Latest News

കേരളത്തിലെ മലയാള സിനിമ വിലിരുത്തുമ്പോൾ കുറോസോവയുടെ നിലവാരമുണ്ടോ? സീരിയലുകൾ ജഡ്ജ് ചെയ്യാനാണ് വിളിച്ചത്; അല്ലാതെ നിലവാരം പരിശോധിക്കാനല്ല; ടെലിവിഷൻ അവാർഡിൽ മികച്ച സീരിയലിന് പുരസ്‌കാരം നൽകാത്തതിൽ ജൂറികൾക്കെതിരെ പ്രതിഷേധവുമായി നടൻ ഹരീഷ് പേരടി

Malayalilife
കേരളത്തിലെ മലയാള സിനിമ വിലിരുത്തുമ്പോൾ കുറോസോവയുടെ നിലവാരമുണ്ടോ? സീരിയലുകൾ ജഡ്ജ് ചെയ്യാനാണ് വിളിച്ചത്; അല്ലാതെ നിലവാരം പരിശോധിക്കാനല്ല; ടെലിവിഷൻ അവാർഡിൽ മികച്ച സീരിയലിന് പുരസ്‌കാരം നൽകാത്തതിൽ ജൂറികൾക്കെതിരെ പ്രതിഷേധവുമായി നടൻ ഹരീഷ് പേരടി

തിരുവനന്തപുരം: നിലവാരമുള്ള എൻട്രികൾ ഇല്ലാത്തതിനാൽ മികച്ച സീരിയലിനുള്ള അവാർഡുകൾ ഇത്തവണ ഇല്ലെന്നു നിശ്ചയിച്ച സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറിയെ വിമർശിച്ച് നടൻ ഹരീഷ് പേരടി.

മലയാളത്തിലിറങ്ങുന്ന സിനിമകൾക്കും പുസ്തകങ്ങൾക്കും കുറൊസാവയുടെയോ പാവ്‌ലോ കൊയ്‌ലോയുടെയോ സൃഷ്ടികളുടെ നിലവാരം ഉള്ളതുകൊണ്ടാണോ അവയ്ക്ക് അവാർഡുകൾ കൊടുക്കുന്നതെന്ന് ഹരീഷ് പേരടി ചോദിക്കുന്നു. സീരിയലിന്റെ നിലവാരം പരിശോധിക്കാനല്ല, അത് ജഡ്ജ് ചെയ്യാനാണ് ജൂറിയെ വിളിച്ചതെന്ന് ഹരീഷ് പറയുന്നു.

കലാമൂല്യവും സാങ്കേതിക മികവും പ്രകടമാക്കുന്ന സൃഷ്ടികൾ ഒന്നും തന്നെ കണ്ടെത്താൻ സാധിക്കാത്തതിനാൽ മികച്ച ടെലി സീരിയലിനുള്ള പുരസ്‌കാരം നൽകേണ്ടെന്നായിരുന്നു ജൂറിയുടെ തീരുമാനം

ഹരീഷ് പേരടിയുടെ കുറിപ്പ്:

ഈ നിൽക്കുന്നവരുടെ വീട്ടിലേക്ക് വൈകുന്നേരം ചെന്നാൽ 7 മണി മുതൽ 9 മണി വരെ സീരിയലുകൾ ഓടികൊണ്ടിരിക്കുകയായിരിക്കും... അവരുടെ അച്ഛനോ അമ്മയോ ഭാര്യയോ ആരെങ്കിലും സീരിയലുകൾ കണ്ടു കൊണ്ടിരിക്കുകയായിരിക്കും... ഇവരുടെ വീടുകളിൽ തകരാത്ത എന്ത് നിലവാരമാണ് മറ്റു വീടുകളിൽ തകരാൻ പോകുന്നത്.. നിങ്ങളുടെ മുന്നിൽ വന്ന സീരിയലുകൾ ജഡ്ജ് ചെയ്യാനാണ് നിങ്ങളെ വിളിച്ചത്... അല്ലാതെ നിലവാരം പരിശോധിക്കാനല്ല...

അതിന് വേറെ കമ്മിറ്റിയെ സർക്കാർ നിയോഗിക്കും... പറഞ്ഞ പണിയെടുത്താൽ പോരെ... അല്ലെങ്കിൽ നിങ്ങളുടെയൊക്കെ കഥകൾക്കും സിനിമകൾക്കും ഭയങ്കര നിലവാരമല്ലെ?.. നിങ്ങളുടെ സൃഷ്ടികളുടെ നിലവാരം കൊണ്ടാണല്ലോ ഇവിടെ ഇത്രയധികം പീഡനങ്ങളും രാഷ്ട്രീയ കൊലപാതങ്ങളും കുറഞ്ഞ് കുറഞ്ഞ് വരുന്നത്... കേരളത്തിലെ സിനിമ വിലയിരുത്തുമ്പോൾ കുറോസോവയുടെ സിനിമയുടെ നിലവാരമുണ്ടോ?..

കേരളത്തിലെ കഥകൾ വിലയിരുത്തുമ്പോൾ പൗലോ കൊയ്ലോയുടെ നിലവാരമുണ്ടോ?.. എന്ന് നോക്കിയിട്ടലല്ലോ നിങ്ങൾക്കൊന്നും പലപ്പോഴായി അവാർഡുകൾ തന്നത്... പഞ്ചായത്ത് തല കായിക മത്സരത്തിലെ 100 മീറ്റർ ഓട്ടത്തിന് പി.ടി. ഉഷയുടെ ഓട്ടത്തിന്റെ നിലവാരം ആരും പരിഗണിക്കാറില്ല... അല്ലെങ്കിലും സിനിമ, സാഹിത്യം തുടങ്ങിയ കലയിലെ സവർണർക്ക് പുച്ഛമായ എല്ലാവരും പരിഹസിക്കുന്ന കലയിലെ അവർണരായ സീരിയൽ കലാകാരന്മാരെ വിലയിരുത്താൻ ഒരു യോഗ്യതയുമില്ല...

എന്റെ വീട്ടിൽ സീരിയലുകൾ കാണാറുണ്ട്... ഞാൻ സീരിയലുകളിൽ അഭിനയിച്ച് കുറെ കാലം കുടുംബം പോറ്റിയിട്ടുമുണ്ട്... എന്നിട്ടും ഞങ്ങൾ ഞങ്ങളുടെ നിലപാടുകൾ ഉറക്കെ പറയാറുണ്ട്... സീരിയലുകൾ എഴുതാനുള്ള അവസരത്തിനു വേണ്ടി നടക്കുന്ന ഒരുപാട് ബുദ്ധിജീവികളെ ഞാൻ കണ്ടിട്ടുമുണ്ട്... ഇതൊക്കെ വെറും ജാഡ.. അത്രയേയുള്ളൂ.

കലാമൂല്യവും സാങ്കേതിക മികവും പ്രകടമാക്കുന്ന സൃഷ്ടികൾ ഒന്നും തന്നെ കണ്ടെത്താൻ സാധിക്കാത്തതിനാൽ മികച്ച ടെലി സീരിയലിനുള്ള പുരസ്‌കാരം നൽകേണ്ടെന്നായിരുന്നു ജൂറിയുടെ തീരുമാനം. ടെലിവിഷൻ പരമ്പരകളിൽ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ട ജൂറി അതിൽ കടുത്ത ആശങ്കയും രേഖപ്പെടുത്തി. വീടുകളിൽ കുടുംബാഗങ്ങൾ ഒരുമിച്ചിരുന്ന് കാണുന്ന മാധ്യമം എന്ന നിലയിൽ ടെലിവിഷൻ പരമ്പരകളിലും കോമഡി പ്രോഗ്രാമുകളിലും ചാനലുകൾ കൂടുതൽ ഉത്തരവാദിത്തബോധം പുലർത്തണമെന്നും ടെലിവിഷൻ അവാർഡ് ജൂറി അഭിപ്രായപ്പെട്ടിരുന്നു.

Read more topics: # hareesh peradi
hareesh peradi critisize jury panel for denying award for best serial

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES