നിന്റെ ഏഴ് തലമുറ ഇത് ഓര്‍ക്കും; ഓഫീസും വീടും ഞങ്ങളുടെ നിരീക്ഷണത്തില്‍; രണ്‍വീര്‍ സിങ്ങിന് നേരെ ബിഷ്‌ണോയ് സംഘത്തിന്റെ ഭീഷണി; ആ സന്ദേശമയച്ചത് ഇടിക്കൂട്ടില്‍ നിന്നും അധോലോക നായകനായ 'ഹരി ബോക്‌സര്‍' 

Malayalilife
നിന്റെ ഏഴ് തലമുറ ഇത് ഓര്‍ക്കും; ഓഫീസും വീടും ഞങ്ങളുടെ നിരീക്ഷണത്തില്‍; രണ്‍വീര്‍ സിങ്ങിന് നേരെ ബിഷ്‌ണോയ് സംഘത്തിന്റെ ഭീഷണി; ആ സന്ദേശമയച്ചത് ഇടിക്കൂട്ടില്‍ നിന്നും അധോലോക നായകനായ 'ഹരി ബോക്‌സര്‍' 

ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിനും പ്രമുഖ സംവിധായകന്‍ രോഹിത് ഷെട്ടിക്കും നേരെ ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന്റെ വധഭീഷണി. ബിഷ്‌ണോയി സംഘത്തിലെ ഹരി ബോക്‌സര്‍ എന്നയാളാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. രണ്‍വീറിനെയും രോഹിത് ഷെട്ടിയെയും മാത്രമല്ല, അവരുടെ കീഴില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും വധിക്കുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്. 

ഹരി ബോക്‌സറുടെ മുന്നറിയിപ്പ്: 'നിങ്ങളുടെ അടുത്ത ഏഴ് തലമുറകള്‍ ഓര്‍ക്കുന്ന രീതിയില്‍ ഞങ്ങള്‍ പെരുമാറും. പോലീസില്‍ പരാതി നല്‍കാന്‍ നിങ്ങള്‍ക്ക് വലിയ ഇഷ്ടമാണല്ലോ. നിങ്ങളുടെ മാനേജര്‍മാരുടെയും ജീവനക്കാരുടെയും താമസസ്ഥലം, ഓഫീസ് സമയം, അവരുടെ കുടുംബങ്ങള്‍ എവിടെ കഴിയുന്നു തുടങ്ങിയ എല്ലാ വിവരങ്ങളും ഞങ്ങളുടെ കൈവശമുണ്ട്. അവരെ ഓരോരുത്തരെയായി കൊന്നൊടുക്കിത്തുടങ്ങുമ്പോള്‍ നിങ്ങള്‍ക്ക് ബോധം വരും,' എന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. രണ്ടാം തവണയും ഭീഷണി: ഇത് രണ്ടാം തവണയാണ് രണ്‍വീര്‍ സിങ്ങിന് ബിഷ്‌ണോയി സംഘത്തില്‍ നിന്ന് ഭീഷണി നേരിടുന്നത്.

മുന്‍പ് കോടികള്‍ ആവശ്യപ്പെട്ട് ഇവര്‍ താരത്തിന് വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. ഇതിന് പിന്നാലെ രണ്‍വീറിനും ദീപിക പദുക്കോണിനും സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. നല്‍കിയ വാഗ്ദാനത്തില്‍ നിന്ന് രണ്‍വീര്‍ പിന്മാറിയതാണ് പുതിയ പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. സംവിധായകന്‍ രോഹിത് ഷെട്ടിയുടെ വീടിന് നേരെ അടുത്തിടെ നടന്ന വെടിവെപ്പിലും ഹരി ബോക്‌സറുടെ പേര് ഉയര്‍ന്നു വന്നിരുന്നു. 

സല്‍മാന്‍ ഖാനുമായി സഹകരിക്കുന്ന എല്ലാവരെയും ലക്ഷ്യം വെക്കുമെന്ന് ബിഷ്‌ണോയി സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. സല്‍മാനെ പരിപാടിയിലേക്ക് ക്ഷണിച്ചതിന്റെ പേരില്‍ കപില്‍ ശര്‍മ്മയുടെ കഫേയ്ക്ക് നേരെയും ഇവര്‍ ആക്രമണം നടത്തിയിരുന്നു. പുതിയ ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ഏജന്‍സികള്‍ അതീവ ജാഗ്രതയിലാണ്. ആരാണ് ഹരി ബോക്‌സര്‍ ലോറന്‍സ് ബിഷ്ണോയി ഗുണ്ടാസംഘത്തിലെ പ്രധാനികളിലൊരാളും കുപ്രസിദ്ധ കുറ്റവാളിയുമാണ് ഹരി ബോക്‌സര്‍. രാജസ്ഥാനിലെ ബന്‍സൂര്‍ ചതര്‍പുര ആധി ഗേലി ഗ്രാമക്കാരനായ ഹരി ചന്ദ് (36) എന്ന സാധാരണക്കാരന്‍ എങ്ങനെ ക്രിമിനല്‍ ലോകത്തെ 'ഹരി ബോക്‌സര്‍' ആയി മാറിയെന്നത് ഞെട്ടിക്കുന്ന കഥയാണ്. 

വഴിമാറിയ ജീവിതം: കര്‍ഷകനായ ഗിര്‍ധാരി ജാട്ടിന്റെ മകനായ ഹരി ചന്ദ് ഗാന്ധി സ്‌കൂളിലും ബന്‍സൂര്‍ കോളേജിലുമായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ബി.എ ബിരുദധാരിയായ ഇയാള്‍ രാജസ്ഥാന്‍ പോലീസ്, ആര്‍മി, എസ്.എസ്.സി തുടങ്ങിയ പരീക്ഷകള്‍ക്കായി വര്‍ഷങ്ങളോളം കഠിനമായി പരിശ്രമിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ജോലി ലഭിക്കാത്തതിനെത്തുടര്‍ന്ന് ജയ്പൂരില്‍ ബോക്‌സിങ് പരിശീലകനായി ജോലിയില്‍ പ്രവേശിച്ചു. ഇവിടെ നിന്നാണ് ഹരി ചന്ദ് എന്ന പേര് 'ഹരി ബോക്‌സര്‍' എന്നായി മാറിയത്. 

2022 മുതല്‍ കാണാമറയത്ത്: പത്താം ക്ലാസിലും ഒന്‍പതാം ക്ലാസിലും പഠിക്കുന്ന രണ്ട് കുട്ടികളുടെ അച്ഛന്‍ കൂടിയാണയാള്‍. അനിയന്‍ വിക്കി ഫിനാന്‍സ് മേഖലയില്‍ ജോലി ചെയ്യുന്നു. 2022-ല്‍ ബന്‍സൂര്‍ വിട്ട ഇയാള്‍ പിന്നീട് ഗ്രാമത്തിലേക്ക് മടങ്ങിവന്നിട്ടില്ല. പോലീസിന്റെ പീഡനം കാരണമാണ് താന്‍ ഒളിവില്‍ പോകുന്നതെന്ന് ഇയാള്‍ മുന്‍പ് പരാതിപ്പെട്ടിരുന്നു. കൂടുതല്‍ കണ്ടെത്തുക അവാര്‍ഡ് പരിപാടികള്‍ മലയാളം വിവര്‍ത്തനം ലൈവ് വാര്‍ത്താ അപ്‌ഡേറ്റുകള്‍ ഗുണ്ടാസംഘങ്ങളുമായുള്ള ബന്ധം: അസാമാന്യ ശാരീരിക ബലമുള്ള ഹരിയെ ഗ്രാമത്തിലുള്ളവര്‍ക്ക് പോലും പേടിയായിരുന്നു. ഒളിവില്‍ പോയ ശേഷം ലോറന്‍സ് ബിഷ്‌ണോയി സംഘവുമായി അടുത്തതോടെയാണ് ഹരി ബോക്‌സര്‍ എന്ന പേര് കൊടും ക്രിമിനലുകളുടെ പട്ടികയിലേക്ക് ഉയര്‍ന്നത്. 

ഒരു കാലത്ത് സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ടിരുന്ന യുവാവ് ഇന്ന് ബിഷ്‌ണോയി ഗ്യാങ്ങിന്റെ പ്രധാന ഹിറ്റ്മാനായി മാറിയത് നാട്ടുകാരെയും കുടുംബത്തെയും ഒരുപോലെ അമ്പരപ്പിക്കുകയാണ്. ബിഷ്ണോയി സംഘത്തിന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന വ്യക്തിയാണ്. ലോറന്‍സ് ബിഷ്ണോയിക്കും കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡി ബ്രാര്‍ക്കും വേണ്ടി ഇന്ത്യയില്‍ ഭീഷണിക്കത്തുകള്‍ അയക്കുന്നതും വെടിവെപ്പുകള്‍ ആസൂത്രണം ചെയ്യുന്നതും ഇയാളാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

 ബോളിവുഡ് താരങ്ങളെയും ബിസിനസുകാരെയും ഭീഷണിപ്പെടുത്തി പണം തട്ടുന്നതിലാണ് ഇയാള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സല്‍മാന്‍ ഖാനുമായി അടുപ്പമുള്ളവരെയെല്ലാം ലക്ഷ്യം വെക്കുമെന്ന് ഇയാള്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. രോഹിത് ഷെട്ടിയുടെ വീടിന് നേരെ നടന്ന വെടിവെപ്പിലും കാനഡയില്‍ കപില്‍ ശര്‍മ്മയുടെ കഫേയ്ക്ക് നേരെ നടന്ന ആക്രമണത്തിലും ഇയാളുടെ പേര് പോലീസ് റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ബിസിനസുകാരെയും താരങ്ങളെയും ഭീഷണിപ്പെടുത്താന്‍ ഇയാള്‍ സോഷ്യല്‍ മീഡിയയും ഓഡിയോ സന്ദേശങ്ങളും വ്യാപകമായി ഉപയോഗിക്കാറുണ്ട്. 

ബിഷ്ണോയി ഗ്യാങ്ങിന്റെ 'പ്രൊട്ടക്ഷന്‍ മണി' നല്‍കാത്ത ഹോട്ടലുടമകളെ ലക്ഷ്യം വെച്ച് ഹരി ബോക്‌സര്‍ ആക്രമണങ്ങള്‍ നടത്താറുണ്ട്. കഴിഞ്ഞ വര്‍ഷം രാജസ്ഥാനിലെയും ഡല്‍ഹിയിലെയും ചില പ്രമുഖ ക്ലബ്ബുകള്‍ക്ക് നേരെ നടന്ന വെടിവെപ്പുകളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. കുറ്റകൃത്യങ്ങള്‍ ചെയ്ത ശേഷം അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇടുന്നതും ഇയാളുടെ രീതിയാണ്. ഇത് യുവാക്കളെ ക്രിമിനല്‍ സംഘങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനും പൊതുജനങ്ങളില്‍ ഭീതി വിതയ്ക്കുന്നതിനും വേണ്ടിയാണ്.

Read more topics: # രണ്‍വീര്‍
Bollywood actor Ranveer Singh has received a fresh threat

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES