മഴവില്‍ മനോരമയുടെ ഒരുചിരി ഇരുചിരി ബംബര്‍ ചിരിയിലൂടെ പുറംലോകം അറിഞ്ഞ നിരവധി താരങ്ങളുണ്ട്. ആരാലും അറിയപ്പെടാതെ, വേദികളോ അവസരങ്ങളോ ലഭിക്കാതെ വീടിനുള്ളില്‍ അകപ്പെട്ടുപോയ നിരവധി കലാകാരന്മാരാണ് ഈ പരിപാടിയിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയിട്ടുള്ളത്. അക്കൂട്ടത്തിലുള്ളവരാണ് ഈ ഇരട്ടക്കുട്ടന്മാരും. എവിനും കെവിനും.
അപ്പന്റെ കലാപാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചയായി മിനിസ്‌ക്രീന്‍ ലോകത്തെ താരങ്ങളായി മാറിയ ഇവര്‍ ഇന്ന് നാടിനും വീടിനും ഒക്കെ അഭിമാന താരങ്ങളുമാണ്. കോട്ടയത്തെ ജീ ജോര്‍ജ്ജ് - നീന ദമ്പതികളുടെ നാലുമക്കളില്‍ മൂന്നാമനും നാലാമനുമാണ് ഇവര്‍. മൂത്തതു രണ്ടു ചേച്ചിമാരാണ്. കാവ്യയും അഖിലയും. മൂത്തച്ചേച്ചി കാവ്യയുമായി 17 വയസിന്റെ വ്യത്യാസമുണ്ട്. അഖിലയുമായി 13 വയസും.
ആദ്യത്തേത് രണ്ടു പെണ്‍മക്കളായപ്പോള്‍ ജീ ജോര്‍ജ്ജിന്റേയും നീനയുടേയും പ്രാര്‍ത്ഥനയായിരുന്നു ഒരാണ്‍കുഞ്ഞിനെ തരണേയെന്ന്. എന്നാല്‍ വിവാഹം കഴിഞ്ഞ് 18-ാം വര്‍ഷം ആ പ്രാര്‍ത്ഥന ദൈവം കേട്ടപ്പോള്‍ രണ്ടു പേരുടേയും കൈകളിലേക്ക് എത്തിയത് ഇരട്ടക്കുട്ടികളായിരുന്നു. എട്ടു മിനിറ്റ് വ്യത്യാസമായിരുന്നു ഇരുവരുടേയും ജനനത്തിന് ഉണ്ടായിരുന്നത്. മൂത്തവന്‍ കെവിനും ഇളയവന്‍ എവിനും. ഇപ്പോള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ് രണ്ടുപേരും. കോട്ടയം ടൗണില്‍ തന്നെയാണ് ഇവരുടെ വീട്. ജീ ജോര്‍ജ്ജ് സംവിധായകന്‍ ജയരാജിന്റെ അസോസിയേറ്റ് ആയിരുന്നു. നടന്‍ സൈജു കുറുപ്പിനെ നായകനാക്കി ജൂബിലി എന്ന സിനിമ സംവിധാനവും ചെയ്തിരുന്നു. കെവിന്‍, എവിന്‍ എന്നൊക്കെയാണ് പേരെങ്കിലും വീട്ടിലിവര്‍ അച്ചുവും അപ്പുവുമാണ്.
കുട്ടിക്കാലം മുതല്‍ക്കെ കുസൃതികളും. ആ കുസൃതികള്‍ സ്‌കൂളിലും തുടര്‍ന്നപ്പോള്‍ രണ്ടുപേരെയും തിരിച്ചറിയാന്‍ യൂണിഫോമില്‍ പേരിന്റെ ആദ്യാക്ഷരങ്ങള്‍ തുന്നിച്ചേര്‍ത്തു വരാന്‍ ടീച്ചറും പറഞ്ഞിരുന്നു. രണ്ടുമക്കളും ഒരോ മനസോടെ സ്നേഹത്തോടെ വളരാന്‍ കാരണം അമ്മ നീനമ്മ തന്നെയാണ്. എന്തു കിട്ടിയാലും പകുത്തു തിന്നാനും പങ്കുവെക്കാനും അമ്മ പഠിപ്പിച്ചത് പിന്നീടുള്ള അടിയും വഴക്കും ഒഴിവാക്കാനാണ്. അങ്ങനെയാണ് പപ്പടം മുതല്‍ ചോക്ലേറ്റ് വരെ പങ്കുവച്ചു കഴിക്കാന്‍ ഇരുവരും പഠിച്ചത്. അടുത്തു കൊണ്ടുതന്നെ ഉപ്പു മുതല്‍ കര്‍പ്പൂരം വരെ എന്നു പറയും പോലെ ഗേള്‍ഫ്രണ്ട്സ് മുതല്‍ പ്രപ്പോസല്‍ വിശേഷങ്ങള്‍ വരെ അമ്മയ്ക്ക് അറിയാം. ഇപ്പോള്‍ കുട്ടികളൊക്കെ വിട്ട് അമ്മാച്ചന്മാരുടെ റോളിലാണ് രണ്ടുപേരും തിളങ്ങുന്നത്.
ചേച്ചിമാരായ കാവ്യയുടേയും അഖിലയുടേയും രണ്ടു മക്കള്‍, നാലു വയസുകാരി മറിയം അന്ന ജോമിയും ഒരു വയസുകാരി സാറ എലിസ ജെറിനും. അവര്‍ക്കു മുന്നില്‍ കലിപ്പ് അമ്മാച്ചന്മാരാകാനുള്ള ശ്രമത്തിലാണ് എവിനും കെവിനും. കുട്ടിക്കാലത്ത് ഇവര്‍ രണ്ടുപേരെയും നോക്കാനുള്ള പരിശ്രമമായിരുന്നു കാവ്യയ്ക്കും അഖിലയ്ക്കും. 17 വയസിനു മൂത്ത കാവ്യ എന്റെ അമ്മയാ എന്നായിരുന്നു രണ്ടുപേരും പറഞ്ഞിരുന്നത്. രണ്ടു ചേച്ചിമാരോടും കാണിച്ച കുരുത്തക്കേടുകള്‍ ഇപ്പോള്‍ അവരുടെ മക്കളിലൂടെ തിരിച്ചു കിട്ടുകയാണ് ഇവര്‍ക്ക്.
കാവ്യയെ വിവാഹം കഴിച്ചത് ചേര്‍ത്തലയിലേക്കാണ്. അഖില ഒളശ്ശയിലേക്കും. കല്യാണ ശേഷം രണ്ടുപേരും ഭര്‍തൃവീട്ടിലേക്ക് പോയത് ഇന്നും എവിനും കെവിനും മറക്കാന്‍ കഴിഞ്ഞിട്ടില്ല. നിറകണ്ണുകള്‍ തുളുമ്പാതെ, വിങ്ങലടക്കിപ്പിടിച്ചായിരുന്നു ആ യാത്രപറച്ചില്‍. ജോമിയാണ് കാവ്യയുടെ ഭര്‍ത്താവ്. ഭര്‍ത്താവ് ജെറിനൊപ്പം യുകെയിലാണ് രണ്ടാമത്തെ ചേച്ചി അഖില.