ഏറെ നാളത്തെ പ്രണയത്തിനും ലിവിങ് ടുഗെദര്‍ ജീവിതത്തിനും ശേഷം വിവാഹിതരായ സീരിയല്‍ താരങ്ങളായ ജിഷിന്‍ മോഹനും അമേയ നായരും വിവാഹശേഷം പ്രതികരിച്ചിരിക്കുതയാണ്.ഇതെത്ര കാലത്തേക്കാ, അധികം പോവില്ല, ഉടനെ കേള്‍ക്കാം പിരിഞ്ഞുവെന്ന്, അങ്ങനെ പതിവായി വരുന്ന മെസേജുകളെല്ലാം എത്തിയതോടെ സോഷ്യല്‍മീഡിയ പ്രതികരണങ്ങളെക്കുറിച്ചും താരങ്ങള്‍ പങ്ക് വച്ചു.
ആനയിച്ച് കയറ്റാനും, ആരതിയുഴിയാനുമൊക്കെ ഞങ്ങള്‍ തന്നെയേയുള്ളൂ. വലതുകാല്‍ വെച്ച് നമുക്കൊന്നിച്ച് കയറാം എന്ന് പറഞ്ഞാണ് ജിഷിന്‍ അമേയയുമായി വിട്ടിലെത്തിയപ്പോള്‍ പറഞ്ഞത്.പ്ലാന്‍ ചെയ്ത് ഇതിലേക്ക് വന്നവരൊന്നുമല്ല ഞങ്ങള്‍. പ്രണയത്തിന് അങ്ങനെ പ്രായമൊന്നുമില്ലല്ലോ. പ്രണയം എന്നതിനേക്കാളും പരസ്പരം താങ്ങായി നില്‍ക്കുക എന്നതിനാണ് ഞങ്ങള്‍ പ്രാധാന്യം കൊടുത്തത്. ഗ്രാജുവലി വന്നതാണ്. പരിചയപ്പെട്ടു, നല്ല കൂട്ടായി, സാഹചര്യങ്ങളൊക്കെ സമാനമായിരുന്നു. ഒന്നിച്ച് നില്‍ക്കാമെന്ന് തോന്നി.
അങ്ങനെ ഇവിടെ വരെ എത്തിയതാണെന്നായിരുന്നു ജിഷിനും അമേയയും പറഞ്ഞത്. എന്റെ ലൈഫ് നല്ല രീതിയിലായിരുന്നില്ല പോയിരുന്നത്. ഒറ്റപ്പെടല്‍ കാരണം വല്ലാത്തൊരു അവസ്ഥയിലായിരുന്നു. നാശത്തിലേക്ക് പോയിക്കോണ്ടിരിക്കുകയായിരുന്നു. ആ ടൈമിലാണ് അമയേ വന്നതെന്ന് ജിഷിന്‍ പറയുന്നു.
ഇങ്ങനെയല്ല ലൈഫ്, കുറേക്കൂടി നന്നാക്കാമെന്ന് പറഞ്ഞാണ് അമേയ എത്തിയത്. ജീവിച്ച് കാണിക്കണം, പോസിറ്റീവായിട്ട് കാണണം എല്ലാത്തിനെയും എന്നായിരുന്നു എനിക്ക്. അങ്ങനെ പോയിട്ടും മടുത്തിരിക്കുകയായിരുന്നു ജിഷിന്‍ ചേട്ടന്‍. അങ്ങനെയാണ് വേറെയൊരു രീതിയിലേക്ക് പോയത്. ഡ്രഗ്സില്‍ നിന്നൊക്കെ മാറ്റി, നല്ലൊരു ജീവിതത്തിലേക്ക് എന്നെ കൊണ്ടുവന്ന ഇവളെയല്ലാതെ വേറെ ആരുടെ കൈയ്യാണ് ഞാന്‍ പിടിക്കേണ്ടത്. എല്ലാവരും ആ ഒരു സെന്‍സില്‍ എടുക്കുക. അവള്‍ കാരണമല്ലേ നീ ഇങ്ങനെ ഒറ്റപ്പെട്ട് പോയത്. എല്ലാത്തിനും കാരണം അവളല്ലേ അങ്ങനെ കുറേ ചോദ്യങ്ങളൊക്കെ കേട്ടിട്ടുണ്ട്. ആ ഒരു ലൈഫ് കഴിഞ്ഞ് മൂന്ന് വര്‍ഷം കഴിഞ്ഞാണ് ഞാന്‍ ഇവളെ പരിചയപ്പെടുന്നത്. എന്റെ ലൈഫിലേക്ക് അങ്ങനെ ഇടിച്ച് കയറി വന്നതല്ല അമേയ എന്നും ജിഷിന്‍ വിശദീകരിച്ചിരുന്നു.
ഇത് വര്‍ക്കൗട്ടാവുമെന്ന് തോന്നിയിരുന്നു. ഞങ്ങള്‍ ഹാപ്പിയാണ്. ജീവിതാവസാനം വരെ കൂടെ വേണമെന്ന് തോന്നി. അങ്ങനെയാണ് വിവാഹത്തിലേക്ക് എത്തിയത്. ലിവിംഗ് റ്റുഗദറിലൂടെ കല്യാണം എന്ന് പറഞ്ഞാല്‍ ശരിയല്ല, അത് തെറ്റായ സന്ദേശമായിപ്പോവും. അമേയയ്ക്ക് അത്രയും പ്രിയപ്പെട്ടതാണ് ഗുരുവായൂരപ്പന്‍. ഇപ്പോള്‍ എനിക്കും. അങ്ങനെയാണ് ഞങ്ങള്‍ വിവാഹത്തിനായി ക്ഷേത്രത്തിലേക്ക് എത്തിയത്. എന്ത് വന്നാലും ഒന്നിച്ച് നില്‍ക്കുക. അത്രേയുള്ളൂ. പുതിയ തലമുറയ്ക്ക് ലിവിംഗ് റ്റുഗദറൊന്നും ഒരു പ്രശ്നമേയല്ല. കല്യാണം കഴിക്കണമെന്നില്ല ഒന്നിച്ച് ജീവിക്കാന്‍ എന്നുള്ള കാഴ്ചപ്പാടാണ് അവര്‍ക്ക്. പക്ഷേ, നമ്മുടെ അച്ഛനും, അമ്മയ്ക്കും, അപ്പൂപ്പനും, അമ്മൂമ്മയ്ക്കുമൊന്നും അത് ഉള്‍ക്കൊള്ളാന്‍ പറ്റിയ കാര്യമല്ല.
അവരൊന്നിച്ചാണോ, അവളെ കല്യാണം കഴിച്ചില്ലേ, വെച്ചോണ്ടിരിക്കുകയാണോ എന്നുള്ള ചോദ്യങ്ങളൊക്കെ വരുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്. ഇതൊക്കെ വായിച്ച് ഞങ്ങള്‍ക്ക് വിഷമം തോന്നുമെന്ന് കമന്റിടുന്നവര്‍ മനസിലാക്കില്ലല്ലോ. ഇനിയിപ്പോള്‍ ആ പ്രശ്നമില്ലല്ലോ. ഞാന്‍ താലികെട്ടി സ്വന്തമാക്കിയിരിക്കുകയാണ്. പോസിറ്റീവായിട്ട് പ്രതികരിക്കുക, കൂടെ നില്‍ക്കുക എന്നേ ഞങ്ങള്‍ക്ക് പറയാനുള്ളൂ എന്നുമായിരുന്നു ഇരുവരും വിവാഹ ശേഷം പ്രതികരിച്ചത്.വിവാഹത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്ന കടുത്ത സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെയും താരങ്ങള്‍ പ്രതികരിച്ചു.
ഫെയ്സ്ബുക്ക് പോലുള്ള പ്ലാറ്റ്ഫോമുകളില്‍ വരുന്നത് അങ്ങേയറ്റം വൃത്തികെട്ട കമന്റുകളാണെന്നും, അവ കാണുമ്പോള്‍ സമൂഹത്തില്‍ ഇത്രയധികം മാനസിക രോഗികളുണ്ടോ എന്ന് തോന്നിപ്പോകാറുണ്ടെന്നും അമേയ പറഞ്ഞു. സ്ത്രീകളുടെ ശരീരഭാഗങ്ങളെ വര്‍ണിച്ച് മോശം കമന്റുകള്‍ ഇടുന്ന രീതിയെ താരം ശക്തമായി വിമര്‍ശിച്ചു.
'വിവാഹദിവസം സുഹൃത്തുക്കള്‍ പറഞ്ഞതുകൊണ്ട് ഞാന്‍ സോഷ്യല്‍ മീഡിയ നോക്കിയില്ല. ആളുകളുടെ കുശുമ്പും അസൂയയുമാണ് ഇതിന് പിന്നില്‍. ഇപ്പോള്‍ ഇത്തരം കമന്റുകള്‍ കണ്ട് വിഷമിക്കാറില്ല. നൂറ് നല്ല കമന്റുകള്‍ക്കൊപ്പം നൂറ് മോശം കമന്റുകളും വരാം, അതിനെയെല്ലാം സ്വാഗതം ചെയ്യുന്നു,' അമേയ വ്യക്തമാക്കി.
രണ്ടു വര്‍ഷത്തെ വിജയകരമായ ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിനൊടുവിലാണ് വിവാഹിതരാകാന്‍ ഇരുവരും തീരുമാനിച്ചത്. സൈബര്‍ ഇടങ്ങളിലെ നെഗറ്റിവിറ്റിയെ അവഗണിച്ച് തങ്ങളുടെ പുതിയ ജീവിതവുമായി മുന്നോട്ട് പോകാനാണ് ഈ താരദമ്പതികളുടെ തീരുമാനം.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചു നടന്ന ലളിതമായ ചടങ്ങില്‍ അടുത്തബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇവരുടെ വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.