മഴവില്‍ മനോരമയിലെ ജനപ്രീയ പരിപാടിയാണ് കിടിലം. തങ്ങളുടെ അസാധാരണ കഴിവുകള്‍ പ്രദര്‍ശിപ്പാക്കാനായി മത്സരാര്‍ത്ഥികള്‍ എത്തുന്ന പരിപാടിയുടെ വിധികര്‍ത്താക്കള്‍ മുകേഷ്, നവ്യ നായര്‍, റിമി ടോമി എന്നിവരാണ്. കഴിഞ്ഞ ദിവസം പരിപാടിയില്‍ നടന്നൊരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
മത്സരാര്‍ത്ഥിയും വിധി കര്‍ത്താക്കളും നടത്തിയ ജാതിവാലിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. പതിവ് പോലെ മത്സരിക്കാനെത്തിയ ഒരാള്‍ തന്റെ പേര് പറയുന്നതോടെയാണ് ചര്‍ച്ച ആരംഭിക്കുന്നത്. 'എന്റെ പേര് ഓജസ് ഈഴവന്‍..എന്‍.എസ്.എസ്. കോളേജ് ഒറ്റപ്പാലം, തേര്‍ഡ് ഇയര്‍ വിദ്യാര്‍ത്ഥിയാണ്,' എന്നാണ് മത്സരാര്‍ത്ഥി പറയുന്നത്. പിന്നാലെ മുകേഷ് ഇടപെടുകയായിരുന്നു. 'ഓജസ് ഈഴവന്‍, അങ്ങനെ പേരിടുമോ,' എന്നായിരുന്നു മുകേഷ് മത്സരാര്‍ത്ഥിയോട് ചോദിച്ചത്.
ഇതിന് മത്സരാര്‍ത്ഥി നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. 'പാര്‍വതി നായര്‍, പാര്‍വതി നമ്പൂതിരി എന്നൊക്കെ ഇടാമെങ്കില്‍ ഓജസ് ഈഴവന്‍ എന്നുമിടാം,' എന്നാണ് ഓജസ് മറുപടി നല്‍കിയത്. ഉടനെ മുകേഷ് മറുപടിയും നല്‍കുന്നുണ്ട്. 'അങ്ങനെ ഇടാം എന്നാലും നമ്മള്‍ അങ്ങനെ കേട്ടിട്ടില്ല, അതുകൊണ്ട് ചോദിച്ചതാണ്,' എന്നാണ് മുകേഷ് പ്രതികരിച്ചത്. അതേസമയം ഓജസിനോടായി സ്വന്തമായിട്ട് ഇട്ടതാണല്ലേ എന്ന് നവ്യ നായരും ചോദിക്കുന്നുണ്ട്.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. നിരവധി പേരാണ് വീഡിയോ പങ്കുവെക്കുകയും കമന്റ് ചെയ്യുകയും ചെയ്തിരിക്കുന്നത്. ഓജസിനെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. പേരിനൊപ്പമുള്ള ജാതിവാലുകളെക്കുറിച്ചുള്ള ചര്‍ച്ചകളെ വീണ്ടും സജീവമാക്കിയിരിക്കുകയാണ് സംഭവം. കേരളത്തില്‍ ഇന്നും ജാതീയമായ അപ്രമാദിത്യങ്ങളുണ്ടെന്നും സവര്‍ണ ജാതി വാലുകള്‍ പ്രിവിലേജാകുന്നത് അതുകൊണ്ടാണെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
അതേസമയം ഇതാദ്യമായല്ല ഈ പരിപാടിയിലെ വീഡിയോ വൈറലാകുന്നത്. നേരത്തെ സന്യാസിമാരെക്കുറിച്ച് നവ്യ നടത്തിയ പരാമര്‍ശവും അതിന് മുകേഷ് നല്‍കിയ മറുപടിയും വലിയ ചര്‍ച്ചയായി മാറിയിരുന്നു.