16 മത്സരാര്‍ഥികളുമായി ജൂണ്‍ 24ന് ആരംഭിച്ച ബിഗ്ബോസ് റിയാലിറ്റി ഷോയില്‍ ഇനിയുള്ളത് 8 മത്സരാര്‍ഥികള്‍ മാത്രമാണ്. പലരും ഗെയിമില്‍ സജീവമായി ഇടപെടാതെയാണ് ഇത്രയും നാള്‍ കഴിച്ചുകൂട്ടിയത്. അതേസമയം ഗ്രാന്‍ഡ് ഫിനാലെയിലേക്ക് ഷോ എത്തുന്നുവെന്ന് ബിഗ്ബോസ് സൂചന നല്‍കിയതിനാല്‍ തന്നെ ഇനി അങ്ങോട്ടുള്ള ദിവസങ്ങളില്‍ ജയിക്കാനായി മത്സരാര്‍ഥികള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങാന്‍ ഒരുങ്ങുകയാണ്. ഈ വാരം നോമിനേഷനില്‍ 6 പേര്‍ എത്തിയതോടെ എലിമിനേഷന്‍ റൗണ്ടില്‍ ആരൊക്കെ ഔട്ടാകുമെന്നാണ് ഇപ്പോള്‍ ആകാംക്ഷയോടെ പ്രേക്ഷകര്‍ നോക്കുന്നത്. ചിലപ്പോള്‍ രണ്ടുപേരാകും ഇത്തവണ പുറത്താകുക എന്ന സൂചനകളും വരുന്നുണ്ട്.
ഇത്തവണ നോമിനേഷന്‍ ടാസ്‌ക് നല്‍കുന്നിന് മുമ്പേ തന്നെ വരാന്‍ പോകുന്ന ഗ്രാന്റ് ഫിനാലെയെ കുറിച്ച് ബിഗ്ബോസ് സൂചനകള്‍ നല്‍കി. ഇതേതുടര്‍ന്ന് മത്സരാര്‍ഥികളുടെ മുഖത്തും ടെന്‍ഷന്‍ ദൃശ്യമായിരുന്നു. ഇനി ബിഗ്ബോസില്‍ ഗ്രാന്റ് ഫിനാലെ ലക്ഷ്യമാക്കിയുള്ള ഗെയിമാണ് നടക്കുകയെന്നും വ്യക്തിപരമായ വൈകാരികതയ്ക്ക് പകരം ഗെയിമിന്റെ ഗൗരവം കാട്ടണമെന്നുമായിരുന്നു ബിഗ് ബോസിന്റെ അറിയിപ്പ്. ഈ സന്ദേശത്തിന് ശേഷമായിരുന്നു നോമിനേഷന്‍ പ്രക്രിയ നടന്നത്.
ഇനി വെറും 22 ദിവസങ്ങള്‍ മാത്രമാണ് ബിഗ്ബോസില്‍ മത്സാര്‍ഥികള്‍ ഉണ്ടായിരിക്കുക. ഇപ്പോള്‍ നോമിനേഷനില്‍ എത്തിയിരിക്കുന്നതെല്ലാം ശക്തരായ മത്സാര്‍ഥികളാണ്. അതിനാല്‍ തന്നെ പ്രേക്ഷകരും ആകാംക്ഷയില്‍ തന്നെയാണ്. ബിഗ് ബോസ് ഗ്രാന്റ് ഫിനാലെയിലേക്ക് എത്തിയെന്ന് സൂചന നല്‍കി മോഹന്‍ലാലിന്റെ പുതിയ പ്രമോ വീഡിയോ എത്തിയിട്ടുണ്ട്. ജയിക്കാന്‍ വേണ്ടി ചിലര്‍ എന്തു കളിയും കളിക്കുമ്പോള്‍ എതിര്‍ത്ത് നില്‍ക്കാന്‍ കഴിയാത്തവര്‍ പുറത്തുപോകുമെന്നും നിലനില്‍പ്പിനുള്ള പോരാട്ടത്തിനായി മത്സാര്‍ഥികള്‍ പുതിയ ചേരികളുണ്ടാക്കുമെന്നും പ്രകോപനം സൃഷ്ടിച്ച് മുതലെടുക്കുമെന്നും ലാല്‍ പ്രമോ വീഡിയോയില്‍ പറയുന്നു. നിലനില്‍പ്പിനും നേട്ടത്തിനുമായി ബിഗ്ബോസ് അംഗങ്ങള്‍ തന്ത്രവും കുതന്ത്രവും പ്രയോഗിക്കുമ്പോള്‍ ശേഷിക്കുന്നര്‍ തമ്മിലുള്ള കളിക്ക് വാശിയേറുമെന്നും ഇനി കണ്ടറിയാം എന്ത് സംഭവിക്കുമെന്നും പറഞ്ഞാണ് പ്രോമോ അവസാനിക്കുന്നത്. അതിനാല്‍ തന്നെ ഇനി വരും ദിവസങ്ങളില്‍ ജയിക്കാനായി ബിഗ്ബോസ് അംഗങ്ങള്‍ സംഭവബഹുലമായ പ്രശ്നങ്ങളാകും ഉണ്ടാക്കുകയെന്നും സൂചനകള്‍ എത്തുന്നുണ്ട്.