സീരിയല്‍ ലോകത്തെ താരദമ്പതികളാണ് നടന്‍ മനു വര്‍മയും ഭാര്യ സിന്ധു വര്‍മ്മയും. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇവരുടെ മകളെ കുറിച്ച് പുറംലോകം ആ സത്യം അറിഞ്ഞത്.ഇപ്പോഴും വീല്‍ ചെയറില്‍ കഴിയുന്ന 19 വയസുകാരിയായ മകള്‍ എന്നെങ്കിലും വയ്യായ്കകളെല്ലാം മാറി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് സിന്ധുവും മനുവും കഴിയുന്നത്. അതിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ് ഇരുവരും എപ്പോഴും നടത്തുന്നത്. ഇപ്പോഴിതാ, മകളേയും കൊണ്ട് ട്രെയിനില്‍ കിലോമീറ്ററുകള്‍ താണ്ടി തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ എത്തിയിരിക്കുകയാണ് സിന്ധു. ഒപ്പം ഏതാനും ബന്ധുക്കളും ഉണ്ടായിരുന്നു. എപ്പോഴത്തേയും പോലെ മകള്‍ സാധാരണ ജീവിതത്തിലേക്ക് വരുന്നതും വീല്‍ച്ചെയറില്‍ നിന്നെഴുന്നേറ്റ് തന്നെയൊന്ന് അമ്മേയെന്നൊന്ന് വിളിക്കുന്നതും കാത്തിരിക്കുകയാണ് സിന്ധു. അതുകൊണ്ടുതന്നെ, തിരുപ്പതി വെങ്കിടേശ്വരന് മുന്നിലെത്തിയപ്പോള്‍ പ്രാര്‍ത്ഥിക്കുവാനും സിന്ധുവിന് അതുമാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഈ മകളെ കൂടാതെ, രണ്ട് ആണ്മക്കള്‍ കൂടിയുണ്ട് സിന്ധുവിനും മനുവിനും. കല്യാണം കഴിഞ്ഞ് ഏഴാം വര്‍ഷമാണ് മകള്‍ ജനിച്ചത്. മകളുടെ ജനനത്തിന് ഒരാഴ്ച മുന്‍പ് ആണ് അവളുടെ തലച്ചോറില്‍ ഒരു ഫ്‌ളൂയ്ഡ് കലക്ഷന്‍ ഉണ്ടെന്ന് അറിഞ്ഞത്. എല്ലാവര്‍ക്കും അതുണ്ടാകും. തലച്ചോറിനെ സംരക്ഷിച്ച് നിര്‍ത്തുന്ന ഒരു ഫ്‌ളൂയിഡ്. അത് നിറയുമ്പോള്‍ താനേ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും ഇറങ്ങി പോയി പുറത്തേക്ക് പോകുകയാണ് ചെയ്യുന്നത്. പക്ഷെ മകള്‍ക്ക് ആ സംവിധാനം തലച്ചോറിലില്ല. അങ്ങനെ സംഭവിയ്ക്കുമ്പോള്‍ തലയുടെ വലുപ്പം കൂടും.
മകള്‍ ജനിച്ച് കഴിഞ്ഞ് ഒരു മാസം വരെ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല, അതിന് ശേഷമാണ് തല വീര്‍ത്തു വരാന്‍ തുടങ്ങിയത്. പെട്ടന്ന് ആശുപത്രിയില്‍ എത്തിച്ചു. തലയോട്ടി തുറന്ന് ട്യൂബ് ഇട്ട് ആ ഫ്‌ളുയ്ഡ് പുറത്തെടുക്കുകയാണ് ചെയ്യുന്നത്. അത് എടുത്ത് കഴിഞ്ഞാല്‍ തലയോട്ടി പഴയത് പോലെ ആവും. ആ ഓപ്പറേഷന്‍ കഴിഞ്ഞ സമയത്ത് മൂന്ന് മാസത്തോളം സിന്ധു പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ അവള്‍ കിടക്കുന്ന അകത്ത് തന്നെ ഇരിക്കുകയായിരുന്നു. ഇന്‍ഫക്ഷനാകാന്‍ സാധ്യതയുള്ളതിനാല്‍ ആയിരുന്നു അങ്ങനെ ചെയ്തത്.
ആ അവസ്ഥയിലാണ് ഡിപ്രെഷനിലേക്ക് വരെ സിന്ധു പോയത്. അപ്പോള്‍ മനുവിന്റെ അച്ഛന്‍ നിര്‍ബന്ധിച്ച് ഒരു സ്‌കൂളില്‍ ഇന്റര്‍വ്യുവിന് വിടുകയും കുറച്ചു കാലം ടീച്ചറായി ജോലി നോക്കുകയും പിന്നീട് മനു മുഖാന്തരം അഭിനയിക്കാന്‍ അവസരം വരികയും ആയിരുന്നു. ഇപ്പോഴും വീല്‍ ചെയറിലാണ് മകളുള്ളത്. ഒറ്റയ്ക്ക് നില്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഏത് നിമിഷവും ഒരു അത്ഭുതം സംഭവിച്ച മകള്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നേക്കാം എന്ന പ്രതീക്ഷയാണ് ഡോക്ടര്‍മാര്‍ നല്‍കിയിട്ടുള്ളത്. ശാരീരികമായോ മാനസികമായോ അവള്‍ക്ക് യാതൊരു പ്രശ്‌നവും ഇല്ല. കാണാനും സുന്ദരിയാണ്. പ്രണയ വിവാഹമായിരുന്നു മനുവിന്റേയും സിന്ധുവിന്റേയും. നാലു വര്‍ഷത്തോളം പ്രണയിച്ച് 2000ത്തിലായിരുന്നു ഇരുവരുടേയും വിവാഹം.