ബിഗ് ബോസ് മലയാളം സീസണ്‍ 7 വിജയിയും നടിയുമായ അനുമോള്‍ തന്റെ ഭാവി വരനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ പങ്കുവെച്ചത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു. സുഹൃത്തും ബിഗ് ബോസ് മുന്‍ താരവുമായ അഭിഷേക് ശ്രീകുമാറുമായുള്ള സംഭാഷണത്തിനിടയിലാണ് നടി തന്റെ മനസ്സ് തുറന്നത്.
തന്റെ പങ്കാളി എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് വളരെ വ്യക്തമായ കാഴ്ചപ്പാടുകളാണ് അനുമോള്‍ക്കുള്ളത്. 'നല്ലൊരു മനുഷ്യനായിരിക്കണം. വലിയ ഭംഗിയൊന്നും വേണമെന്നില്ല, പക്ഷേ ജിമ്മിലൊക്കെ പോയി ആരോഗ്യം നന്നായി ശ്രദ്ധിക്കുന്ന ആളായിരിക്കണം. ഹെല്‍ത്തി ഫുഡ് കഴിക്കുന്ന, ഏകദേശം ആറടി ഉയരമുള്ള ഒരാളെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്,' അനുമോള്‍ പറഞ്ഞു. നിറം ഏതായാലും കുഴപ്പമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഒരു കുഞ്ഞിനെപ്പോലെ സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന വ്യക്തിയായിരിക്കണം പങ്കാളി. പുകവലിക്കുന്ന ശീലമുള്ളവരോട് താല്പര്യമില്ലെന്നും എന്നാല്‍ വല്ലപ്പോഴും മദ്യപിക്കുന്നതില്‍ (Drinks) കുഴപ്പമില്ലെന്നും താരം വ്യക്തമാക്കി. തന്റെ അച്ഛനെയും അമ്മയെയും സ്വന്തം മാതാപിതാക്കളെപ്പോലെ കാണുന്ന ഒരാളായിരിക്കണം അദ്ദേഹം. ജീവിതകാലം മുഴുവന്‍ കൂടെയുണ്ടാകണമെന്നും ഒന്നിലധികം വിവാഹങ്ങളില്‍ തനിക്ക് താല്പര്യമില്ലെന്നും അനുമോള്‍ പറഞ്ഞു.
'അല്പം ടോക്‌സിക് ആയാലും കുഴപ്പമില്ല, അല്ലെങ്കില്‍ എല്ലാം വെറും അഭിനയമായി തോന്നും,' എന്ന് തമാശരൂപേണ പറഞ്ഞ അനുമോള്‍, തന്നെ മനസ്സിലാക്കുന്ന ഒരാളാകണം പങ്കാളിയെന്ന് ആവര്‍ത്തിച്ചു. ബിഗ് ബോസ് വിജയത്തിന് ശേഷം ഉയര്‍ന്ന പിആര്‍ വിവാദങ്ങളെക്കുറിച്ചും താരം സംസാരിച്ചു. കഷ്ടപ്പെട്ടാണ് താന്‍ കപ്പ് നേടിയതെന്നും തന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച പിആറിന് ഒരു ലക്ഷം രൂപ പ്രതിഫലം നല്‍കിയിട്ടുണ്ടെന്നും താരം തുറന്നുപറഞ്ഞു.