വാനമ്പാടി പരമ്പരയിലെ നിര്‍മ്മലേടത്തി ആയി ഇന്നും മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ അറിയപ്പെടുന്ന ഉമാ നായര്‍ വാനമ്പാടിക്ക് മുമ്പും ശേഷവും നിരവധി സീരിയലുകളില്‍ വ്യത്യസ്തതയാര്‍ന്ന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ നിര്‍മ്മലേട്ടത്തിയോട് ഒരു പ്രത്യേക ഇഷ്ടമാണ് ആരാധകര്‍ക്ക്. ഇപ്പോഴിതാ, സ്വകാര്യ ജീവിതത്തെ കുറിച്ച് അധികമൊന്നും തുറന്നു പറഞ്ഞിട്ടില്ലാത്ത നടിയുടെ ഭര്‍ത്താവിനോടു ചേര്‍ന്നു നില്‍ക്കുന്ന ചിത്രമാണ് ആരാധക ശ്രദ്ധ നേടുന്നത്. മൂത്തമകള്‍ ഗൗരിയാണ് അമ്മയുടെ കണ്ണും മനസും നിറയിക്കുന്ന ഈ ചിത്രം സമ്മാനിച്ചത്.
ഉമാ നായര്‍ ഒരു സിംഗിള്‍ മദറാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍, ഭര്‍ത്താവിന് എന്തു സംഭവിച്ചുവെന്ന് പലപ്പോഴും ആരാധകര്‍ ചോദിച്ചിട്ടുണ്ടെങ്കിലും അതേക്കുറിച്ചൊന്നും നടി തുറന്നു പറഞ്ഞിട്ടില്ല. എന്നാലിപ്പോള്‍ മകള്‍ അമ്മയ്ക്കു സമ്മാനിച്ച ചിത്രത്തിലൂടെയാണ് നോവുണര്‍ത്തുന്ന പല സംഭവങ്ങളും നടിയുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ടെന്ന സൂചനകള്‍ ആരാധകര്‍ക്കും ലഭിക്കുന്നത്. ഗൗരി എന്ന മകളെ കൂടാതെ ഗൗതം എന്ന ഒരു മകന്‍ കൂടിയുണ്ട് നടിയ്ക്ക്. മക്കള്‍ വളരെ ചെറുതായിരിക്കവേയാണ് നടിയ്ക്ക് ഭര്‍ത്താവിനെ നഷ്ടമായത്. മരണത്തിലൂടെയായിരുന്നു ആ വേര്‍പാട്. തുടര്‍ന്ന് തന്റെ രണ്ടു മക്കളേയും ഇടംവലം ചേര്‍ത്തുനിര്‍ത്തിയാണ് നടി വളര്‍ത്തിയെടുത്തത്. ഒരച്ഛന്റേയും അമ്മയുടേയും സ്നേഹവും സംരക്ഷണവും പകര്‍ന്നു നല്‍കിയായിരുന്നു നടി മക്കളെ സ്നേഹിച്ചത്.
ഫാദേഴ്സ് ഡേയ്ക്കടക്കം തങ്ങളെ അച്ഛന്റെയും അമ്മയുടേയും സ്നേഹം നല്‍കി വളര്‍ത്തിയ അമ്മയുടെ ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു മകള്‍ ഗൗരി ആശംസകള്‍ നല്‍കിയിരുന്നത്. ഇപ്പോള്‍ അമ്മയ്ക്കുള്ള പിറന്നാള്‍ സമ്മാനമായാണ് ഗൗരി അച്ഛന്റേയും അമ്മയുടേയും ചിത്രം കോര്‍ത്തിണക്കി പെയിന്റ് ചെയ്യിച്ച ബ്ലാക്ക് ആന്റ് ചിത്രം സമ്മാനിച്ചത്. എനിക്ക് കിട്ടിയ ഏറ്റവും വലിയ പിറന്നാള്‍ സമ്മാനം, നീ സമ്മാനിച്ച ഈ ഫോട്ടോ ഫ്രെയിം കാണുമ്പോള്‍ എന്റെ കണ്ണീല്‍ നിന്നും കണ്ണീര്‍ പൊടിയുകയാണ്. അദ്ദേഹം എനിക്കൊപ്പം തോന്നുന്നുണ്ടെന്നു തോന്നുകയാണ്, സന്തോഷവും സ്നേഹവും എന്നില്‍ നിറയിക്കുകയാണ് ഈ ചിത്രം. ഈ മനോഹരമായ സമ്മാനത്തിന് വാവയ്ക്ക് നന്ദി. ഒപ്പം ചിത്രം ചെയ്ത സുജിത്ത് എന്ന വ്യക്തിയ്ക്കും ഉമാ നായര്‍ നന്ദി പറയുന്നുണ്ട്.
സ്വന്തം പിതാവ് നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിമുകളിലൂടെ അഭിനയിച്ച് തുടങ്ങിയ ഉമ ദൂരദര്‍ശനിലെ ഷോര്‍ട്ട് ഫിലിമുകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. തമിഴിലടക്കം ദൂരദര്‍ശനിലെ സീരിയലുകളില്‍ ബാലതാരമായി അഭിനയിച്ചു. ശേഷം മെഗാ സീരിയലുകളിലൂടെ സജീവമാവുകയായിരുന്നു. സംവിധായകനായിരുന്നു നടിയുടെ ഭര്‍ത്താവ്. പല സീരിയലുകളിലും അമ്മയുടെയും ചേച്ചിയുടെയുമൊക്കെ വേഷം ചെയ്തു. പ്രേക്ഷകര്‍ക്ക് ഇവയെല്ലാം പ്രിയപ്പെട്ടവയായിരുന്നു. അറുപതോളം സീരിയലുകളിലാണ് ഉമ നായര്‍ അഭിനയിച്ചിരിക്കുന്നത്. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും മാറി നിന്നിരുന്നെങ്കിലും വീണ്ടും സജീവമാവുകയായിരുന്നു