പാട്ടുകളിലൂടേയും പാട്ടുകളിലൂടെ പറയുന്ന രാഷ്ട്രീയത്തിലൂടേയും ശ്രദ്ധ നേടിയിട്ടുള്ള ഗായികയാണ് ഗൗരി ലക്ഷ്മി. സോഷ്യല്‍ മീഡിയയിലെ താരമായ ഗൗരിക്ക് പലപ്പോഴും സൈബര്‍ ആക്രമണവും നേരിട്ടേണ്ടി വന്നിട്ടുണ്ട്. പറയുന്ന രാഷ്ട്രീയത്തിന്റെ പേരിലും, സ്റ്റേജ് പരിപാടികളിലെ വസ്ത്രധാരണത്തിന്റെ പേരിലുമെല്ലാം ഗൗരി ആക്രമണം നേരിട്ടിട്ടുണ്ട്.
ഇപ്പോളിതാ പാടാനുള്ള കഴിവില്ലെന്ന് പരിഹസിച്ച് അജ്മാനില്‍ ജോലി വാഗ്ദാനം ചെയ്തയാള്‍ക്ക് ഗായിക ഗൗരി ലക്ഷ്മി നല്‍കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. തന്റെ സംഗീതത്തെ വിമര്‍ശിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ വന്ന കമന്റിനും അതിന് താന്‍ നല്‍കിയ മറുപടിക്കും ഗൗരി ലക്ഷ്മി തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. ഒരു വീഡിയോക്ക് താഴെ ലഭിച്ച കമന്റില്‍ ഇങ്ങനെയായിരുന്നു: 'പാസ്പോര്‍ട്ട് ഉണ്ടോ? അജ്മാനില്‍ ഒരു ജോബ് വേക്കന്‍സിയുണ്ട്. ദയവ് ചെയ്ത് പാടല്ലേ, പ്ലീസ് ചേച്ചിയ്ക്ക് പാടാനുള്ള കഴിവ് ദൈവം തന്നിട്ടില്ല. ഓക്കെ.'
ഈ പരിഹാസത്തിന് ഗൗരി ലക്ഷ്മി നല്‍കിയ മറുപടി ശക്തവും എന്നാല്‍ മാന്യവുമായിരുന്നു. അവര്‍ ഇങ്ങനെ കുറിച്ചു: 'എനിക്ക് തൊഴിലുണ്ടാക്കിത്തരാനുള്ള അനിയന്റെ താല്‍പര്യം എന്റെ ഉള്ളില്‍ ഒരുപാട് സന്തോഷം ഉണ്ടാക്കുന്നു. എനിക്ക് നാട് വിട്ടു പോകണ്ട അനിയാ. എനിക്കിഷ്ടമുള്ള ജോലി ചെയ്ത് സന്തോഷമായിട്ട് ഞാന്‍ ജീവിച്ചോളാം. പിന്നെ ഇടയ്ക്ക് അന്യരാജ്യങ്ങളില്‍ പോവാനുള്ള അവസരവും എന്റെ തൊഴില്‍ എനിക്ക് നല്‍കുന്നുണ്ട്. അതുകൊണ്ട് എങ്ങും പോകാന്‍ പറ്റാതെ ഇവിടെ ഞാന്‍ പെട്ട് കിടക്കുവാണ് എന്ന വ്യാധി അനിയന് വേണ്ട. അനിയനും അനിയന്റെ തൊഴില്‍ മേഖലയില്‍ സന്തുഷ്ടനാണെന്ന് വിചാരിക്കുന്നു. അപ്പോ ശരി. കാണാം.' എന്നായിരുന്നു നല്കിയ മറുപടി.