Latest News

ഫ്രീയായി യാത്ര ചെയ്താല്‍ സ്ത്രീകള്‍ക്ക് എന്ത് ഗുണമാണ് കിട്ടുന്നത്; കുറച്ച് നാള്‍ കഴിയുമ്പോഴേക്കും അത് ബുദ്ധിമുട്ട് ഉണ്ടാക്കും..ഉറപ്പ്; ചര്‍ച്ചയായി ബിഗ് ബോസ് താരം സിജോയുടെ വാക്കുകള്‍ 

Malayalilife
 ഫ്രീയായി യാത്ര ചെയ്താല്‍ സ്ത്രീകള്‍ക്ക് എന്ത് ഗുണമാണ് കിട്ടുന്നത്; കുറച്ച് നാള്‍ കഴിയുമ്പോഴേക്കും അത് ബുദ്ധിമുട്ട് ഉണ്ടാക്കും..ഉറപ്പ്; ചര്‍ച്ചയായി ബിഗ് ബോസ് താരം സിജോയുടെ വാക്കുകള്‍ 

കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറാന്‍ ഒരുങ്ങുന്ന പശ്ചാത്തലത്തില്‍, തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന കെഎസ്ആര്‍ടിസിയിലെ സ്ത്രീകള്‍ക്കായുള്ള സൗജന്യ ബസ് യാത്രയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ രാഷ്ട്രീയ-സാമൂഹിക മേഖലകളില്‍ സജീവമാണ്. ഇതിനിടയിതാ, ഈ പദ്ധതിയോട് തനിക്ക് വ്യക്തിപരമായി ഒട്ടും താല്പര്യമില്ലെന്ന് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം സിജോ ജോണ്‍. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് വഴി അവര്‍ക്ക് എന്ത് ഉന്നമനമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് സിജോ പരസ്യമായി ചോദ്യം ചെയ്യുന്നു. 

 സ്ത്രീ ശാക്തീകരണവും ഉന്നമനവുമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെങ്കില്‍ അവര്‍ക്ക് സൗജന്യമായി യാത്ര ചെയ്യാനുള്ള അനുവാദമല്ല നല്‍കേണ്ടതെന്ന് സിജോ അഭിപ്രായപ്പെട്ടു. 'ഫ്രീയായി യാത്ര ചെയ്‌തോ എന്ന് പറയുന്നതിനകത്ത് എന്ത് ഉന്നമനമാണുള്ളത്? അതുകൊണ്ട് അവര്‍ക്ക് ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല. പകരം അവര്‍ക്ക് സ്വയം വരുമാനം ഉണ്ടാക്കാനുള്ള സാഹചര്യങ്ങളും തൊഴിലവസരങ്ങളുമാണ് സര്‍ക്കാര്‍ ചെയ്ത് കൊടുക്കേണ്ടത്. അങ്ങനെയെങ്കില്‍ മാത്രമേ നമ്മുടെ നാടിനും രാജ്യത്തിനുമൊക്കെ യഥാര്‍ത്ഥ വികസനം ഉണ്ടാകൂ,' സിജോ വ്യക്തമാക്കി. 

എല്ലാം സൗജന്യമായി കൊടുത്തു കഴിഞ്ഞാല്‍ കുറച്ചുനാള്‍ കഴിയുമ്പോള്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്ന് സിജോ ഓര്‍മ്മിപ്പിച്ചു. നിലവില്‍ സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന വലിയൊരു വിഭാഗം യാത്രക്കാര്‍ കെഎസ്ആര്‍ടിസിയിലേക്ക് മാറും. ഇത് സ്വകാര്യ ബസ് മേഖലയെ പ്രതിസന്ധിയിലാക്കും. മൂന്നോ നാലോ മാസം കഴിയുമ്പോള്‍ സ്വകാര്യ ബസ് ഉടമകള്‍ ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരത്തിലേക്ക് പോകും. ഇത് നമ്മുടെ നാടിന്റെ പൊതുഗതാഗത സംവിധാനത്തെയും ജനജീവിതത്തെയും സാരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം കൂടി കണക്കിലെടുത്താണ് സിജോ തന്റെ ആശങ്കകള്‍ പങ്കുവെച്ചത്. എല്‍ഡിഎഫ് ഇപ്പോള്‍ പ്രതിപക്ഷത്താണ്. കെഎസ്ആര്‍ടിസിയിലെ ട്രേഡ് യൂണിയനുകളില്‍ ഭൂരിഭാഗവും ഇടതുപക്ഷ അനുകൂലികളാണ്. പുതിയ പദ്ധതി മൂലം ഉണ്ടാകുന്ന പ്രതിസന്ധികള്‍ വലിയൊരു സമരത്തിലേക്ക് വഴിമാറാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ ഇത് വലിയൊരു ക്രമസമാധാന പ്രശ്‌നമായി മാറാനുള്ള ചാന്‍സുണ്ടെന്നും, ഈ പദ്ധതി എത്രമാത്രം കൃത്യമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്നത് വലിയൊരു ചോദ്യചിഹ്നമാണെന്നും സിജോ പറഞ്ഞു. 

നിലവില്‍ തന്നെ കനത്ത സാമ്പത്തിക ബാധ്യത നേരിടുന്ന സ്ഥാപനമാണ് കെഎസ്ആര്‍ടിസി. സ്വന്തം ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം പോലും കൊടുക്കാന്‍ പറ്റാതെ മാനേജ്മെന്റ് പെട്ടുപോയ ചരിത്രം നമുക്ക് മുന്നിലുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ ബാധ്യതകള്‍ കൂടി വരുമ്പോള്‍ കാര്യങ്ങള്‍ എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്നത് വലിയൊരു കടമ്പയാണ്. ഇപ്പോള്‍ കാണുമ്പോള്‍ എല്ലാം പക്കയാണെന്ന് തോന്നുമെങ്കിലും ഭാവിയില്‍ കാര്യങ്ങള്‍ മാറിമറിയുമെന്ന് സിജോ ഓര്‍മ്മിപ്പിച്ചു. 

ഒരു ആറ് മാസം സൗജന്യ യാത്ര കൊടുത്തിട്ട്, പിന്നീട് കെഎസ്ആര്‍ടിസി വലിയ നഷ്ടത്തിലാണെന്നും അതുകൊണ്ട് ഇനി ഫ്രീ നല്‍കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ പറഞ്ഞാല്‍, ഇപ്പോള്‍ ഈ പദ്ധതിയെ അനുകൂലിക്കുന്നവര്‍ തന്നെ സര്‍ക്കാരിനെതിരെ തിരിയും. നിലവില്‍ തന്നെ ഇതിന്റെ പേരില്‍ പ്രതിഷേധങ്ങള്‍ നടന്നു കഴിഞ്ഞു. നഷ്ടത്തിലുള്ള കെഎസ്ആര്‍ടിസിയെ ഇനി എങ്ങനെ ലാഭത്തില്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് കണ്ടുതന്നെ അറിയണമെന്നും സിജോ പറഞ്ഞു നിര്‍ത്തി.

Read more topics: # സിജോ ജോണ്‍.
sijo ksrtc women free travel

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES