നടന് ബാലയ്ക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് മുന്‍ ഭാര്യ എലിസബത്ത് ഉദയന്‍ ഇപ്പോൾ എത്തുകയാണ്. മുൻപും പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഇപ്പോൾ എലിസബേത് കൂടുതൽ പറയുന്നത്. തന്നെ വിവാഹം ചെയ്തതിനു ശേഷവും പല സ്ത്രീകളെയും ഫ്ലാറ്റിലേക്ക് കൊണ്ടുവരാറുണ്ട്. കഴുത്തിന് കുത്തിപ്പിടിച്ചും തലമുടിക്ക് പിടിച്ചും മുഖത്തടിച്ചും മർദ്ദിച്ചിരുന്നു. ചില അവസരങ്ങളിൽ തന്നെ മോഷ്ടാവായി ചിത്രീകരിച്ചു. ബാലയെ ഒരുപാട് സ്നേഹിച്ചു പോയതുകൊണ്ടാണ് ഈ മർദ്ദനങ്ങൾക്കെതിരെ പൊലീസിൽ പരാതി എഴുതി നൽകാതിരുന്നത്. പല തവണ ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്. ബാലയെ ഒരുപാട് സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്ത തന്നോട് എങ്ങനെ ഇത്രയും ക്രൂരമായി പെരുമാറാൻ എങ്ങനെ കഴിഞ്ഞു എന്ന് വിതുമ്പലോടെ ചോദിച്ചുകൊണ്ടാണ് എലിസബത്ത് വിഡിയോ അവസാനിപ്പിക്കുന്നത്.
എലിസബത്തിന്റെ വാക്കുകൾ: "കല്യാണം കഴിഞ്ഞതിനു ശേഷം അയാൾ വേറെ പെണ്ണുങ്ങളെ ഒക്കെ ഫ്ലാറ്റിലേക്ക് കൊണ്ടുവരുന്നുണ്ട് എന്നൊക്കെ ഞാൻ അറിഞ്ഞിരുന്നു. എന്നെ പലരും വിളിച്ചു പറയുമല്ലോ. അത് അറിഞ്ഞിട്ടാണ് ഞാൻ ഇറങ്ങി പോന്നത്. ഇദ്ദേഹത്തിന്റെ കയ്യിൽനിന്നും എനിക്ക് അടി കിട്ടിയിട്ട് നമ്മൾ സ്റ്റേഷനിലൊക്കെ വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു. സ്റ്റേഷനിൽ നിന്ന് പൊലീസ് വന്നപ്പോഴേക്കും ഇയാൾ ഇവിടുന്ന് ഓടി വേറെ സ്ഥലത്തേക്ക് പോയി. അപ്പോൾ അവർ പറഞ്ഞു പരാതി എഴുതി തരണമെന്ന്! അപ്പോഴും എനിക്ക് ആളെ ഇഷ്ടമാണല്ലോ. അതുകൊണ്ട് ഞാൻ പരാതി എഴുതി കൊടുത്തില്ല. പക്ഷേ, പിന്നെ ആള് തിരിച്ചു വീട്ടിലേക്ക് വരുന്നില്ല. ഞാൻ ഇറങ്ങി പോയാലേ പുള്ളി വരുള്ളൂ എന്നാണ് ഡിമാൻഡ്. അപ്പോൾ പിന്നെ ഞാൻ ഇറങ്ങി പോകാണ്ടിരുന്നിട്ട് കാര്യമില്ലല്ലോ.
വീട്ടിൽ ഒരു നായ്ക്കുട്ടിയുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ് നായ്ക്കുട്ടിയെ. പക്ഷേ, ഞാൻ നായ്ക്കുട്ടിയെ എടുത്തുകൊണ്ടു പോയാൽ ഞാൻ അതിനെ കട്ടുകൊണ്ട് പോയി എന്ന് പറയും. ഞാൻ അങ്ങനെ കരുതാൻ കാരണമുണ്ട്. പണ്ട് എനിക്ക് ന്യുമോണിയ വന്നിട്ട് ഞാൻ കുറച്ചു ദിവസം ഇവിടെ നിന്നും മാറി നിന്നിരുന്നു. ആ സമയത്ത് ഇയാൾ പ്രചരിപ്പിച്ചത് ഞാൻ ഇവിടെ നിന്ന് 25 ലക്ഷം രൂപ കട്ടുകൊണ്ടുപോയി എന്നാണ്. അങ്ങനെ രൂപ കട്ടുകൊണ്ടുപോയ ആളാണെങ്കിൽ പിന്നെ വീണ്ടും എന്തിനാണ് വിളിച്ചു കയറ്റിയത്? അത് ചിന്തിച്ചു കൂടെ? ഒരു ദിവസം പുലർച്ചെ മൂന്നു മണിക്ക് എന്നെ വിളിച്ചിട്ട്, ‘ചോര ഛർദ്ദിക്കുന്നു.. ആശുപത്രിയിലാണ്... അവിടെ ആരുമില്ല ഒപ്പ് ഇടാൻ,’ എന്നു പറഞ്ഞു. അങ്ങനെയാണ് ഞാൻ തിരികെ വന്നത്.