മലയാളികള്‍ക്കെല്ലാം തന്നെ ഓണക്കാലത്ത് പങ്കുവെക്കാന്‍ ഒരുപാട് ഓര്‍മ്മകളുണ്ടാവും. തങ്ങളുടെ ഓര്‍മ്മകളുമായി സിനിമാ-സീരിയല്‍-മിമിക്രി ലോകത്ത് നിന്നുള്ള താരങ്ങളെല്ലാം വന്ന് കഴിഞ്ഞു. കൂടുതല്‍ പേര്‍ക്കും തുറന്ന് പറയാനുള്ളത് കഷ്ടപാടുകല്‍ നിറഞ്ഞ ചെറുപ്പകാലത്തെ ഓണത്തെ കുറിച്ചാണ്. നടന്‍ സാജന്‍ പള്ളുരുത്തിയ്ക്കും അത്തരം ഒരു ഓണത്തെ കുറിച്ചാണ് പറയാനുള്ളത്. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഓണത്തെ കുറിച്ച് എല്ലാം തുറന്ന് പറഞ്ഞത്.
ഞാന്‍ ജനിച്ച് വളര്‍ന്നതും ഇപ്പോഴും ജീവിക്കുന്നതും പശ്ചിമ കൊച്ചിയിലെ പള്ളുരുത്തിയിലാണ്. നാടിനോടുള്ള സ്‌നേഹം മൂലമാണ് കലാരംഗത്തെത്തിയപ്പോള്‍ നാടിനെ പേരിനൊപ്പം കൂട്ടിയത്. അച്ഛന്‍, അമ്മ, ഞാന്‍, സഹോദരന്‍, ഇതായിരുന്നു കുടുബം, അച്ഛന്‍ കയര്‍ തൊഴിലാളിയായിരന്നു. അമ്മ വീട്ടമ്മയും. സഹോദരന്‍ ഭിന്നശേഷിക്കാരനാണ്. കഷ്ടപ്പാടും ദുരിതവും നിറഞ്ഞതായിരുന്നു ചെറുപ്പകാലം. ഓണത്തിനോ വിഷുവിനോ മാറ്റിയുടുക്കാന്‍ നല്ലൊരു വസ്ത്രം പോലും ഇല്ലാതെ വിഷമിച്ച കാലമുണ്ടായിരുന്നു.
ആദ്യ കാലത്തൊക്കെ വാടക വീടുകളിലായിരുന്നു. പിന്നീട് അച്ഛന്‍ കഷ്ടപ്പെട്ട് ഒരു ചെറിയ വീട് തട്ടിക്കൂട്ടി. എനിക്ക് മാതാപിതാക്കളോട് ബഹുമാനം എന്തെന്നാല്‍, ധാരാളം കഷ്ടപ്പാട് ഉണ്ടായിരുന്നിട്ടും എന്നെ എന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് കലാരംഗത്തേക്ക് പോകാന്‍ അവര്‍ അനുവദിച്ചു. സാധാരണ പലരും മക്കള്‍ രക്ഷപ്പെട്ട് കഴിയുമ്പോള്‍ മാത്രമാണ് 'എന്റെ മകനാണ്' എന്ന് അഭിമാനത്തോടെ പറഞ്ഞ് തുടങ്ങുന്നത്. പക്ഷേ എന്റെ മാതാപിതാക്കള്‍ ഞാന്‍ കഷ്ടപ്പെടുന്ന കാലം മുതല്‍ എനിക്ക് മാനസികമായ പിന്തുണ നല്‍കിയിരുന്നു.
ഒരു കലാപാരമ്പര്യമുള്ള കുടുംബമായിരുന്നില്ല എന്റേത്. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ ഞാന്‍ മിമിക്രി, സ്‌റ്റേജ് പരിപാടികള്‍ക്ക് പോയി തുടങ്ങി. സംവിധായകന്‍ ജയരാജിന്റെ കണ്ണകിയിലൂടെയാണ് ഞാന്‍ സിനിമയിലേക്ക് എത്തുന്നത്. ഇപ്പോള്‍ കലാരംഗത്തെയിട്ട് 33 വര്‍ഷമായി. 18 വര്‍ഷം മുന്‍പ് കരിയറിന്റെ ഉയര്‍ച്ചയില്‍ നില്‍ക്കുന്ന സമയത്താണ് വീട് വെക്കുന്നത്. അന്ന് താരതമ്യേന കുറഞ്ഞ ചെലവില്‍ പണി തീര്‍ക്കാന്‍ കഴിഞ്ഞു. അതില്‍ നിന്നൊക്കെ ചെലവുകള്‍ ഒരുപാട് ഉയരത്തിലേക്ക് പോയി. ഇന്ന് ഒരു വീട് വെക്കണമെങ്കില്‍ നല്ലോണം വിയര്‍ക്കേണ്ടി വന്നേനെ.
ഞാന്‍ കലാരംഗത്ത് പേരെടുത്ത കാലം. ജീവിതം കുഴപ്പമില്ലാതെ മുന്നോട്ട് പോകുന്നതിനിടയ്ക്ക് ആകസ്മികമായാണ് അമ്മയുടെ മരണം. അത് ഞങ്ങള്‍ എല്ലാവര്‍ക്കും ഒരു ഷോക്ക് ആയി. അതുകൊണ്ടും തീര്‍ന്നില്ല. വൈകാതെ അച്ഛന്‍ പക്ഷാഘാതം വന്ന് തളര്‍ന്ന് കിടപ്പിലായി. ഒന്‍പത് കൊല്ലമാണ് അച്ഛന്‍ ആ കിടപ്പ് കിടന്നത്. അത് കലാരംഗത്ത് നിന്നുള്ള എന്റെ വനവാസ കാലമായിരുന്നു. കാരണം വീട്ടില്‍ സുഖമില്ലാത്ത രണ്ടാളുകല്‍. അനിയും എല്ലാത്തിനും ഒരു സഹായം വേണം.
അവരെ പരിചരിക്കാന്‍ ഞാന്‍ കലാരംഗത്ത് നിന്നും ഒരു നീണ്ട ഇടവേള എടുത്തു. ഇടി, ആക്ഷന്‍ ഹീറോ ബിജു, തുടങ്ങിയ സിനിമകളിലൂടെയാണ് റീഎന്‍ട്രി നടത്തിയത്. സ്വിമിങ് പൂളില്‍ ഒരിക്കലും താമര വിരിയില്ലല്ലോ. അത് ചേറിലാണ് വിരിയുന്നത്. കലാപാരമ്പര്യമില്ലാത്ത ഒരു കുടുംബത്തില്‍ നിന്നും കഷ്ടപ്പെട്ട് കലാരംഗത്തെത്തിയതാണ് ഞാന്‍. സ്വകാര്യ ദുഃഖങ്ങള്‍ ഒരുപാടുണ്ടായിരുന്നിട്ടും മറ്റുള്ളവരെ ചിരിപ്പിക്കാനാണ് എനിക്കിഷ്ടം.
ഭാര്യ ഷിജില, മകന്‍ ശ്രാവണ്‍ ഡിഗ്രിയ്ക്ക് പഠിക്കുന്നു. മകള്‍ സമയ ഏഴാം ക്ലാസില്‍ പഠിക്കുന്നു. അമ്മ പോയിട്ട് പന്ത്രണ്ട് വര്‍ഷമായി. അച്ഛന്‍ രണ്ടര വര്‍ഷം മുന്‍പ് മരിച്ചു. ജീവിതം കോമഡിയല്ലല്ലോ, ചെണ്ട എന്ന പേരില്‍ ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ചു. വെബ് സീരീസ് മേഖലയിലേക്ക് കടന്നിരിക്കുകയാണ് ഞാനിപ്പോള്‍. നാടന്‍ കഥാപാത്രങ്ങളും നാട്ടിന്‍പുറത്തെ കഥകളുമാണ് ഈ ചാനലില്‍ ഒരുക്കിയിരിക്കുന്നത്. 10 മുതല്‍ 20 മിനുറ്റ് വരെ ദൈര്‍ഘ്യമുള്ള നര്‍മം കലര്‍ന്ന 10 എപ്പിസോഡുകള്‍ ചാനലില്‍ ഉണ്ട്. പള്ളുരിത്തിയും പരിസരവുമാണ് ചിത്രീകരണം എന്നും താരം പറയുന്നു.