നിവിന്‍ പോളി ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ആക്ഷന്‍ ഹീറോ ബിജു 2'. സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചെങ്കിലും പിന്നീട് അപ്ഡേറ്റുകള്‍ ഒന്നും വരാത്തതില്‍ ആരാധകര്‍ നിരാശയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ വൈകലിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ എബ്രിഡ് ഷൈന്‍. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നും ഷൂട്ടിംഗ് എപ്പോള്‍ വേണമെങ്കിലും തുടങ്ങാവുന്ന അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് എബ്രിഡ് ഷൈന്‍ സിനിമയെക്കുറിച്ചുള്ള കാര്യങ്ങള്‍ പങ്കുവെച്ചത്.
എബ്രിഡ് ഷൈന്റെ വാക്കുകള്‍:
'ആക്ഷന്‍ ഹീറോ ബിജു 2-ന്റെ ഡയലോഗുകള്‍ ഉള്‍പ്പെടെയുള്ള പൂര്‍ണ്ണമായ തിരക്കഥ ബൈന്‍ഡ് ചെയ്ത് ഞാന്‍ നിവിന്‍ പോളിക്ക് നല്‍കിയിട്ടുണ്ട്. സിനിമ തുടങ്ങാനുള്ള സജ്ജീകരണങ്ങള്‍ എല്ലാം പൂര്‍ത്തിയാണ്. എന്നാല്‍ വളരെ സ്‌നേഹമുള്ള, പരിചയമുള്ള ആളുകള്‍ തമ്മിലുള്ള ചില തര്‍ക്കങ്ങള്‍ കാരണമാണ് സിനിമ നീണ്ടുപോകുന്നത്. ആക്ഷന്‍ ഹീറോ ബിജു 2 അടിമുടി നിവിന്‍ പോളിക്ക് 'അഴിഞ്ഞാടാനുള്ള' ഒരു സ്‌ക്രിപ്റ്റ് ആണ്. ഇമാജിനേഷനും ഫിക്ഷനും റിയലിസം ഒക്കെ ചേര്‍ത്താണ് ഇത് ഒരുക്കിയിരിക്കുന്നത്.'
എബ്രിഡ് ഷൈന്റെ ഏറ്റവും പുതിയ ചിത്രമായ 'സ്പാ' (SPA) റിലീസിന് ഒരുങ്ങുകയാണ്. സിദ്ധാര്‍ത്ഥ് ഭരതന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, മേജര്‍ രവി തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്ന ഈ ചിത്രത്തില്‍ ഒരു 'മാസ്‌ക് മാന്‍' കൂടി എത്തുന്നുണ്ടെന്നത് ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്നു. റിയലിസ്റ്റിക് സിനിമകളുടെ സംവിധായകന്‍ എന്ന നിലയില്‍ എബ്രിഡ് ഷൈന്‍ ഒരുക്കുന്ന 'സ്പാ'യില്‍ നിന്നും ഒരു വലിയ മാറ്റം തന്നെ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്.