മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളായിരുന്നു മനു വര്‍മ്മയും സിന്ധു വര്‍മ്മയും. 25 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഇവര്‍ വേര്‍പിരിഞ്ഞ വാര്‍ത്ത അടുത്തിടെ മനു വര്‍മ്മ തന്നെയായിരുന്നു വെളിപ്പെടുത്തിയത്. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ചും മക്കളുടെ കാര്യങ്ങളെക്കുറിച്ചും തുറന്നു പറയുകയാണ് സിന്ധു വര്‍മ്മ. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
മകള്‍ക്കുവേണ്ടി മാറ്റിവെച്ച ജീവിതം
മനു വര്‍മയുമായി വേര്‍പിരിഞ്ഞ് കഴിഞ്ഞ രണ്ട് വര്‍ഷമായി താന്‍ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്ന് സിന്ധു സ്ഥിരീകരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളുള്ള മകളുടെ പരിചരണത്തിനാണ് താന്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്ന് സിന്ധു പറയുന്നു. 'മകളുടെ ചികിത്സയിലാണ് ഇപ്പോള്‍ എന്റെ മുഴുവന്‍ ശ്രദ്ധയും. ഡോക്ടര്‍മാര്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. വീട്ടിലുള്ളപ്പോള്‍ അവളുടെ എല്ലാ കാര്യങ്ങളും ഞാന്‍ തന്നെയാണ് നോക്കുന്നത്. ഞാന്‍ ഒപ്പമില്ലാത്തപ്പോള്‍ അവള്‍ക്ക് ചെറിയ പിണക്കമൊക്കെ വരും. ഷൂട്ടിംഗിനായി ഞാന്‍ മാറിനില്‍ക്കുന്നത് മോള്‍ക്ക് സങ്കടമാണ്,' സിന്ധു പറഞ്ഞു.
മകളുടെ മാനസികമായ പുരോഗതിയില്‍ താന്‍ അതീവ സന്തോഷവതിയാണെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ഒരു ചടങ്ങിന് പോകാനായി ഒരുങ്ങി നില്‍ക്കുന്നത് കണ്ടപ്പോള്‍ മകള്‍ കരഞ്ഞത് തന്നെ സന്തോഷിപ്പിച്ചുവെന്ന് താരം പറയുന്നു. കാര്യങ്ങള്‍ മനസ്സിലാക്കി അവള്‍ പ്രതികരിക്കാന്‍ തുടങ്ങിയത് വലിയൊരു മാറ്റമാണെന്നാണ് സിന്ധുവിന്റെ പക്ഷം.
സിന്ധുവിന്റെ മകന്‍ ഇപ്പോള്‍ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുകയാണ്. അവന്റെ ജീവിതം സുരക്ഷിതമായതിലുള്ള ആശ്വാസവും സിന്ധു പങ്കുവെച്ചു. അതേസമയം, സോഷ്യല്‍ മീഡിയയില്‍ വരുന്ന നെഗറ്റീവ് കമന്റുകളെ താന്‍ ഒട്ടും ഗൗനിക്കാറില്ലെന്ന് സിന്ധു വ്യക്തമാക്കി.
'ജനങ്ങളെ ജഡ്ജ് ചെയ്യാന്‍ എളുപ്പമാണ്. എന്നാല്‍ കമന്റിടുന്നവരല്ല നമ്മളാണ് ജീവിക്കുന്നത്. നമ്മുടെ ജീവിതത്തിലെ ശരികള്‍ക്ക് അനുസരിച്ച്, മറ്റുള്ളവരെ വിധിക്കാതെ ജീവിക്കാന്‍ ശ്രമിക്കുക. എല്ലാവരും എല്ലാപ്പോഴും മാനസികമായും ശാരീരികമായും സന്തോഷവാനായിരിക്കണം എന്നില്ല,' സിന്ധു വര്‍മ നിലപാട് വ്യക്തമാക്കി.