ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തെത്തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (32) ആത്മഹത്യ ചെയ്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടന്‍ കിഷോര്‍ സത്യ. വ്യാജ ലൈംഗികാതിക്രമ പരാതികളെയും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പൊതു വിചാരണകളെയും കിഷോര്‍ സത്യ ശക്തമായി അപലപിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് കിഷോര്‍ സത്യ തന്റെ നിലപാട് വ്യക്തമാക്കിയത്.
പുരുഷന്റെ അന്തസ്സിനും വിലയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, 'ഒരു സ്ത്രീ തന്റെ മാനത്തിന്റെ കാര്യത്തില്‍ നുണ പറയില്ല' എന്ന പൊതുബോധത്തിന്റെ അടിസ്ഥാനത്തിലാണ് ലൈംഗിക പീഡന പരാതികളില്‍ നിയമം സ്ത്രീയുടെ പക്ഷത്ത് നില്‍ക്കുന്ന സമീപനം സ്വീകരിച്ച് പോന്നിരുന്നതെന്ന് അഭിപ്രായപ്പെട്ടു. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയായിരുന്ന ഫാത്തിമ ബീവിയുടെ കാലത്താണ് ഈ സമീപനം ആരംഭിച്ചതെന്ന് ഒരു അഭിഭാഷകന്‍ പറഞ്ഞിരുന്നതായും അദ്ദേഹം കുറിച്ചു.
കിഷോര്‍ സത്യയുടെ കുറിപ്പ് #അവള്‍ക്കൊപ്പമല്ല, അവനൊപ്പം. ഒരു സ്ത്രീ തന്റെ മാനത്തിന്റെ കാര്യത്തില്‍ നുണ പറയില്ല എന്ന പൊതുബോധത്തിന്റെ അടിസ്ഥാനത്തിലാണ് പീഡന പരാതികളില്‍ നിയമം സ്ത്രീയുടെ പക്ഷത്ത് നില്‍ക്കുന്നത്. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ആയിരുന്ന ശ്രീമതി ഫാത്തിമ ബീവിയുടെ കാലത്താണ് ഇത്തരമൊരു സമീപനം സ്വീകരിച്ചു തുടങ്ങിയത് എന്നൊരു വക്കീല്‍ എന്നോട് എപ്പോഴോ പറഞ്ഞിരുന്നു (തെറ്റുണ്ടെങ്കില്‍ തിരുത്താം). പക്ഷെ ഇന്ന് സ്ഥിതിഗതികള്‍ ഒരുപാട് മാറിയിരിക്കുന്നു. പുരുഷനെ കുടുക്കാനുള്ള ആയുധമായി ഇതിനെ ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം ഏറെ വര്‍ധിച്ചിരിക്കുന്നു. ഇത്തരക്കാര്‍ മൂലം യഥാര്‍ത്ഥ ഇരകള്‍ക്ക് നീതി നിഷേധവും പൊതുമണ്ഡലത്തില്‍ അപമാനവും നേരിടുന്നു. ഇന്ത്യയിലെ സ്ത്രീ പീഡന പരാതികളില്‍ 50% ല്‍ അധികവും വ്യാജമാണ് എന്നൊരു ആര്‍ട്ടിക്കിള്‍ 2017 ല്‍ ബിബിസി പ്രസിദ്ധീകരിച്ചിരുന്നു. (പക്ഷെ ഈ കാര്യത്തില്‍ ഔദ്യോഗിക കണക്കുകളൊന്നും ഇതുവരെ ലഭ്യമല്ല).
പുരുഷന് എതിരെയുള്ള വ്യാജ പരാതികളില്‍ പ്രതികരിക്കുന്നവരെ പോലും സ്ത്രീ വിരുദ്ധര്‍ ആയി മുദ്രകുത്തപ്പെടുമെന്നുള്ള ഭയത്തലാണ് പലരും മൗനം പാലിക്കുന്നത്. അതിനിടയിലാണ് എങ്ങനെയും വൈറല്‍ ആവാനും അതിലൂടെ പണം നേടാനുമുള്ള വ്യഗ്രതയില്‍ 'പൊതു ഇടത്തില്‍ ഉപദ്രവിക്കുന്ന പുരുഷ വീഡിയോകള്‍' എന്ന പുതിയ പ്രതിഭാസം ഉടലെടുത്തിരിക്കുന്നതിന്. അതിന്റെ ആദ്യ 'ഇരയാണ്' ദീപക്. അപമാന ഭാരത്താല്‍ നിലച്ച ആ ശ്വാസം തിരിച്ചു നല്‍കാന്‍ ഒരു സമൂഹ മാധ്യമത്തിനും ആവില്ലല്ലോ...! പ്രിയപ്പെട്ട സഹോദരിമാരെ, നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവുമ്പോള്‍ വീഡിയോ എടുത്തോളൂ. കാരണം കോടതിയില്‍ തെളിവ് വേണമല്ലോ. പക്ഷെ അതെടുത്തു ഇന്‍സ്റ്റയിലോ ഫേസ്ബുക്കിലെ യൂട്യൂബിലോ ഇടരുത്. തെളിവ് സഹിതം പോലീസില്‍ പരാതി കൊടുക്കുക. നിങ്ങള്‍ പറഞ്ഞ കുറ്റവാളിക്കും ഒരു ഭാഗം പറയാന്‍ ഉണ്ടായിരിക്കും.
നിയമം തീരുമാനിക്കട്ടെ. പൊതുവിചാരണ ചെയ്ത് നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ പണം നിറയ്ക്കാനുള്ള ടൂള്‍ ആയി അതുപയോഗിക്കരുത്. ആ പണം കൊണ്ട് ദീപക്കിന്റെ ജീവന്‍ തിരികെ വാങ്ങി കൊടുക്കാന്‍ സഹോദരി നിങ്ങള്‍ക്ക് ആവില്ല... ഇനിയും മറ്റൊരു ദീപക് മരിക്കാതിരിക്കട്ടെ.... ബാലചന്ദ്രന്‍ മേനോന്‍ സാറിനെതിരെയുള്ള പീഡന പരാതിയില്‍ അദ്ദേഹത്തിന് ജാമ്യം നല്‍കിയപ്പോള്‍ ഹൈകോടതി സിംഗിള്‍ ബെഞ്ച് അതില്‍ ഒരു വരി എഴുതിച്ചേര്‍ത്തിരുന്നു. '....സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്റെ അന്തസ്സിനും വിലയുണ്ട്.....