മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായിക അമൃത സുരേഷ് തന്റെ സംഗീത ജീവിതത്തിലും വ്യക്തിജീവിതത്തിലും എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ്. റിയാലിറ്റി ഷോയിലൂടെ പിന്നണി ഗാനരംഗത്തേക്ക് എത്തിയ അമൃതയുടെ ഏറ്റവും പുതിയ ആല്‍ബമായ 'പിഴ' സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്.
ഭൂതകാലത്തിലെ വേദനകളെയും വിവാദങ്ങളെയും പിന്നിലാക്കി സംഗീതത്തില്‍ ശ്രദ്ധ കേന്ദ്രീകരുന്ന താരം തന്റെ പുതിയ ആല്‍ബത്തിലൂടെ ംഗീതയാത്ര കൂടുതല്‍ കരുത്തോടെ തുടരുകയാണെന്ന് അടിവരയിടുകയാണ്. ജീവിതത്തിലെ ഓരോ അനുഭവങ്ങളും തന്നെ കൂടുതല്‍ കരുത്തയാക്കിയെന്നും അമൃത പറയുന്നു.
തനിക്കെതിരെ ഉയര്‍ന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും ഗോപിസുന്ദറുമായുള്ള വേര്‍പിരിയലിനെക്കുറിച്ചും ഇപ്പോള്‍ താരം വീണ്ടും മനസ് തുറക്കുകയാണ്. മകള്‍ അവന്തികയ്‌ക്കെതിരെയും കുറ്റപ്പെടുത്തലുകള്‍ ഉയര്‍ന്നതോടെയാണ് താന്‍ മൗനം വെടിഞ്ഞതെന്ന് അമൃത വ്യക്തമാക്കി.
''ആളുകളുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ജീവിക്കാന്‍ എനിക്ക് കുഴപ്പമില്ല. പക്ഷെ എനിക്കൊരു മകളില്ലേ. ഒരു പ്രായം വരെയൊക്കെ മകളെ അത് ബാധിച്ചിരുന്നില്ല. എന്നാല്‍ ഒരു പ്രായമൊക്കെ കഴിഞ്ഞ് അവള്‍ വളര്‍ന്ന് കുറച്ചുകൂടി വിവരമുള്ള കുട്ടിയായപ്പോള്‍ സ്‌കൂളിലൊക്കെ കുട്ടികള്‍ കളിയാക്കാന്‍ തുടങ്ങി'എന്ന് അമൃത പറഞ്ഞു.
സ്‌കൂളില്‍ പോലും മകള്‍ക്ക് ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യങ്ങള്‍ നേരിടേണ്ടി വന്നതായി അമൃത പറയുന്നു. ''അപ്പുറത്തെ സൈഡില്‍ നിന്ന് ഇങ്ങനെയാണല്ലോ പറയുന്നത്, എന്തിന് അമ്മയുടെ കൂടെ നില്‍ക്കുന്നു എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി. എന്റെ ജീവിതമെന്തായിരുന്നെന്നും എടുത്ത ചോയ്‌സുകള്‍ എന്തായിരുന്നെന്നും അവള്‍ക്കറിയാം. പക്ഷെ സ്‌കൂളില്‍ വരുമ്പോള്‍ അതൊരു സങ്കടമല്ലേ. എത്രയോ പ്രാവശ്യം ഞാനും അഭിരാമിയും പ്രിന്‍സിപ്പലിനെ പോയി കാണേണ്ട അവസ്ഥ വന്നു,''എന്നും അമൃത കൂട്ടിച്ചേര്‍ത്തു.
മുന്‍പ് മിണ്ടാതിരുന്നത് തന്നെ തെറ്റുകാരിയാക്കിയെന്ന് അമൃത പറയുന്നു. ''മിണ്ടാതിരുന്നപ്പോഴാണ് ഞാന്‍ തെറ്റുകാരിയായത്. ശരിക്കും മിണ്ടാതിരിക്കരുത്. പറയാന്‍ അവസരമുണ്ടെങ്കില്‍ പറയണം. നമ്മളെ കുറ്റപ്പെടുത്തുമ്പോള്‍ അത് അംഗീകരിക്കുന്നതെന്തിനാണ്. എന്നെ പോലെ മണ്ടിയാവരുത്. പ്രതികരിക്കണം,''എന്നാണ് സ്ത്രീകളോട് പറയാനുള്ള സന്ദേശമെന്ന് അമൃത വ്യക്തമാക്കി.
അമ്മയ്ക്കും കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അമൃത പറയുന്നു. ''അമ്മ ഞങ്ങള്‍ രണ്ട് മക്കള്‍ക്കായി ജീവിതം മാറ്റിവെച്ചയാളാണ്. ആശ്രമത്തില്‍ വളര്‍ന്നവരാണ് ഞങ്ങള്‍. പഠിച്ചത് അമൃത വിദ്യാലയത്തിലാണ്. പഠിച്ച് കൊണ്ടിരിക്കുമ്പോഴാണ് സ്റ്റാര്‍ സിംഗറില്‍ വരുന്നത്. ഞങ്ങള്‍ക്കുള്ള എക്‌സ്‌പോഷര്‍ അതായിരുന്നു,''എന്ന് അമൃത പറഞ്ഞു.
ഗോപി സുന്ദറുമായുള്ള ബന്ധത്തെക്കുറിച്ചും അമൃത തുറന്ന് പറച്ചില്‍ നടത്തി. '100 ശതമാനം ഇഷ്ടത്തോടെ എടുത്ത തീരുമാനമായിരുന്നു അത്. അവരുടെ അമ്മയെ എന്റെ അമ്മയെന്ന് പറഞ്ഞിരുന്നതല്ലേ, ഒരു കാലം കഴിഞ്ഞാല്‍ 'നീ പോടാ' എന്ന് പറയാന്‍ പറ്റുമോ. അതെന്റെ ജെനുവിനായ ഇമോഷനായിരുന്നു,''എന്ന് അമൃത പറഞ്ഞു.
ഗോപി സുന്ദറുമായുള്ള ബന്ധം വെറുമൊരു തീരുമാനമായിരുന്നില്ല, മറിച്ച് തന്റെ സത്യസന്ധമായ വികാരമായിരുന്നുവെന്ന് അമൃത പറയുന്നു. 'നൂറ് ശതമാനം ഇഷ്ടത്തോടും ആഗ്രഹത്തോടും കൂടിയാണ് ആ ബന്ധം തുടങ്ങിയത്. ജീവിതം നന്നായി മുന്നോട്ട് പോകുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. എനിക്ക് ലഭിച്ച വലിയൊരു സപ്പോര്‍ട്ടായിരുന്നു അദ്ദേഹം,' അമൃത വെളിപ്പെടുത്തി.
സംഗീതം എന്ന പൊതുവായ താല്പര്യം തങ്ങളെ കൂടുതല്‍ അടുപ്പിക്കുമെന്നും ഈ ബന്ധം വിജയകരമായി മുന്നോട്ട് പോകുമെന്നും താന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നതായും അമൃത കൂട്ടിച്ചേര്‍ത്തു. അമൃതയുടെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയായിരുന്നു പിതാവിന്റെ മരണം. ആ കഠിനമായ സമയത്ത് ഗോപി സുന്ദര്‍ തനിക്ക് നല്‍കിയ പിന്തുണ മറക്കാനാവില്ലെന്ന് അമൃത പറയുന്നു.
ഒരു മകനെപ്പോലെ തന്റെ അച്ഛന്റെ അന്ത്യകര്‍മ്മങ്ങളില്‍ അദ്ദേഹം പങ്കുചേര്‍ന്നു. 'എന്റെ അച്ഛന് കൊള്ളിവയ്ക്കാനും മരുമകന്റെ കര്‍ത്തവ്യങ്ങള്‍ ചെയ്യാനും അദ്ദേഹത്തിന് യോഗം ഉണ്ടായിരുന്നിരിക്കണം. ആ ഒരു വര്‍ഷത്തെ കാലയളവിലേക്ക് മാത്രമായിരിക്കാം അദ്ദേഹം എന്റെ ജീവിതത്തില്‍ വന്നത്. അച്ഛന്റെ മരണസമയത്ത് അദ്ദേഹം നല്‍കിയ ആശ്വാസം എനിക്ക് ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല,' അമൃതയുടെ വാക്കുകളില്‍ നന്ദിയും വേദനയും നിറഞ്ഞുനിന്നു.
ആദ്യകാലത്തെ ആവേശം കഴിഞ്ഞപ്പോള്‍, ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നത് അത്ര എളുപ്പമല്ലെന്ന് രണ്ടുപേര്‍ക്കും ബോധ്യപ്പെട്ടു തുടങ്ങി. പരസ്പരമുള്ള സ്‌നേഹം നിലനില്‍ക്കുമ്പോള്‍ തന്നെ പിരിയുന്നതാണ് ഉചിതമെന്ന് ഇരുവരും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. ബന്ധം വഷളായി, പരസ്പരം ചീത്തവിളികളിലേക്കും അടിപിടിയിലേക്കും നീങ്ങുന്നതിന് മുന്‍പ് മാന്യമായി പിരിയുക എന്നതായിരുന്നു ലക്ഷ്യം. 'ഇനിയും തുടര്‍ന്നാല്‍ ഇപ്പോള്‍ ബാക്കിയുള്ള സ്‌നേഹം കൂടി ഇല്ലാതാകും എന്ന് ഞങ്ങള്‍ക്ക് തോന്നി. അതുകൊണ്ടാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്. അത് രണ്ടുപേരും ചേര്‍ന്ന് എടുത്ത തീരുമാനമായിരുന്നു,' അമൃത വ്യക്തമാക്കി.