Latest News

ആക്ഷന്‍ പടങ്ങളും രജനീകാന്തും ഇഷ്ടം; മലയാളത്തില്‍ മറക്കാനാവാത്ത അമൃതംഗമയ; എന്റെ മക്കളെ തട്ടിക്കൊണ്ടു പോകാന്‍ അവര്‍ പ്ലാനിട്ടു'; തളര്‍ത്താന്‍ നോക്കിയിട്ടും പതറിയിട്ടില്ല; ഭയമുള്ളത് പാര്‍ട്ടിയെ മാത്രം; ലാവലിന്‍ കാലത്തെ സിംഗപ്പൂര്‍ യാത്ര ഇന്നും പ്രിയപ്പെട്ടത്; 'കാര്‍ക്കശ്യക്കാരന്‍' പട്ടം മാധ്യമസൃഷ്ടിയെന്ന് പിണറായി; മോഹന്‍ലാലിന് മുന്നില്‍ മനസുതുറന്ന് മുഖ്യമന്ത്രി!

Malayalilife
 ആക്ഷന്‍ പടങ്ങളും രജനീകാന്തും ഇഷ്ടം; മലയാളത്തില്‍ മറക്കാനാവാത്ത അമൃതംഗമയ; എന്റെ മക്കളെ തട്ടിക്കൊണ്ടു പോകാന്‍ അവര്‍ പ്ലാനിട്ടു'; തളര്‍ത്താന്‍ നോക്കിയിട്ടും പതറിയിട്ടില്ല; ഭയമുള്ളത് പാര്‍ട്ടിയെ മാത്രം; ലാവലിന്‍ കാലത്തെ സിംഗപ്പൂര്‍ യാത്ര ഇന്നും പ്രിയപ്പെട്ടത്; 'കാര്‍ക്കശ്യക്കാരന്‍' പട്ടം മാധ്യമസൃഷ്ടിയെന്ന് പിണറായി; മോഹന്‍ലാലിന് മുന്നില്‍ മനസുതുറന്ന് മുഖ്യമന്ത്രി!

മോഹന്‍ലാലുമായുള്ള അഭിമുഖത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ വ്യക്തിപരമായ ചില കാര്യങ്ങള്‍ വെളിപ്പെടുത്തി. ചെറുപ്പത്തില്‍ ഭൂതപ്രേത പിശാചുക്കളെ തനിക്ക് ഭയങ്കര പേടിയായിരുന്നുവെന്നും, ഒഴിവുസമയങ്ങളില്‍ സിനിമ കാണാറുണ്ടെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

എം.എല്‍.എ. ആയിരുന്നപ്പോള്‍ പോലും വീട്ടില്‍ വൈദ്യുതിയില്ലാത്ത ഒരു കാലത്താണ് താന്‍ വളര്‍ന്നതെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. രാത്രിയിലെ കടുത്ത ഇരുളില്‍ ഏത് സമയത്തും എവിടെയും പ്രേതങ്ങള്‍ പ്രത്യക്ഷപ്പെടാമെന്നാണ് അന്ന് തോന്നിയിരുന്നത്. എന്നാല്‍ വളര്‍ന്നുവന്നപ്പോള്‍ ഈ ഭയങ്ങള്‍ താന്‍ സ്വയം മാറ്റിയെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഭ്യമാകുന്ന ഒഴിവുവേളകള്‍ വായനയ്ക്കും ടെലിവിഷനില്‍ സിനിമ കാണുന്നതിനും വേണ്ടിയാണ് ഉപയോഗിക്കാറുള്ളതെന്ന് പിണറായി വിജയന്‍ പറഞ്ഞു.

 മലയാളത്തില്‍ തനിക്ക് മറക്കാനാവാത്ത സിനിമകളിലൊന്ന് 'അമൃതം ഗമയ' ആണെന്നും, ചില സിനിമകളിലെ രംഗങ്ങള്‍ ജീവിതവുമായി ബന്ധമുള്ളതായി തോന്നാറുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. 'ഓര്‍ത്തുവയ്ക്കുന്ന നിരവധി കഥാപാത്രങ്ങളുണ്ട്. എം.ടി എഴുതിയ അമൃതംഗമയ ഇഷ്ടമുള്ള സിനിമയും കഥാപാത്രവുമാണ്. അതിലെ മോഹന്‍ലാലിന്റെ കഥാപാത്രം ഇഷ്ടമാണ്. സാമൂഹികപ്രതിബദ്ധതയുള്ള കഥാപാത്രമായി തോന്നിയിട്ടുണ്ട്,' പിണറായി വിജയന്‍ പറഞ്ഞു.ആക്ഷന്‍ ചിത്രങ്ങളോടാണ് കൂടുതല്‍ താല്‍പര്യമെന്നും, നടന്‍ രജനീകാന്തിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.'ഒരു ഘട്ടത്തില്‍ രജനീകാന്ത് സിനിമകളായിരുന്നു ഇഷ്ടം. ആക്ഷന്‍ പടങ്ങള്‍ ഇഷ്ടമാണ്. കെടിവിയില്‍ സ്ഥിരമായി രജനിപ്പടങ്ങള്‍ വരുമായിരുന്നു. അതൊക്കെ കാണാറുണ്ടായിരുന്നു,-മുഖ്യമന്ത്രി പറഞ്ഞു

സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ ഏത് വേഷം ചെയ്യാനാണ് ആഗ്രഹം എന്ന മോഹന്‍ലാലിന്റെ രസകരമായ ചോദ്യത്തിന്, 'സിനിമയില്‍ അഭിനയിക്കാനുള്ള കാലം കഴിഞ്ഞു, ഇനി പ്രായമുള്ള വേഷങ്ങള്‍ മാത്രമേ ചെയ്യാന്‍ പറ്റൂ' എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചിരിച്ചുകൊണ്ടുള്ള മറുപടി. അമ്മയുടെ വേര്‍പാടും ജീവിതത്തിലെ നിയോഗവും ജീവിതത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഉലച്ച സംഭവം അമ്മയുടെ വേര്‍പാടാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി. തിരുവനന്തപുരത്ത് നിന്ന് നാട്ടിലെത്തി അമ്മയ്ക്ക് അവസാനമായി വെള്ളം നല്‍കിയതും, അമ്മ പോയ വിവരം ആരോടെങ്കിലും പറയാന്‍ പോലും കഴിയാതെ വിതുമ്പിനിന്ന നിമിഷവും അദ്ദേഹം പങ്കുവെച്ചു. അഞ്ചാം ക്ലാസ്സില്‍ പഠനം നിര്‍ത്തേണ്ടി വരുമായിരുന്ന തന്നെ പഠിക്കാന്‍ പ്രേരിപ്പിച്ചത് അമ്മയും അധ്യാപകരുമായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിച്ചു. 

അടിയന്തരാവസ്ഥക്കാലത്ത് പോലീസ് മര്‍ദ്ദനമേറ്റ് ചോരപുരണ്ട തന്റെ ഷര്‍ട്ട് ദീര്‍ഘകാലം സൂക്ഷിച്ചുവെച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'തൊലിയുരിഞ്ഞു പോകുന്ന മര്‍ദ്ദനമായിരുന്നു അന്ന് ഏറ്റുവാങ്ങേണ്ടി വന്നത്. അന്നത്തെ പ്രായത്തിന്റെ കരുത്തിലാണ് അത് അതിജീവിച്ചത്.' പില്‍ക്കാലത്ത് ആഭ്യന്തര വകുപ്പ് കയ്യില്‍ വന്നപ്പോള്‍ ലോക്കപ്പ് മര്‍ദ്ദനങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചത് ആ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. 

തന്റെ 'കടുപ്പക്കാരന്‍' എന്ന ഇമേജ് ബോധപൂര്‍വ്വം ബ്രാന്‍ഡ് ചെയ്യപ്പെട്ടതാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. തന്നെക്കുറിച്ച് വരുന്ന വാര്‍ത്തകളില്‍ വ്യാകുലപ്പെടാറില്ല. ഒരു വാര്‍ത്ത മാറ്റണം എന്ന് ആവശ്യപ്പെട്ട് ഇന്നുവരെ ഒരു മാധ്യമപ്രവര്‍ത്തകനെയും താന്‍ വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയോടുള്ള എതിര്‍പ്പാണ് പലരും തന്നിലൂടെ പ്രകടിപ്പിക്കുന്നത് എന്നതിനാല്‍ ആരോടും അമര്‍ഷമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ രാഷ്ട്രീയ എതിരാളികള്‍ പദ്ധതിയിട്ടുവെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.   'മക്കളാണ് എന്റെ ദൗര്‍ബല്യമെന്ന് ചിലര്‍ കരുതിയിരുന്നു, എന്നാല്‍ ഏത് വെല്ലുവിളിയെയും നേരിടാന്‍ ഉറച്ച നിലപാടാണ് ഞാന്‍ സ്വീകരിച്ചത്,' എന്ന് അദ്ദേഹം വെളിപ്പെടുത്തി. കതളര്‍ത്താന്‍ നോക്കിയവര്‍ക്കും വേട്ടയാടിയവര്‍ക്കും മുന്നില്‍ തനിക്ക് കരുത്തായത് സി.പി.ഐ.എം എന്ന പ്രസ്ഥാനമാണെന്നും, തനിക്ക് ഭയമുള്ളത് പാര്‍ട്ടിയെ മാത്രമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. മാധ്യമങ്ങള്‍ ചമച്ചുനല്‍കിയ 'കാര്‍ക്കശ്യക്കാരന്‍' എന്ന പ്രതിച്ഛായയെ തള്ളിക്കളഞ്ഞ അദ്ദേഹം, വിവാദമായ സിംഗപ്പൂര്‍ യാത്രയെയും ലാവലിന്‍ കാലത്തെയും കുറിച്ച് യാതൊരു കുറ്റബോധവുമില്ലാതെ സംസാരിച്ചു. 

തന്റെ ഏറ്റവും വലിയ ദൗര്‍ബല്യം മക്കളാണെന്ന് കരുതിയവര്‍ അവരെ അപായപ്പെടുത്താന്‍ ശ്രമിച്ചു. 'എതിര്‍ രാഷ്ട്രീയ ചേരിയിലുള്ള ഒരാള്‍ നേരിട്ട് വന്ന് മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയുള്ള വിവരം അറിയിച്ചു. എന്നാല്‍ അത് വരുമ്പോള്‍ കാണാമെന്ന ഉറച്ച നിലപാടാണ് ഞാന്‍ സ്വീകരിച്ചത്,' അദ്ദേഹം പറഞ്ഞു. തന്നെ തളര്‍ത്താന്‍ പലവിധ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒരുകാലത്തും പതറിപ്പോയിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'കാര്‍ക്കശ്യക്കാരന്‍' എന്ന ബ്രാന്‍ഡിംഗ് താനൊരു കാര്‍ക്കശ്യക്കാരനാണെന്ന വിളിപ്പേര് വലതുപക്ഷ മാധ്യമങ്ങള്‍ ഉണ്ടാക്കിയെടുത്ത ഒന്നാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. 'ഇടതുപക്ഷ നേതാവ് സാധാരണക്കാരനില്‍ നിന്ന് വ്യത്യസ്തനാണെന്ന് കാണിക്കാന്‍ ചിലര്‍ക്ക് താല്പര്യമുണ്ട്. മനുഷ്യന് പല ഭാവങ്ങളുണ്ട്, എന്നാല്‍ മാധ്യമങ്ങള്‍ എന്റെ ക്ഷോഭിച്ച ഭാവങ്ങള്‍ മാത്രമേ നല്‍കാറുള്ളൂ,' അദ്ദേഹം പറഞ്ഞു. തന്നെക്കുറിച്ചുള്ള വാര്‍ത്തകളില്‍ വ്യാകുലപ്പെടാറില്ലെന്നും മാധ്യമ മാനേജ്‌മെന്റുകളെ വിളിച്ച് പരാതിപ്പെടാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

തന്റെ ജീവിതത്തിലെ മറക്കാനാവാത്ത യാത്രകളെക്കുറിച്ചുള്ള ചോദ്യത്തിന്, ഏറെ വിവാദമായ സിംഗപ്പൂര്‍ യാത്രയെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു. ലാവലിന്‍ വിവാദങ്ങള്‍ കത്തിനില്‍ക്കുന്ന സമയത്ത്, മന്ത്രിസ്ഥാനം രാജിവെച്ച ശേഷം കുടുംബത്തോടൊപ്പം നടത്തിയ ആ യാത്ര ഏറെ ആസ്വദിച്ച ഒന്നായിരുന്നു. അതിനെക്കുറിച്ച് പിന്നീട് വലിയ കഥകള്‍ പ്രചരിച്ചെങ്കിലും അന്നും ഇന്നും ആ വാര്‍ത്തകളില്‍ വിഷമമില്ലെന്ന് അദ്ദേഹം പറഞ്ഞു. 

പാര്‍ട്ടിയാണ് കരുത്ത്, എകെജി പ്രചോദനം 'എനിക്ക് ഭയമുള്ളത് പാര്‍ട്ടിയെ മാത്രമാണ്. പാര്‍ട്ടിയോടുള്ള വിശ്വാസമാണ് എന്റെ കരുത്ത്,' മുഖ്യമന്ത്രി വ്യക്തമാക്കി. എകെജിയാണ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ വലിയ പ്രചോദനമെന്നും അദ്ദേഹം പറഞ്ഞു. വിയോജിക്കുന്നവരോട് വിദ്വേഷമില്ലെന്നും എന്നാല്‍ എന്നും പാര്‍ട്ടിക്കൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. 

പഴയകാലത്തെപ്പോലെ ആളുകളുമായി സമയം ചെലവഴിക്കാന്‍ ഇപ്പോള്‍ സാധിക്കുന്നില്ലെങ്കിലും ഓരോ കാലത്തെയും നിയോഗങ്ങള്‍ നിര്‍വ്വഹിക്കുക എന്നതാണ് തന്റെ രീതിയെന്ന് അദ്ദേഹം പറഞ്ഞു. ഒറ്റയ്ക്കിരിക്കേണ്ടി വന്നാല്‍ അതില്‍ ബുദ്ധിമുട്ടില്ലെന്നും സമാധാനമായി ഇരിക്കാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സ്ഥലം സ്വന്തം വീടാണെന്നും അദ്ദേഹം മോഹന്‍ലാലിനോട് പങ്കുവെച്ചു.

ഏതൊരു സ്ഥാനവും നിയോഗത്തിന്റെ ഭാഗമാണെന്നും ആ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നുമുള്ള തന്റെ ജീവിതദര്‍ശനം അദ്ദേഹം പങ്കുവെച്ചു. മോഹന്‍ലാലിന്റെ അഭ്യര്‍ത്ഥന പ്രകാരം പാട്ടു പാടിയില്ലെങ്കിലും ഉപനിഷത്തിലെ നാലുവരി ശ്ലോകം ചൊല്ലിയാണ് മുഖ്യമന്ത്രി സംഭാഷണം അവസാനിപ്പിച്ചത്

mohanlal pinarayi interview

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES