മിമിക്രി വേദികളില്‍ കുടുകുടാ ചിരിപ്പിക്കുന്നതിനിടെ, അപ്രതീക്ഷിതമായാണ് വാഹനാപകടത്തില്‍ കലാകാരനായ കൊല്ലം സുധിയെ മലയാളികള്‍ക്ക് നഷ്ടമായത്. സുധിയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായി ഒരുവീട്. ആ സ്വപ്നം യാഥാര്‍ഥ്യമാവുകയാണ്. ചങ്ങനാശേരി മാടപ്പള്ളിയില്‍ പണി കഴിപ്പിച്ച 'സുധിലയ'ത്തിന്റെ പാലുകാച്ചല്‍ ചടങ്ങ് ഓഗസ്റ്റ് 25 ന് ഞായറാഴ്ച 10.30 നാണ്.
കേരള ഹോം ഡിസൈന്‍(KHD-KHDEC) എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ ചേര്‍ന്നാണ് വീട് പണി കഴിപ്പിച്ചത്. വര്‍ഷങ്ങളായി മികച്ച കലാകാരനായി തിളങ്ങി നിന്നെങ്കിലും, കടബാധ്യതകള്‍ കാരണം ഏറെയൊന്നും സമ്പാദിക്കാന്‍ സുധിക്ക് കഴിഞ്ഞിരുന്നില്ല. വാടക വീട്ടിലായിരുന്നു ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം സുധിയുടെ താമസം. സുധിച്ചേട്ടന്റെ ഏറ്റവും വലിയ സ്വപ്നമാണ് സഫലമാകുന്നതെന്ന് വീടിനായി സ്ഥലം ലഭിച്ചതിനെക്കുറിച്ച് സുധിയുടെ ഭാര്യ രേണു നേരത്തെ പ്രതികരിച്ചിരുന്നു.
കെഎച്ച്ഡിഇസി ഫേസ്ബുക്ക് കൂട്ടായ്മയാണ് സുധിയുടെ കുടുംബത്തിന് സൗജന്യമായാണ് വീട് വെച്ചുനല്‍കുന്നത്. തൃക്കൊടിത്താനം ഗ്രാമപ്പഞ്ചായത്തില്‍ മാടപ്പള്ളിക്ക് സമീപം പ്ലാന്തോട്ടം കവലയിലുള്ള ഏഴുസെന്റ് സ്ഥലത്താണ് സുധിക്ക് വീടൊരുങ്ങിയത്. സുധിയുടെ മക്കളായ റിഥുലിന്റെയും രാഹുലിന്റെയും പേരിലാണ് സ്ഥലം രജിസ്റ്റര്‍ ചെയ്ത് നല്‍കിയിട്ടുള്ളത്.