കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച ടെലിപ്പതിയെന്ന മനസ്സുവായിക്കലാണ്. അതിന് ഇടയാക്കിയത് ആവട്ടെ ഫ്‌ളവേഴ്‌സ് ടിവിയുടെ കോമഡി ഉല്‍സവത്തില്‍ ഓട്ടിസ്റ്റിക്കായ കുട്ടിയുടെ പ്രകടനമാണ്. സിനിമാതാരങ്ങളായ ടിനി ടോമിനെയും കലാഭവന്‍ പ്രജോദിനെയുമൊക്കെ ഞെട്ടിച്ച ഒരു പ്രകടനമായിരുന്നു കുട്ടി കാഴ്ച വെച്ചത്. നമ്മുടെ മനസ്സിലുള്ള വാചകങ്ങള്‍, കുട്ടി കമ്പ്യൂട്ടര്‍ ടാബിന്റെ കീബോര്‍ഡില്‍ കൃത്യമായി ടൈപ്പ് ചെയ്താണ് കുട്ടി കാണിച്ചത്.
ഇത് ടെലിപ്പതിയാണെന്നായിരുന്നു വിശേഷണം. എന്നാല്‍ ഇത് കുട്ടി അമ്മയുടെ സ്പര്‍ശനത്താലാണ് എഴുതുന്നതെന്നും ടെലിപ്പതിയെല്ലെന്നുമാണ് ശാസ്ത്ര പ്രചാരകനായ സി രവിചന്ദ്രനും ഡോക്ടര്‍ ജിനേഷ് പിഎസും വെളിപ്പെടുത്തിയിരിക്കുന്നത്.
കുട്ടിയെ കാണിക്കാതെ മറ്റുള്ളവര്‍ എഴുതുന്ന വാക്കുകളാണ് കോമഡി ഉത്സവത്തിലെ വേദിയിലെത്തിയ ഓട്ടിസ്റ്റിക് ബാലന്‍ കൃത്യമായി ടൈപ് ചെയ്ത് ഞെട്ടിച്ചത്. ഇതിന്റെ വീഡിയോകളും വൈറലായി. പരിപാടിയുടെ തുടക്കത്തില്‍ അവതാരകന്‍ മിഥുന്‍ ടെലിപ്പതി എന്ന കഴിവുള്ള കുട്ടിയാണ് ഇതെന്നാണ് പറഞ്ഞത്. 'ഈ കുട്ടി 50 വര്‍ഷം കഴിഞ്ഞ് ജനിക്കേണ്ടയാളാണ്, അപ്പോള്‍ ഒരു പക്ഷേ മനുഷ്യര്‍ക്ക് ഈ രീതിയിലുള്ള കഴിവ് ഉണ്ടാകുമെന്നും, ദൈവം ഇപ്പോാഴേ അനുഗ്രഹിച്ച് വിട്ടതാണെന്നുമാണ്' വിധികര്‍ത്താക്കളായ ടിനിടോമും, കലാഭവന്‍ പ്രജോദുമൊക്കെ അഭിപ്രായപ്പെട്ടത്. ഈ പ്രകടനം കണ്ട് ഇവരുടെയാക്കെ കണ്ണു നിറയുകയും ചെയ്തു. ഈ വീഡിയോ വൈറലായതോടെ ടെലിപ്പതി എന്നത് ഒരു ശാസ്ത്ര സത്യമാണെന്നും ഇത് ഒരു അത്ഭുത ബാലനാണെന്നും അഭിപ്രായപ്പെട്ട് നിരവധി കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നത്. അതോടെയാണ് ജനകീയ ശാസ്ത്ര പ്രചാരകര്‍ ഈ വിഷയത്തില്‍ ഇടപെട്ടത്. കുട്ടി തൊട്ടടുത്തുള്ള അമ്മയുടെ അംഗചലനങ്ങള്‍ അനുസരിച്ചാണ് കാര്യങ്ങള്‍ ഗ്രഹിക്കുന്നതെന്നും ടെലിപ്പതി ഒരു അന്ധവിശ്വാസം മാത്രമാണെന്നും അവര്‍ വിശദീകരിക്കുന്നു.
'ടെലിപ്പതി എന്നൊരു സംഭവം ഇല്ലെന്നും ഇന്നുവരെ അങ്ങനെയൊന്ന് വസ്തുനിഷ്ഠമായ രീതിയില്‍ തെളിയിക്കപ്പെട്ടിട്ടില്ലെന്നുമാണ് ശാസ്ത്ര പ്രചാരകനും എഴുത്തുകാരനും പ്രഭാഷകനുമായ സി രവിചന്ദ്രന്‍ ഇതിനെപറ്റി അഭിപ്രായപ്പെട്ടത്. കുട്ടിയുടെ പ്രകടനത്തില്‍ അമ്മയുടെ റോള്‍ പ്രധാനമാണെന്ന് ആര്‍ക്കും മനസ്സിലാക്കാം. ഇത്തരം കേസുകളിലെ പൊതുപ്രവണതയാണിത്. മറ്റൊരാള്‍ എഴുതുന്ന വാക്ക് അമ്മയെ കാണിക്കുന്നു, ശേഷം അമ്മ കുട്ടിക്ക് നിര്‍ദ്ദേശം നല്‍കുന്നു, കുട്ടിയുടെ അടുത്തേക്ക് നീങ്ങിയിരിക്കുന്നു, തെറ്റുമ്പോള്‍ കോണ്‍സെന്‍ട്രേറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നു, കുട്ടി വാക്ക് തെറ്റിക്കുന്നതിന്റെ വിശദീകരണം നല്‍കുന്നു...ചുരുക്കത്തില്‍ അമ്മ ഇല്ലെങ്കില്‍ കുട്ടിക്ക് ഇതൊന്നും സാധിക്കുന്നില്ലെന്ന് വ്യക്തമാണ്. ഇവിടെ കൂടുതല്‍ വിശദീകരണത്തിന്റെ ആവശ്യമില്ലെന്നും രവിചന്ദ്രന്‍ പറയുന്നു.
ഓട്ടിസ്റ്റിക്കായ കുട്ടികളുടെ അമ്മമാരും മാതാപിതാക്കളും അനുഭവിക്കുന്ന മാനസികസമ്മര്‍ദ്ദം വളരെ വലുതാണ്. മിക്ക കേസുകളിലും മാതാപിതാക്കളുടെ താല്പര്യവും ആഗ്രഹവും അവകാശവാദങ്ങളും മൂലമാണ് ഇത്തരം കുട്ടികളില്‍ ;അത്ഭുതശേഷികള്‍' ആരോപിക്കപ്പെടുന്നത്. ഇതവര്‍ സ്വയം സമാശ്വസിപ്പിക്കുന്നതിന്റെ ഭാഗമായി ചെയ്യുന്നതാവാം.'
അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്മാക്കി. അതുപോലെതന്നെ എഴുത്തുകാരനും ശാസ്ത്ര പ്രഭാഷകനുമായ ഡോ.ജിനേഷും ഈ വിഷയത്തില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. ടെലിപ്പതി അവകാശപ്പെടുന്ന കുട്ടിക്ക് രക്ഷിതാവിനെ സമീപത്തുനിന്ന് മാറ്റിയതോടെ ഒന്നും ചെയ്യാന്‍ ആയില്ല എന്ന മുന്‍ അനുഭവവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.