Latest News

'ഫിജിയില്‍ ആ പോസ്റ്റര്‍ കണ്ടപ്പോള്‍ എന്റെ തൊലി ഉരിഞ്ഞുപോയി; സര്‍ക്കാര്‍ എന്ത് തേങ്ങയാണ് ഉണ്ടാക്കുന്നത്?'; കേരള സ്റ്റോറി 2 ബാന്‍ ചെയ്യണമെന്നും സുജിത് ഭക്തന്‍; അണിയറപ്രവര്‍ത്തകര്‍ക്ക് ഉളുപ്പുണ്ടോ എന്ന് ചോദ്യം; വ്‌ലോഗറുടെ വീഡിയോ വൈറല്‍

Malayalilife
 'ഫിജിയില്‍ ആ പോസ്റ്റര്‍ കണ്ടപ്പോള്‍ എന്റെ തൊലി ഉരിഞ്ഞുപോയി; സര്‍ക്കാര്‍ എന്ത് തേങ്ങയാണ് ഉണ്ടാക്കുന്നത്?'; കേരള സ്റ്റോറി 2 ബാന്‍ ചെയ്യണമെന്നും സുജിത് ഭക്തന്‍; അണിയറപ്രവര്‍ത്തകര്‍ക്ക് ഉളുപ്പുണ്ടോ എന്ന് ചോദ്യം; വ്‌ലോഗറുടെ വീഡിയോ വൈറല്‍

വിവാദ ചിത്രം 'ദ് കേരള സ്റ്റോറി 2'നെതിരെ രൂക്ഷവിമര്‍ശനവുമായി ട്രാവല്‍ വ്‌ലോഗര്‍ സുജിത് ഭക്തന്‍. ഫിജിയുടെ തലസ്ഥാനമായ സുവായിലെ ഒരു തിയറ്ററിന് മുന്നില്‍ ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ടതിന് പിന്നാലെയാണ് സുജിത് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. ഫിജിയില്‍ നിന്നുള്ള പ്രത്യേക വീഡിയോയിലൂടെയായിരുന്നു സുജിത്തിന്റെ പ്രതികരണം. സിനിമയിലെ പ്രൊപ്പഗണ്ട കേരളത്തിന്റെ പ്രതിച്ഛായയെ രാജ്യാന്തര തലത്തില്‍ തകര്‍ക്കുമെന്നും ഇതില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും സുജിത് ആവശ്യപ്പെട്ടു. 

'ഞാന്‍ ഇപ്പോള്‍ ഫിജിയിലാണ്. ഫിജിയുടെ തലസ്ഥാനമായ സുവയിലെ ഒരു തിയറ്ററിന് മുന്നില്‍ കേരള സ്റ്റോറി 2-ന്റെ പോസ്റ്റര്‍ കണ്ടപ്പോള്‍ എന്റെ തൊലി ഉരിഞ്ഞുപോയി. സത്യം പറഞ്ഞാല്‍ ഇത് വലിയ നാണക്കേടാണ്. ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ഉളുപ്പുണ്ടോ? ഫിജിയിലെ ജനങ്ങള്‍ക്ക് കേരളത്തെപ്പറ്റിയുള്ള തെറ്റായ ധാരണയാണ് ഈ സിനിമ നല്‍കാന്‍ പോകുന്നത്,' സുജിത് ഭക്തന്‍ പറഞ്ഞു. 

കേരള സ്റ്റോറിയിലെ പ്രൊപ്പഗണ്ട മുഴുവന്‍ കേരളത്തിന് മേലേക്കാണ് അടിച്ചേല്‍പ്പിക്കാന്‍ പോകുന്നത്. സിനിമയിലെ ഉള്ളടക്കം പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. 'നമ്മുടെ സര്‍ക്കാരൊക്കെ എന്തു തേങ്ങയാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്? സര്‍ക്കാര്‍ ഇതില്‍ ഇടപെടണം, ഈ പടം നിരോധിക്കണം. ഇതിന് ബംഗാള്‍ സ്റ്റോറിയെന്നോ നോര്‍ത്ത് ഇന്ത്യന്‍ സ്റ്റോറിയെന്നോ പേരിടട്ടെ. അല്ലെങ്കില്‍ സൗത്ത് ഇന്ത്യന്‍ സ്റ്റോറി എന്നെങ്കിലും ഇട്,' സുജിത് വീഡിയോയില്‍ വ്യക്തമാക്കി. 

ഓസ്ട്രേലിയയുടെ വടക്ക് സ്ഥിതി ചെയ്യുന്ന പസഫിക് രാജ്യമായ ഫിജിയില്‍ 40 ശതമാനത്തോളം ഇന്ത്യക്കാരുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് തൊഴിലാളികളായി എത്തിയവരുടെ മൂന്നാം തലമുറയാണ് ഇവിടെ താമസിക്കുന്നത്. അവര്‍ക്ക് ഇന്ത്യയുമായി വലിയ ബന്ധമില്ല. സിനിമ കണ്ട് ഇതിലെ കാര്യങ്ങളാണ് കേരളത്തിലെ യാഥാര്‍ഥ്യമെന്ന് അവര്‍ വിശ്വസിക്കുമെന്നും സുജിത് ആശങ്ക പ്രകടിപ്പിച്ചു.

അതേസമയം, കേരള സ്റ്റോറി 2ന്റെ റിലീസ് 15 ദിവസത്തേക്ക് ഹൈക്കോടതി തടഞ്ഞു. സിനിമ മതസൗഹാര്‍ദ്ദത്തിന് ഭീഷണിയാകുമെന്ന് നിരീക്ഷിച്ചും സെന്‍സര്‍ ബോര്‍ഡ് വീണ്ടും സിനിമ കാണണമെന്നും ആവശ്യപ്പെട്ടാണ് സ്റ്റേ ചെയ്തത്. കേരള സ്റ്റോറി കണ്ട് വിലയിരുത്താനായില്ലെന്നും സിനിമ കാണാന്‍ അവസരം ഒരുക്കുന്നതില്‍ നിന്ന് നിര്‍മ്മാതാക്കള്‍ ഒഴിഞ്ഞുമാറി എന്നും ഹൈക്കോടതി പറഞ്ഞു. തീവ്രവാദത്തിന്റെയും മതപരിവര്‍ത്തനത്തിന്റെ നാടാണ് കേരളം എന്ന് മുദ്രകുത്താന്‍ ഈ സിനിമ എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹര്‍ജിയല്‍ സെന്‍സര്‍ ബോര്‍ഡ് അടക്കമുള്ളവര്‍ക്ക് ഹൈക്കോടതി നോട്ടീസ് നല്‍കിയിരുന്നു. അതേസമയം, രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യമാണ് സിനിമയിലൂടെ പറഞ്ഞതെന്നായിരുന്നു സംവിധായകന്‍ കാമാക്യ നാരായണന്‍ സിംഗിന്റെ അവകാശവാദം. 

കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമായ 'കേരള സ്റ്റോറി 2'വിന്റെ ട്രെയിലര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്തുവന്നത്. കേരളത്തില്‍ ഹിന്ദു പെണ്‍കുട്ടികളെ പ്രണയം നടിച്ച് നിര്‍ബന്ധിത മതംമാറ്റത്തിന് വിധേയരാക്കുന്നുവെന്നും സമ്മതമില്ലാതെ ബീഫ് വായില്‍ വച്ച് കഴിക്കാന്‍ ഭീഷണിപ്പെടുത്തുന്നുവെന്നുമുള്ള രംഗങ്ങളാണ് ട്രെയിലറില്‍ ഉള്ളത്. വലിയ രീതിയിലുള്ള വിമര്‍ശനമാണ് ചിത്രത്തിന്റെ ട്രെയിലറിനെതിരെ ഉയര്‍ന്നുവരുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ ഇത് വര്‍ഗീയ ധ്രുവീകരണത്തിന് കാരണമാകുമെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
 

vlogger sujith bhaktan about keralastory 2

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES