പാരിജാതം എന്ന സീരിയലില്‍ അരുണ, സീമ എന്നീ ഇരട്ടകഥാപാത്രമായി തിളങ്ങിയ നടിയാണ് രസ്‌ന. ആറാം ക്ലാസ് മുതല്‍ അഭിനയ രംഗത്തെത്തിയ രസ്ന നിരവധി കഥാപാത്രങ്ങളെയാണ് മിനി സ്‌ക്രീനില്‍ അവതരിപ്പിച്ചത്. ഒരേ സമയം വ്യത്യസ്ത സ്വഭാവമുള്ള കഥാപാത്രങ്ങളുമായി മലയാളികളെ വിസ്മയിപ്പിച്ച രസ്ന ഇന്നില്ല. പകരം സാക്ഷിയാണ്. പുതിയ പേരും സ്വീകരിച്ച് പുതിയ ജീവിതവുമായി സംതൃപ്തിയോടെ കഴിയുകയാണ് പഴയ രസ്ന ഇപ്പോള്‍. അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത രസ്ന അഭിനയം നിര്‍ത്തി എന്ന് പറയാനാകില്ല എന്ന് വ്യക്തമാക്കുകയാണ്. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് രസ്ന ഇക്കാര്യം വ്യക്തമാക്കിയത്.
ഒരുകാലത്ത് മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു രസ്ന. ചോക്ലേറ്റ്,കാര്യസ്ഥന്‍, വെള്ളരിപ്രാവിന്റെ ചങ്ങാതി തുടങ്ങിയ സിനിമകളിലും ചെറിയ വേഷങ്ങളില്‍ രസ്ന അഭിനയിച്ചിട്ടുണ്ട്. 6-ാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി രസ്ന ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ഷാജു ശ്രീധറിന്റെ സംഗീത ആല്‍ബങ്ങളായിരുന്നു തുടക്കം. അമ്മക്കായ് എന്ന സീരിയലില്‍ അഭിനയിച്ചതോടെയാണ് രസ്ന മലയാളം ടി വി. പരമ്പരകളിലെ മുന്‍ നിര നായികമാര്‍ക്കൊപ്പം വളരുന്നത്. തുടര്‍ന്ന് പ്രശസ്ത സംവിധായകനും താരത്തിന്റെ ജീവിത നായകനുമായ ബൈജു ദേവരാജന്റെ സൂപ്പര്‍ ഹിറ്റ് മെഗാ പരമ്പര പാരിജാതത്തിലേക്കുള്ള എന്‍ട്രി. ശേഷം സിന്ദൂരച്ചെപ്പ്, , വൃന്ദാവനം, വധു, നന്ദനം തുടങ്ങിയ സീരിയലുകളിലും താരം മിന്നിത്തിളങ്ങി.
എന്നാല്‍ പിന്നെ രസ്‌ന അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തു.ഇപ്പോള്‍ രണ്ടു കുട്ടികളുടെ അമ്മയാണ് രസ്‌ന. എല്‍ കെ ജി കാരിയായ ദേവനന്ദയുടെയും, ഏഴുമാസക്കാരനായ വിഘ്‌നേഷിന്റെയും. അവരുടെ കൂടെയാണ് ഇപ്പോള്‍ രസ്‌ന എന്ന സാക്ഷി മുഴുവന്‍ സമയവും ചെലവഴിക്കുന്നത്. ഇപ്പോള്‍ അഭിനയത്തിനെപ്പറ്റി ചിന്തിക്കാന്‍ പോലും സമയം ഇല്ല. കുട്ടികള്‍ക്കും ഭര്‍ത്താവിനുമൊപ്പം അത്രയും തിരക്കാണ് എന്ന് രസ്‌ന പറയുന്നു.
ഏട്ടന്‍ ജോലി തിരക്കുകളില്‍ ആണ്. അപ്പോള്‍ അദ്ദേഹത്തിനും ഒരു പിന്തുണയുടെ ആവശ്യം ഉണ്ട്. മാത്രമല്ല അവര്‍ മൂന്നാളുടെയും കാര്യം ഞാന്‍ തന്നെ നോക്കണം എന്ന നിര്‍ബന്ധം എനിക്കുണ്ട്- സാക്ഷി പറയുന്നു. ഇപ്പോള്‍ എത്ര വലിയ റോളുകള്‍ വന്നാലും ഞാന്‍ സ്വീകരിക്കില്ല. അതിപ്പോള്‍ സിനിമ ആണെങ്കിലും സീരിയല്‍ ആണെങ്കിലും ശരി കുടുംബം കഴിഞ്ഞേ മറ്റെന്തും എനിക്കൊള്ളൂ', പഴയ കുസൃതി ചിരിയോടെ രസ്ന പറയുന്നു.
താന്‍ സീരിയലുകളില്‍ അഭിനയിക്കുമ്പോള്‍ ഇന്നത്തെപോലെ സിനിമയും സീരിയലും ഒരേ പോലെ കൊണ്ട് പോകാന്‍ സാധിക്കില്ലായിരുന്നു എന്നും താരം ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല സീരിയല്‍ താരങ്ങളോട് എല്ലാവര്‍ക്കും ഒരു തരം പുച്ഛ ഭാവവും ആയിരുന്നു എന്നും സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാതിരുന്നതിനെ കുറിച്ച് താരം പറയുന്നു.