കന്നഡ ചലച്ചിത്ര സംവിധായകനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്ത സംഭവത്തില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കേസില്‍ സിനിമാ നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ഐശ്വര്യ ഉള്‍പ്പെടെ പതിനൊന്ന് പേരെയാണ് ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. 'അനീഷ് ക്രിയേഷന്‍സ്' എന്ന പേരില്‍ മോഡലിംഗ്-കാസ്റ്റിംഗ് ഏജന്‍സി നടത്തുന്ന തമിഴ്നാട് സ്വദേശിയായ ടി.എ അനീഷ് ആണ് അക്രമത്തിന് ഇരയായത്. സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്നാണ് ആക്രമണം നടന്നതെന്ന് പോലീസ് അറിയിച്ചു.
കൈകാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഫെബ്രുവരി 11-നാണ് അനീഷ് അഡുഗോഡി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ആശുപത്രി അധികൃതര്‍ ഇതൊരു മെഡിക്കോ-ലീഗല്‍ കേസ് ആയി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പ്രതികളിലൊരാളായ അനീഷില്‍ നിന്ന് വാങ്ങിയ 2.5 ലക്ഷം രൂപയുടെ വായ്പയെച്ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. കൂടാതെ, അനീഷിന്റെ പുറത്തിറങ്ങാത്ത ചിത്രമായ 'ജീവനദ ഭാഷെ'യില്‍ ലക്ഷ്മി നാരായണന്‍ എന്നയാള്‍ നിക്ഷേപിച്ച 6 ലക്ഷം രൂപയെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങളും അക്രമത്തിന് കാരണമായതായി പോലീസ് പറയുന്നു.
ഏകദേശം രണ്ട് മാസം മുന്‍പാണ് അനീഷ് മുംബൈയിലേക്ക് താമസം മാറിയത്. തന്റെ പക്കലുള്ള ഹോണ്ട സിആര്‍വി കാര്‍ വില്‍ക്കാനുള്ള താല്പര്യം ബംഗളൂരു ഇന്ദിരാനഗറിലെ സുഹൃത്തായ നടി ഐശ്വര്യയെ ഇയാള്‍ അറിയിച്ചിരുന്നു. ഇതറിഞ്ഞ പ്രതികളുടെ സംഘം കാര്‍ വില്‍ക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തു. തുടര്‍ന്ന് ഫെബ്രുവരി 9-ന് അനീഷ് മുംബൈയില്‍ നിന്ന് ബംഗളൂരുവിലെത്തി. ഇന്ദിരാനഗറിന് സമീപം വെച്ച് നടി ഐശ്വര്യയെയും ഷാഹിദ് എന്ന വ്യക്തിയെയും മറ്റൊരു കൂട്ടാളിയെയും അനീഷ് നേരില്‍ കണ്ടു വാഹനം പരിശോധിക്കാനെന്നും അഡ്വാന്‍സ് തുക നല്‍കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് അനീഷിനെ ഒരു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ എത്തിയ ഉടന്‍ അവര്‍ പിന്നില്‍നിന്ന് വാതില്‍ പൂട്ടി. തുടര്‍ന്ന് അഞ്ചാറ് പേരടങ്ങുന്ന സംഘം ക്രിക്കറ്റ് സ്റ്റമ്പുകളും ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ച് അനീഷിനെ ക്രൂരമായി മര്‍ദ്ദിച്ചതായി പോലീസ് പറഞ്ഞു.
തമിഴ്നാട് പോലീസില്‍ നല്‍കിയ പരാതി ഉള്‍പ്പെടെ, സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നേരത്തെ നല്‍കിയിട്ടുള്ള എല്ലാ പരാതികളും പിന്‍വലിക്കണമെന്നും അവയുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അനീഷ് ഇതിന് വഴങ്ങാതിരുന്നതോടെ മര്‍ദ്ദനം തുടരുകയും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
അനീഷിന്റെ കൈവശമുണ്ടായിരുന്ന മാലയും മോതിരവുമടങ്ങുന്ന ഏകദേശം 22 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും 30,000 രൂപയും അക്രമികള്‍ തട്ടിയെടുത്തു. പിന്നീട് കാറില്‍ കയറ്റി തുംകൂരു ജില്ലയിലെ മന്ദരഗിരി കുന്നിന് സമീപമുള്ള വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ വെച്ച് സംഘത്തില്‍ രണ്ട് പേര്‍ കൂടി ചേരുകയും അനീഷിനെ വീണ്ടും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് അഡുഗോഡി പോലീസ് സ്റ്റേഷനില്‍ തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടങ്കലില്‍ വെക്കല്‍, മര്‍ദ്ദനം, കവര്‍ച്ച എന്നീ കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്തു. പ്രതികളില്‍ നിന്ന് ആറ് മൊബൈല്‍ ഫോണുകള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, ഒരു കാര്‍, പണം എന്നിവ കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സംഭവത്തിന്റെ പൂര്‍ണ്ണരൂപം പുറത്തുകൊണ്ടുവരാന്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
അനീഷ് നിരവധി ആല്‍ബം ഗാനങ്ങളും ഹ്രസ്വചിത്രങ്ങളും 'ജീവനദ ഭാഷെ' എന്ന ഫീച്ചര്‍ ഫിലിമും സംവിധാനം ചെയ്തിട്ടുണ്ട്. കന്നഡ, തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമാണ് 'ആഷ് മെല്ലോ' എന്ന പേരില്‍ അറിയപ്പെടുന്ന ഐശ്വര്യ. നേരത്തെ 'ഹള്ളി പവര്‍' എന്ന റിയാലിറ്റി ഷോയില്‍ നിന്ന് പാതിവഴിയില്‍ ഇറങ്ങിപ്പോയത് വലിയ വാര്‍ത്തയായിരുന്നു. 'ദ്വംസ', 'ഭൈര' തുടങ്ങിയ വരാനിരിക്കുന്ന ചിത്രങ്ങളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്.