സ്ത്രീപദത്തിലെ സതീഷ് ഗോപനായി തിളങ്ങുന്ന നടനാണ് സുഭാഷ് നായര്‍. വിവിധ സീരിയലുകളിലായി നിരവധി കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധനേടിയ താരമാണ് സുഭാഷ്. വില്ലന്‍ വേഷങ്ങളിലും സ്വാഭാവിക വേഷങ്ങളിലും തിളങ്ങുന്ന സുഭാഷിന്റെ വിശേഷങ്ങള്‍ അറിയാം.
തിരുവനന്തപുരം സ്വദേശിയാണ് സുഭാഷ്. സുഭാഷിന്റെ അച്ഛന്‍ ഭാസ്‌കരന്‍ നായര്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ ജോലിക്കാരനായിരുന്നു. തൈക്കാടുള്ള മോഡല്‍ സ്‌കൂളിലും ആര്‍ട്‌സ് കോളജിലുമായിരുന്നു സുഭാഷിന്റെ വിദ്യാഭ്യാസം. നാലുമക്കളില്‍ ഇളയവനായിരുന്നു സുഭാഷ്. സാമ്പത്തികമായി അത്ര മെച്ചപ്പെട്ട അവസ്ഥയല്ലാത്തതിനാല്‍ പഠനത്തിനൊപ്പം പല ജോലികളും ചെയ്താണ് സുഭാഷ് ഇന്നത്തെ നിലയിലെത്തിയത്. പഠനവും ജോലിയും ഒന്നിച്ചുകൊണ്ടുപോകുന്നതിനിടയൊണ് നാടകപ്രവര്‍ത്തനങ്ങളില്‍ സുഭാഷ് സജീവമാകുന്നത്. ഡയലോഗ് പറഞ്ഞുനല്‍കുന്ന ആളായിട്ടാണ് നാടകപ്രവര്‍ത്തനം തുടങ്ങിയത്. നാടകദിവസം എത്താന്‍ പറ്റാതിരുന്ന ഒരാള്‍ക്ക് പകരക്കാരനായിട്ടാണ് ആദ്യമായി നാടകത്തില്‍ അഭിനയിച്ചത്. പിന്നീട് ചിലര്‍ വഴി ഒരു സീരിയലില്‍ അവസരം കിട്ടി. മല്ലിക സുകുമാരന്റെ മകനായിട്ടാണ് അഭിനയിച്ചത്. ഇതിലെ പ്രതിഫലമായി നിര്‍മ്മാതാവ് മണിയന്‍പിള്ള രാജു നല്‍കിയത് 500 രൂപയായിരുന്നു. നന്നായി അഭിനയിച്ചെന്നും നന്നായി വരുമെന്നും മണിയന്‍പിള്ള പറഞ്ഞപ്പോള്‍ പ്രതിഫലം കിട്ടിയെന്നതിനെക്കാള്‍ മറ്റുള്ളവര്‍ അംഗീകരിച്ച സന്തോഷമായിരുന്നു എന്ന് സുഭാഷ് പറയുന്നു. പക്ഷേ, പിന്നീട് ചാന്‍സ് കിട്ടാതെ വന്നപ്പോള്‍ മാര്‍ക്കറ്റിങ് ജോലിയിലേക്ക് തിരിഞ്ഞെങ്കിലും സീരിയല്‍ സുഭാഷിനെ വിട്ടില്ല.
വീണ്ടും അവസരങ്ങള്‍ സുഭാഷിനെ തേടിയെത്തി. സ്ത്രീഹൃദയം സീരിയലിലെ അനന്തന്‍ എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് നിരവധി വേഷങ്ങള്‍ ലഭിച്ചു. പോലീസ് വേഷങ്ങളും നെഗറ്റീവ് വേഷങ്ങളുമായിരുന്നു കൂടുതല്‍. പോലീസ് വേഷം കണ്ടാണ് തന്നെ സുഭാഷിനെ ഭാര്യ ലാലി പ്രണയിച്ചതും കല്യാണം കഴിച്ചതും. ഒരു പോലീസ് വേഷം ചെയ്ത സീരിയലില്‍ കഥാപാത്രത്തിന്റെ നമ്പരായി നല്‍കിയത് സുഭാഷിന്റെ നമ്പരാണ്. ഇത് സീരിയലില്‍ പറഞ്ഞതിന് പിന്നാലെ അലഹബാദില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരായ കുറച്ചു പെണ്‍കുട്ടികള്‍ വിളിച്ചു. അതില്‍ ഒരാളായിരുന്നു ലാലി. ഈ പരിചയം പ്രണയമായി പിന്നീട് കല്യാണത്തിലേക്കും എത്തി. ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന സൂര്യയാണ് ദമ്പതികളുടെ മക്കള്‍. ഒരിക്കല്‍ സ്ത്രീഹൃദയം ഷൂട്ടിനിടയില്‍ ഒരു വീട്ടമ്മ തന്നെ മടല്‍ കൊണ്ട് അടിക്കാന്‍ വന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ മെഡലെന്ന് സുഭാഷ് പറയുന്നു. എല്ലാവരെയും പോലെ സിനിമ തന്നെയാണ് സുഭാഷിന്റെയും സ്വപ്‌നത്തിലുള്ളത്. അതിനായുള്ള കാത്തിരിപ്പിലാണ് സുഭാഷ്. സ്ത്രീപദത്തില്‍ നെഗറ്റീവായും പോസിറ്റീവായും നിലകൊള്ളുന്ന കഥാപാത്രമാണ് സുഭാഷിന്. അനായാസ അഭിനയമാണ് താരം ഇതില്‍ കാഴ്ചവയ്ക്കുന്നത്.