ങള്‍ അകന്നിരുന്നപ്പോള്‍ ഇത് അപകടമാണെന്ന് മനസിലാക്കിയ ആദില ഒകു വക്കീലിനെ കണ്ടു. ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. ആദില ഫേസ്ബുക്കില്‍ വീഡിയോയും ഇട്ടതോടെ സംഭവം ചര്‍ച്ചയായി. മലപ്പുറത്തു നിന്നും നൂറയെ കേസ് നടക്കുന്ന എറണാകുളത്ത് എത്തിച്ച് ആദിലയെ കൊണ്ട് വീഡിയോ പിന്‍വലിപ്പിക്കാനായിരുന്നു വീട്ടുകാരുടെ നീക്കം.
എന്നാല്‍ ശരീരങ്ങളല്ല, രണ്ടുപേരുടെയും മനസാണ് ചേര്‍ത്തുനിര്‍ത്തുന്നതെന്ന് ഹൈക്കോടതിയ്ക്ക് ബോധ്യമായി. അങ്ങനെ നിയമത്തിന്റെ തണലില്‍ ജീവിതം തുടങ്ങിയ ആദിലയും നൂറയും ബിഗ്ബോസിലേക്ക് എത്തിയപ്പോഴും പല തരത്തിലുള്ള അപമാനങ്ങള്‍ നേരിട്ടു. സഹമത്സരാര്‍ത്ഥിയായ ലക്ഷ്മി ഇവരെ എന്റെ വീട്ടില്‍ കയറ്റില്ലെന്ന് പറഞ്ഞപ്പോള്‍ നടന്‍ മോഹന്‍ലാല്‍ ഇരുവരേയും തന്റെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടാണ് മറുപടി നല്‍കിയത്. പിന്നാലെയാണ് മലബാര്‍ ഗോള്‍ഡ് ഉടമയായ ഫൈസല്‍ മലബാറിന്റെ വീടിന്റെ പാലുകാച്ചിന് ക്ഷണം സ്വീകരിച്ചെത്തിയ ആദിലയേയും നൂറയേയും അപമാനിക്കുന്ന തരത്തില്‍ പോസ്റ്റിട്ടതും പിന്നാലെ അതു പിന്‍വലിച്ചതും.