മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരകളിൽ ഒന്നാണ് മൗനരാഗം. നിരവധി താരങ്ങളാണ് പരമ്പരയിൽ അണിനിരക്കുന്നതും. എന്നാൽ ഇപ്പോൾ പരമ്പരയിലൂടെ ബൈജു എന്ന കഥാപാത്രമായി പ്രേക്ഷക മനസ്സ് കീഴടക്കിയ താരമാണ് കാർത്തിക് പ്രസാദ്. കഴിഞ്ഞ ഇരുപത് വർഷത്തോളമായി സിനിമ-സീരിയൽ മേഖലയിൽ കോഴിക്കോട് കുതിരവട്ടം ഗോവിന്ദപുരം സ്വദേശിയായ കാർത്തിക് സജീവം ആണ്. അഭിനയത്തിന് പുറമെ മാതൃഭൂമിയിലും ജോലി ചെയ്യുന്നുണ്ട് കാർത്തിക്ക്.
കുടുംബവിളക്കിലെ അനിരുദ്ധ് എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായ ആനന്ദ് നാരായണന്റെ യുട്യൂബ് ചാനലിൽ കൂടി ചാൻസ് ചോദിച്ച് താൻ കാണാത്ത സംവിധായകരോ സിനിമാപ്രവർത്തകരോ ഇല്ലെന്നും കാർത്തിക്ക് പറയുന്നു. വിശേഷങ്ങൾ പങ്കുവെക്കാനെത്തിയപ്പോഴാണ് അഭിനയത്തോട് എത്രമാത്രം താൽപര്യമുണ്ടെന്ന് കാർത്തിക്ക് തുറന്ന് പറഞ്ഞത്. 'സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഒരു ഖണ്ഡിക വായിക്കാൻ തന്നാൽ പോലും മോഡിലേഷൻ വരുത്തി മാത്രമെ സംസാരിക്കാറുള്ളൂ ഞാൻ. പിന്നീട് വലുതായപ്പോൾ കൂട്ടുകാരനോടാണ് ആദ്യമായി അഭിനയ മോഹം തുറന്ന് പറഞ്ഞത്' കാർത്തിക് പറയുന്നു.
'അഭിനയം ഇഷ്ടമാണെന്ന് കൂട്ടുകാരനോട് പറഞ്ഞപ്പോൾ അവനാണ് അതിനുള്ള വഴിയായി അടുത്തുള്ള കല്യാണ വീഡിയോ എടുക്കുന്ന ചേട്ടന്റെ ഷോപ്പ് കാണിച്ച് തന്നത്. ഞാൻ ഒരു ദിവസം കുളിച്ച് ഒരുങ്ങി ആ ഷോപ്പിലേക്ക് ചെന്നു. അവിടെ ചെന്നപ്പോൾ വീഡിയോകളും ഫോട്ടോകളും കണ്ടു. അങ്ങനെ കടയുടമയോട് ഒരു ചാൻസ് വേണമെന്ന് പറഞ്ഞു. അയാൾ അത്ഭുതത്തോടെ നോക്കിയിട്ട് എന്നോട് പറഞ്ഞു. കല്യാണം വല്ലതും നടക്കാനുണ്ടേൽ പറഞ്ഞോളൂ ഞാൻ വീഡിയോ എടുത്ത് തരാമെന്ന്. അന്ന് എവിടെയാണ് അഭിനയ മോഹം പറയേണ്ടത് ആരെയാണ് സമീപിക്കേണ്ടത് എന്ന കാര്യത്തിൽ അറിവുണ്ടായിരുന്നില്ല എന്നതാണ് സത്യം. മൗനരാഗത്തിലെ ബൈജുവിന്റെ അഭിനയവും സ്ലാങും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു'. യാദൃശ്ചികമായാണ് ബൈജുവേട്ടനിലേക്ക് താൻ എത്തിയതെന്നും കാർത്തിക് പറയുന്നു.
'ഓണക്കാലത്തായിരുന്നു ജോസേട്ടന്റെ കോൾ വന്നത്. മൂന്ന് ദിവസത്തെ വർക്കുണ്ട് തിരുവനന്തപുരം എത്താൻ പറ്റുമോയെന്നായിരുന്നു ചോദിച്ചത്. എത്താമെന്ന് പറഞ്ഞു. ലൊക്കേഷനിലെത്തിയപ്പോഴാണ് കഥാപാത്രത്തെക്കുറിച്ച് മനസിലായത്. സ്‌ക്രിപ്റ്റ് കിട്ടിയപ്പോളാണ് കോഴിക്കോട് സ്ലാങും പരീക്ഷിച്ചത്. എപ്പിസോഡ് വന്നപ്പോൾ എനിക്ക് ഭയങ്കര വിളി വന്നു. പിന്നെയാണ് അടുത്ത ഷെഡ്യൂളിലും നീയുണ്ടെന്ന് പറഞ്ഞത്. എന്നാണ് നീ ഷർട്ടിട്ട് അഭിനയിക്കുക എന്നായിരുന്നു ഒരുകാലത്ത് എല്ലാവരും ചോദിച്ചത്. ഒന്നുകിൽ പുരാണകഥാപാത്രം അല്ലെങ്കിൽ മണ്ടൻ എന്നൊക്കെ പറയാറുണ്ട്. അഭിനയിക്കാനുള്ള അടങ്ങാത്ത ആഗ്രഹമുണ്ടായിരുന്നു. വിമർശനങ്ങളെയെല്ലാം പോസിറ്റീവായി എടുക്കുന്നയാളാണ് ഞാൻ. ആൽബത്തിൽ അഭിനയിച്ചതിന് ശേഷം എന്നെ തിരിച്ചറിഞ്ഞ് കുറേ കുട്ടികൾ ഓട്ടോഗ്രാഫ് ചോദിച്ച സംഭവമൊക്കെ ഉണ്ടായിട്ടുണ്ട്' കാർത്തിക്ക് പറയുന്നു. ബൈജുവായിട്ട് തന്നെ കാർത്തികിനെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും അഥിന് കാർത്തിക്ക് മടി കൂടാതെ കൂട്ട് നിന്നുവെന്നും ആനന്ദ് നാരായണൻ കാർത്തിക്കിനോടുള്ള സ്നേഹം അറിയിച്ച് പറഞ്ഞു. വിവാഹ ശേഷമായാണ് താൻ അഭിനയ ജീവിതത്തിലേക്ക് വന്നതെന്നും കാർത്തിക് പറയുന്നു.