Latest News

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോര്‍ക്കുന്നു 

Malayalilife
 സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോര്‍ക്കുന്നു 

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീര്‍ഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ കൂട്ടുകെട്ടിന്റെ ആദ്യ റിലീസായി റഹ്മാനും ഭാവനയും പ്രധാന വേഷങ്ങളിലെത്തുന്ന 'അനോമി' ജനുവരി 30ന് സെഞ്ചുറി ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കും. തുടര്‍ന്ന് ആസിഫ് അലി അഭിനയിക്കുന്ന ടിക്കി ടാക്കാ, കുഞ്ചാക്കോ ബോബന്‍ - ലിജോമോള്‍ ജോസ് എന്നിവര്‍ അഭിനയിക്കുന്ന പ്രൊഡക്ഷന്‍ നമ്പര്‍ 3 ഉള്‍പ്പെടെ പനോരമ സ്റ്റുഡിയോസിന്റെ നിരവധി നിര്‍മ്മാണ ചിത്രങ്ങള്‍ സെഞ്ചുറി ഫിലിംസ് കേരളത്തിലെ തിയേറ്ററിലെത്തിക്കും. 

സെഞ്ചുറി ഫിലിംസിന്റെ നേതൃത്വം വഹിക്കുന്നത് മലയാള സിനിമാ രംഗത്ത് അത്യന്തം ആദരിക്കപ്പെടുന്ന മുതിര്‍ന്ന നിര്‍മ്മാതാവ് സെഞ്ചുറി കൊച്ചുമോനാണ്. (എം.സി. ഫിലിപ്പ്) അഞ്ചു ദശാബ്ദത്തോളം നീളുന്ന കരിയറിലൂടെ, 1970കളുടെ മദ്ധ്യത്തില്‍  അദ്ദേഹം സ്ഥാപിച്ച സെഞ്ചുറി ഫിലിംസ്, ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഏറ്റവും വിശ്വാസയോഗ്യവും സ്വാധീനമുള്ളതുമായ ബാനറുകളിലൊന്നായി ഇതിനോടകം മാറിക്കഴിഞ്ഞു. മലയാള സിനിമയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച സെഞ്ചുറി ഫിലിംസ്, നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരടക്കമുള്ള മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ സെഞ്ചുറി ഫിലിംസിന്റെ ബാനറില്‍ അഭിനയിച്ചതിലൂടെ ഈ സ്ഥാപനത്തിന്റെ പാരമ്പര്യവും സംഭാവനയും കൂടുതല്‍ ശക്തമാവുന്നു.

ദക്ഷിണേന്ത്യയിലുടനീളം സെഞ്ചുറി ഫിലിംസിനുള്ള ശക്തമായ സാന്നിദ്ധ്യവും, പ്രാദേശിക പ്രേക്ഷകരെക്കുറിച്ചുള്ള ആഴത്തിലുള്ള ബോധവും, കേരളത്തിലുടനീളമുള്ള തിയേറ്ററുകളുമായും എക്‌സിബിറ്റര്‍മാരുമായും ഉള്ള ദീര്‍ഘകാല ബന്ധങ്ങളും തന്നെയാണ് പനോരമ സ്റ്റുഡിയോസിനെ സെഞ്ചുറി ഫിലിംസുമായുള്ള ഈ പങ്കാളിത്തത്തിലേക്ക് നയിച്ചത്. വിശ്വാസ്യതയും സ്ഥിരതയും കൊണ്ട് പ്രശസ്തമായ വിതരണ ശൃംഖലയുടെ ഉടമകളായ സെഞ്ചുറി ഫിലിംസ്, കേരളത്തിലെ ഏറ്റവും വിശ്വസനീയമായ വിതരണ സ്ഥാപനങ്ങളിലൊന്നാണ്.

ഈ കൂട്ടുകെട്ടിനെക്കുറിച്ച് സംസാരിച്ചുകൊണ്ട്, പനോരമ സ്റ്റുഡിയോസ് ചെയര്‍മാന്‍ കുമാര്‍ മംഗത് പാഥക് പറഞ്ഞത് ഇപ്രകാരമാണ്: ''സെഞ്ചുറി ഫിലിംസ് ഒരു വിതരണ കമ്പനി മാത്രമല്ല; അത് മലയാള സിനിമാ പാരമ്പര്യത്തിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്നു. സെഞ്ചുറി കൊച്ചുമോന്റെ  പാരമ്പര്യവും വിശ്വാസ്യതയും ഡിസ്ട്രിബൂഷന്‍ വ്യവസായത്തോടുള്ള ആഴത്തിലുള്ള ബന്ധവും ഞങ്ങളുടെ മലയാള ചിത്രങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ പങ്കാളിയായി സെഞ്ചുറി ഫിലിംസിനെ മാറ്റുന്നു. ഈ സഹകരണം വഴി കേരളത്തിലെ പ്രേക്ഷകരിലേക്ക് ഞങ്ങളുടെ സിനിമകള്‍ ഏറ്റവും ഫലപ്രദമായും ആത്മാര്‍ത്ഥമായും എത്തുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.''  സെഞ്ചുറി കൊച്ചുമോന്‍ പനോരമാ സ്റ്റുഡിയോസുമായുള്ള കൂട്ടുകെട്ടിനെപ്പറ്റി ഇപ്രകാരം പറഞ്ഞു: 
''സിനിമ എപ്പോഴും ശക്തമായ ബന്ധങ്ങളുടെയും ഒരേ ദൃഷ്ടികോണത്തിന്റെയും ഫലമാണ്. പനോരമ സ്റ്റുഡിയോസ് ആധുനികവും ഉള്ളടക്ക കേന്ദ്രീകൃതവുമായ സമീപനവും കഥപറച്ചിലോടുള്ള ബഹുമാനവും കൊണ്ടുവരുന്നു. ഈ പങ്കാളിത്തം സെഞ്ചുറി ഫിലിംസിന് ഒരു സ്വാഭാവിക മുന്നേറ്റമായി തോന്നുന്നു, പുതുമയും വ്യാപ്തിയും കൊണ്ട് അര്‍ത്ഥവത്തായ മലയാള സിനിമകള്‍  പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു.''

ഈ സഹകരണത്തോടെ, പാരമ്പര്യവും പ്രാദേശിക അവബോധവും വിപണി നേതൃത്വവും ഒന്നിപ്പിക്കുന്ന പങ്കാളികളിലൂടെ ദക്ഷിണേന്ത്യയില്‍ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനുള്ള പ്രതിബദ്ധത പനോരമ സ്റ്റുഡിയോസ് വീണ്ടും ഉറപ്പിക്കുന്നു. പനോരമ സ്റ്റുഡിയോസും സെഞ്ചുറി ഫിലിംസും ചേര്‍ന്ന് മലയാള സിനിമയ്ക്ക് അതിന് അര്‍ഹമായ വ്യാപ്തിയും ബഹുമാനവും എത്തിക്കുകയാണ് ഈ കൂട്ടുകെട്ടിലൂടെയുള്ള പ്രധാന ലക്ഷ്യം. 

പനോരമ സ്റ്റുഡിയോസ് പ്രൊഡക്ഷന്‍, വിതരണം, മ്യൂസിക്, സിനഡിക്കേഷന്‍, ഇക്വിപ്പ്‌മെന്റ് റന്റല്‍, പബ്ലിസിറ്റി ഡിസൈന്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആഗോള സിനിമാ സ്റ്റുഡിയോയാണു പനോരമ സ്റ്റുഡിയോസ് ഇന്റര്‍നാഷണല്‍. ഹിന്ദി സിനിമയില്‍ ശ്രദ്ധേയമായ സാന്നിധ്യമുള്ള ഈ സ്റ്റുഡിയോ, മലയാളം, മറാഠി, ഗുജറാത്തി, പഞ്ചാബി സിനിമകളിലേക്കും വ്യാപിച്ചുകഴിഞ്ഞു. 
ഓംകാരയിലൂടെ ശ്രദ്ധേയമായ അരങ്ങേറ്റം നടത്തിയ പനോരമ സ്റ്റുഡിയോസ്, സ്‌പെഷ്യല്‍ 26, പ്യാര്‍ കാ പഞ്ച്‌നാമ 1 & 2, ദൃശ്യം 1 & 2, റെയ്ഡ് 1 & 2, സെക്ഷന്‍ 375, ഖുദാ ഹാഫിസ്, ഷൈത്താന്‍ എന്നിവ ഉള്‍പ്പെടെ നിരവധി ബോക്‌സ് ഓഫീസ് വിജയങ്ങളും പുരസ്‌കാരജേതാക്കളായ ചിത്രങ്ങളും സമ്മാനിച്ചിട്ടുണ്ട്. ഇതുവരെ 50ലധികം പുരസ്‌കാരങ്ങള്‍ സ്റ്റുഡിയോ സ്വന്തമാക്കിയിട്ടുണ്ട്.

2026 ഒക്ടോബര്‍ 2ന് റിലീസിന് തയ്യാറെടുക്കുന്ന ദൃശ്യം 3 ഉള്‍പ്പെടെ നിരവധി ശ്രദ്ധേയ പദ്ധതികളുമായി, പനോരമ സ്റ്റുഡിയോസ് സിനിമയില്‍ നവീകരണവും മികവുമാണ് തുടര്‍ന്നും ലക്ഷ്യമിടുന്നത്. വാര്‍ത്താ പ്രചരണം: ഹെയിന്‍സ്.

panorama studios century films

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES