ബിഗ് ബോസില്‍ നിന്നും ആരോഗ്യപരമായ കാരണങ്ങളാല്‍ പുറത്തേക്ക് പോയ അഞ്ജലി ബിഗ്‌ബോസില്‍ താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പ്രതിഷേധവും വിമര്‍ശനവും ഉയര്‍ന്ന സാഹചര്യത്തില്‍ മറുപടിയുമായി രംഗത്ത്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലി തന്റെ ബിഗ് ബോസ് അനുഭവങ്ങളും വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും പങ്കുവച്ചത്.
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ സമൂഹം തന്നെ അംഗീകരിച്ചതായിട്ടാണ് ട്രാന്‍സ് വുമണായ അഞ്ജലി അമീര്‍ അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ തന്നെ സമൂഹം അംഗീകരിച്ചു തുടങ്ങിയെന്ന ആത്മവിശ്വാസത്തിലാണ് താനെന്ന് അഞ്ജലി പറയുന്നു. ബിഗ് ബോസ് പരിപാടിയില്‍ ഫേക്ക് ട്രാന്‍സ് ജെന്‍ഡേഴ്സിനെ വിമര്‍ശിച്ചതിന്റെ പേരില്‍ അഞ്ജലിക്കെതിരായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. അഞ്ജലിയുടെ വിമര്‍ശനത്തെ എതിര്‍ത്ത് മറ്റൊരു ട്രാന്‍സ് വുമണ്‍ സൂര്യാ ഇഷാന്‍ രംഗത്തു വന്നത് വലിയ ചര്‍ച്ചയായിരുന്നു.
എന്നാല്‍ താന്‍ ഫേക്ക് ട്രാന്‍സ്‌ജെന്‍ഡറിനെയാണ് വിമര്‍ശിച്ചതെന്നും അതിന് തന്റെ വിഭാഗത്തിലുള്ളവര്‍ തന്നെ തെറ്റിദ്ധരിച്ചതില്‍ വേദനയുണ്ടെന്ന് അഞ്ജലി വ്യക്തമാക്കി. താന്‍ തന്റെ വിഭാഗത്തിലുള്ളവരെ തെറ്റായി ചിത്രീകരിച്ചു എന്നാണ് സൂര്യ വിചാരിച്ചിരിക്കുന്നത്.
എന്നാല്‍ താന്‍ കൂടെ ഉള്‍പെടുന്ന ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തെ മറയാക്കുകയും ആ പേരില്‍ ചൂഷണം ചെയ്യുകയും ചെയ്യുന്ന ഒരു കൂട്ടം ആളുകളെ മാത്രമാണ് താന്‍ വിമര്‍ശിച്ചതെന്നും അഞ്ജലി കൂട്ടിച്ചേര്‍ത്തു. ബിഗ്‌ബോസില്‍ ഉണ്ടായിരുന്ന 12 ദിവസം കൊണ്ട് സമൂഹത്തിന് തന്നെ മനസ്സിലായിട്ടുണ്ടെന്നും അഞ്ജലി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ആരോഗ്യപരമായ കാരണത്താല്‍ അഞ്ജലി ബിഗ് ബോസില്‍ നിന്നും പടിയിറങ്ങിയത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി ആരാധകരെ നേടാന്‍ അഞ്ജലിക്ക് കഴിഞ്ഞിരുന്നു.