നവ്യാനായരും മുകേഷും റിമി ടോമിയും വിധികര്‍ത്താക്കളായി എത്തുകയും നടി പാര്‍വ്വതി അവതാരകയായും എത്തുന്ന മഴവില്‍ മനോരമയിലെ റിയാലിറ്റി ഷോയാണ് കിടിലം. വ്യത്യസ്തമായ കഴിവുകളുള്ള താരങ്ങള്‍ മികച്ച പെര്‍ഫോമന്‍സുകളുമായി എത്തുന്ന ഈ പരിപാടി ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കി കഴിഞ്ഞു. ഈ പരിപാടിയില്‍ എത്തിയതോടെ ജീവിതം തന്നെ മാറിമറിഞ്ഞവരും ഉണ്ട്. അത്തരത്തില്‍ രണ്ടുപേരാണ് കൊല്ലം സ്വദേശികളായ ഭാഗ്യലക്ഷ്മിയും ധനലക്ഷ്മിയും. മിഴിരണ്ടിലും എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലെ എന്തിനായ് നിന്‍ ഇടം കണ്ണിന്‍ തടം തുടിച്ചു എന്ന ഗാനത്തിന് ചുവടു വച്ച് ഇരുവരും ആ വേദിയില്‍ കാണിച്ച വിസ്മയം ഒരിക്കല്‍ കണ്ടവരാരും മറക്കില്ല. ഈ ഇരട്ട സഹോദരിമാര്‍ കിടിലം വേദിയില്‍ കാണിച്ച നൃത്ത വിസ്മയം ഇന്നും സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ആരാധകരെയാണ് സ്വന്തമാക്കുന്നത്.
ഇപ്പോഴിതാ, ഇവരുടെ ജീവിതത്തിലെ പുതിയ വിശേഷമാണ് ശ്രദ്ധ നേടുന്നത്. ഏറെ സ്വപ്നങ്ങളുമായി വിവാഹജീവിതത്തിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് ഇരുവരും. ആഗ്രഹിച്ചതും സ്വപ്നം കണ്ടതും പോലെ ഇരട്ട സഹോദരന്മാരെ തന്നെയാണ് ഇരുവരും വിവാഹം കഴിക്കാന്‍ പോകുന്നതും. ഭാഗ്യലക്ഷ്മി, ധനലക്ഷ്മി എന്നാണ് ഇവരുടെ യഥാര്‍ത്ഥ പേരുകളെങ്കിലും ചിന്നു പൊന്നു എന്നാണ് ചെല്ലപ്പേരുകള്‍. എങ്കിലും പരസ്പരം ലച്ചു എന്നാണ് ഇരുവരും അങ്ങോട്ടും ഇങ്ങോട്ടം വിളിക്കുന്നത്. ഒരേ പ്രായമായിരുന്നിട്ടും സഹോദരങ്ങളായിരുന്നിട്ടും പരസ്പരം ഇരുവരും ഇതുവരെ തല്ലു കൂടിയിട്ടില്ല എന്നതാണ് ഇവരുടെ കാര്യത്തില്‍ ഏറ്റവും അതിശയിപ്പിക്കുന്നത്. രണ്ട് ശരീരവും ഒരു മനസ്സും എന്ന് നിശേഷം വിശേഷിപ്പിക്കാവുന്ന വ്യക്തികളാണ് ഇരുവരും.
അതുകൊണ്ടു തന്നെ കാവ്യ മാധവന്‍ ഡബിള്‍ റോളില്‍ നൃത്തം ചെയ്തു തകര്‍ത്ത സിനിമാ ഗാനത്തിലെ ദൃശ്യങ്ങളേക്കാള്‍ മനോഹരവും ആകാംക്ഷ നിറച്ചതുമായിരുന്നു ഭാഗ്യലക്ഷ്മിയും ധനലക്ഷ്മിയും കിടിലം വേദിയില്‍ നൃത്തം ചെയ്തത്. ഒരു നോട്ടം കൊണ്ടോ കയ്യനക്കം കൊണ്ടോ പോലും കണ്ടുപിടിക്കാന്‍ സാധിക്കാത്ത വിധത്തില്‍ ഒരു കണ്ണാടിയില്‍ കാണും പോലെ മനോഹരമായിരുന്നു ഇവരുടെ ആ നൃത്തം. ലക്ഷക്കണക്കിന് ആരാധകരെയാണ് ഇരുവര്‍ക്കും ആ നൃത്തം സമ്മാനിച്ചത്. അതിനു ശേഷം ഇവരുടെ വീഡിയോകള്‍ വളരെ പെട്ടെന്ന് ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറാറുള്ളത്.
ഗിന്നസ് റെക്കോര്‍ഡ് നേടിയ ഇവര്‍ ഡ്രസ്സിലും രൂപത്തിലും മാത്രമല്ല വാങ്ങുന്ന മാര്‍ക്ക് വരെ ഒരേപോലെ ആയിരിക്കുമെന്നതാണ് അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം. വിവാഹത്തെക്കുറിച്ചും ഇരുവരും തങ്ങളുടെ സങ്കല്‍പം മുന്‍പു തുറന്നു പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞാലും വേര്‍പിരിഞ്ഞു ജീവിക്കാന്‍ ഇഷ്ടമില്ലാത്തതിനാല്‍ ഒരേ വീട്ടിലേക്ക് തന്നെ പോകണം. അതുകൊണ്ടുതന്നെ ഞങ്ങള്‍ വിവാഹം കഴിക്കുക ഒരു ട്വിന്‍സിനെ ആയിരിക്കും എന്നാണ് ഇവര്‍ പറഞ്ഞത്. ഇപ്പോഴിതാ, നാളുകള്‍ക്കിപ്പുറം ആ വാക്കുകള്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഇവരുടെ ആഗ്രഹം പോലെ തന്നെ ട്വിന്‍സുമായുള്ള ഇവരുടെ വിവാഹനിശ്ചയത്തിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ആഗ്രഹം സഫലമായല്ലോ എന്നാണ് ആരാധകരെല്ലാം പ്രതികരിക്കുന്നത്.
എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ ബിഎ ഭരതനാട്യത്തില്‍ ഡിഗ്രി പഠനം നടത്തുന്ന ഇരുവരും ആറന്മുളക്കാരും ഇരട്ടകളുമായ സനൂപ് ഹരിയേയും സന്ദീപ് ഹരിയേയും ആണ് വിവാഹം കഴിക്കുവാന്‍ പോകുന്നത്. സനൂപും സന്ദീപും ബാംഗ്ലൂരില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരായി ജോലി ചെയ്യുകയാണ്. മാത്രമല്ല, നൃത്തത്തോടും വലിയ താല്‍പര്യമാണ് ഇരുവര്‍ക്കും. വിവാഹനിശ്ചയം കഴിഞ്ഞ് വിവാഹത്തിനു മുമ്പുള്ള പ്രണയകാലം ആസ്വദിക്കുകയാണ് ഇവരിപ്പോള്‍. അതേസമയം, വിവാഹം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകരുള്ളത്.