ബിഗ്‌ബോസ് മലയാളത്തില്‍ നിന്നും രജിത് കുമാര്‍ പുറത്തേക്ക് പോയതില്‍ വലിയ രീതിയില്‍ ആരാധകരുടെ ഭാഗത്ത് നിന്നും വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. സഹമത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിനെത്തുടര്‍ന്നാണ് രജിത് കുമാര്‍ ഷോയില്‍ നിന്നും പുറത്തേക്ക് പോയത്. തുടക്കത്തില്‍ താത്കാലികമായിട്ടാണ് പോയത് എങ്കിലും പിന്നീട് അദ്ദേഹത്തെ ബിഗ്‌ബോസിലേക്ക് വീണ്ടും കയറ്റുന്നത് തനിക്ക് സമ്മതമല്ല എന്ന് രേഷ്മ പറഞ്ഞതിനെത്തുടര്‍ന്ന് രജിത്തിനെ ബിഗ്‌ബോസില്‍ നിന്നും പൂര്‍ണമായും പുറത്താക്കുകയായിരുന്നു. പിന്നീട് വിമാനത്തില്‍ ചെന്നൈയില്‍ നിന്നും കൊച്ചിയിലെത്തിയ രജിത്തിന് ആരാധകര്‍ വമ്പന്‍ സ്വീകരണമാണ് ഒരുക്കിയത്. കൊറോണ കാലത്ത് മുന്‍കരുതല്‍ എടുക്കേണ്ടതിനി പകരം ഇത്ര വലിയ ആള്‍ക്കൂട്ടം ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. രജിത്തിന് മാപ്പു നല്‍കാന്‍ രേഷ്മ തയ്യാറാകാത്തതാണ് അദ്ദേഹം ബിഗ്‌ബോസില്‍ നിന്നും പുറത്തേക്ക് പോകാന്‍ കാരണം. അതിനാല്‍ തന്നെ രേഷ്മയ്‌ക്കെതിരെ വലിയ രീതിയില്‍ സൈബര്‍ ആക്രമണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എന്നാലിപ്പോള്‍ ബിഗ് ബോസ് എന്ന ചാനല്‍ പരിപാടിയില്‍ നിന്ന് രജിത് കുമാറിനെ പുറത്താക്കാന്‍ കാരണക്കാരിയായ രേഷ്മ എയര്‍പോര്‍ട്ടില്‍ വരുമ്പോള്‍ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി നടന്‍ ധനേഷ് ആനന്ദ് വെളിപ്പെടുത്തിയിരിക്കയാണ്. രജിത് കുമാറിന്റെ പേരിലുള്ള ഫാന്‍സ് ഗ്രൂപ്പുകളില്‍ ഇത്തരത്തിലുള്ള ആഹ്വാനങ്ങള്‍ നടക്കുന്നതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ധനേഷ് ആനന്ദിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
എങ്ങോട്ടാണ് നമ്മുടെ നാടിന്റെ പോക്ക്..? മലയാളി എന്ന് പറഞ്ഞു ഓരോ നിമിഷവും അഭിമാനിക്കുന്നവര്‍ക്ക് മുന്നിലേക്ക് ചില മലയാളികളെ കൂടെ പരിചയപ്പെടുത്തുന്നു.
ബിഗ് ബോസ് എന്ന പ്രോഗ്രാമില്‍ നിന്നും രജിത് കുമാറിനെ പുറത്താക്കിയ രേഷ്മ എയര്‍പോര്‍ട്ടില്‍ വരുമ്പോള്‍, അവരെ ആക്രമിക്കാന്‍ വേണ്ടി ആളുകള്‍ രജിത് കുമാറിന്റെ പേരിലുള്ള ഗ്രൂപ്പുകളില്‍ ആഹ്വാനം നടത്തുന്നതിന്റെ ചില സ്‌ക്രീന്‍ഷോട്ട് ആണ് താഴെ..
മുളക് വെള്ളം ഒഴിക്കണം, തല്ലണം തുടങ്ങി അവളുടെ മുഖത്ത് ആസിഡ് ഒഴിക്കണം, കൊല്ലണം എന്ന് വരെയുണ്ട് അതിലെ കമന്റ്‌സ്. കൊല്ലാനും ആസിഡ് ഒഴിക്കാനും പറയുന്നത് സ്ത്രീകള്‍ ആണെന്ന് കൂടെ ഓര്‍ക്കണം.. ഒരു ടെലിവിഷന്‍ ഷോയില്‍ നിന്നും രജിത് കുമാറിനെ ഒഴിവാക്കി എന്നതിന്റെ പേരില്‍ ഒരാളെ അതും ഒരു പെണ്കുട്ടിയെ ആക്രമിക്കാന്‍ വേണ്ടി ഒരു കൂട്ടം ആളുകള്‍ പറയുന്നു. ഇവിടത്തെ നിയമവും നിയമപാലകരും ഇതിന് ഇപ്പോഴേ തടയിട്ടില്ലെങ്കില്‍ വലിയ ഒരു വിപത്തിലേക്ക് തന്നെ ആകും സമൂഹം പോകുക.
ലില്ലി, ഫോറന്‍സിക് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ധനേഷ്.