മഴവില്‍ മനോരമ' ടിവി ചാനലിലെ ജനപ്രിയ സംഗീത റിയാലിറ്റി ഷോയായ സൂപ്പര്‍ 4ന് തിരശീല വീണപ്പോള്‍ ജേതാവായത് തൃശൂര്‍ സ്വദേശി ശ്രീഹരിയാണ്. പ്രേക്ഷക പിന്തുണയും ഒപ്പം മികച്ച പെര്‍ഫോമെന്‍സുമാണ് ശ്രീഹരിയെ വിജയി ആക്കി മാറ്റിയത്. അതേസമയം പ്ലസ് ടൂവില്‍ പഠിക്കുന്ന ശ്രീഹരി തന്നെക്കാള്‍ മുതിര്‍ന്ന ചേട്ടന്‍മാരെ തോല്‍പ്പിച്ചാണ് വിജയിച്ചതെന്നുള്ളത് ഇരട്ടിമധുരമായി മാറുകയാണ്.
തൃശൂര്‍ താണിക്കുടം മണ്ണുംകാട്ടില്‍ എം.കെ. രവീന്ദ്രന്‍-ശോഭ ദമ്പതികളുടെ മകനായ ശ്രീഹരി വില്ലടം ജിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. എല്ലാ റൗണ്ടുകളിലും മികച്ച പെര്‍ഫോര്‍മന്‍സ് കാഴ്ചവച്ച ശ്രീഹരി രവീന്ദ്രന് സൂപ്പര്‍ ഫോറില്‍ വിജയിച്ചതിന് സമ്മാനം ലഭിച്ചത് പത്ത് ലക്ഷം രൂപയാണ്. എ. വൈശാഖന്‍, ദേവ് പ്രകാശ്, ശ്വേത സോമസുന്ദരം എന്നിവര്‍ റണ്ണറപ്പുകളായി. റണ്ണറപ്പുകള്‍ക്ക് 5 ലക്ഷം രൂപയാണ് സമ്മാനം ലഭിച്ചത്. ഗ്രാന്‍ഡ് ഫിനാലെയില്‍ സംഗീത സംവിധായകന്‍ വിദ്യാധരന്‍, ഗായകന്‍ ജി. വേണുഗോപാല്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
റണ്ണറപ്പായവരില്‍ എ. വൈശാഖന്‍ തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളജില്‍ മൂന്നാം വര്‍ഷ ജേണലിസം വിദ്യാര്‍ഥിയാണ്. മലയംകനവില്‍ എസ്. അനില്‍കുമാറിന്റെയും ഡി.സി. അമ്പിളിയുടെ മകനാണ്. എറണാകുളം തേവര ഗുരുദ്വാര റോഡ് 'ദി ഏട്രിയ'യില്‍ താമസിക്കുന്ന എം.എസ്. ജയപ്രകാശ് എസ്. സുധാദേവി ദമ്പതികളുടെ മകനാണു സൗണ്ട് എന്‍ജിനീയര്‍ കൂടിയായ ദേവ് പ്രകാശ്. ഷൊര്‍ണൂര്‍ കൂനത്തറ നീലംകുന്നത്ത് എന്‍.കെ. സോമസുന്ദരത്തിന്റെയും സുധയുടെയും മകളാണ് ശ്വേത.
6 റൗണ്ടുകളിലായി 16 മത്സരാര്‍ഥികള്‍ പങ്കെടുത്ത സൂപ്പര്‍ 4ല്‍ നാലു ഗ്രൂപ്പുകളായിട്ടായിരുന്നു ആവേശകരമായ സംഗീത പോരാട്ടം. ഗായിക സുജാത, സംഗീത സംവിധായകരായ ശരത്, ദീപക്ദേവ്, ഷാന്‍ റഹ്മാന്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് പരിശീലന പരിപാടികള്‍ക്കു നേതൃത്വം നല്‍കി.