കൂടെവിടെയില്‍ തുടങ്ങി ചെല്ലമ്മയിലൂടെ തമിഴ് സീരിയല്‍ പ്രേമികള്‍ക്കും പ്രിയങ്കരിയായി മാറിയ നടിയാണ് അന്‍ഷിത അന്‍ചി. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത കൂടെവിടെയിലൂടെ മലയാളികളുടേയും വിജയ് ടിവിയില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിയ്ക്കുന്ന ചെല്ലമ്മ എന്ന സീരിയലിലൂടെ തമിഴ് മക്കളുടെയും പ്രിയം പിടിച്ചുപറ്റാന്‍ വളരെ വേഗം അന്‍ഷിതയ്ക്ക് കഴിഞ്ഞു. ഈ പരമ്പരയിലെ നായകനുമായുള്ള നടിയുടെ സൗഹൃദം വളരെയധികം വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. നടന്റെ കുടുംബം അടക്കം തകരുകയും ചെയ്തു. എങ്കിലും വിവാദങ്ങളെയൊന്നും ഗൗനിക്കാതെ സൗഹൃദം തുടരുന്ന ഇരുവരും വേര്‍പിരിയാന്‍ ഒരുങ്ങുന്ന ചിത്രമാണ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി വിജയ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയാണ് ചെല്ലമ്മ. ഇപ്പോഴിതാ, പരമ്പര അതിന്റെ ക്ലൈമാക്സിലേക്ക് കടക്കുകയാണ്. ഷൂട്ടിംഗുകളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. ഇപ്പോഴിതാ, അതിന്റെ അവസാന സീനില്‍ അഭിനയിച്ചശേഷം അവസാന ദിവസം എന്നു കുറിച്ചു കൊണ്ട് രണ്ടു നാള്‍ മുന്നേയുള്ള ചിത്രമാണ് അര്‍ണവിനെ ടാഗ് ചെയ്തുകൊണ്ട് അന്‍ഷിത പങ്കുവച്ചിരിക്കുന്നത്.
താമരപ്പൂവിന്റെ നിറമുള്ള പട്ടുസാരി ചുറ്റി നിറവയറിലാണ് അന്‍ഷിതയുടെ നില്‍പ്പ്. തലയില്‍ പൂവച്ച് നെറുകയില്‍ സിന്ദൂരം ചാര്‍ത്തി അതീവ സുന്ദരിയായി നില്‍ക്കുന്ന അന്‍ഷിതയെ ചേര്‍ത്തുപിടിച്ചുള്ള ചിത്രങ്ങളാണ് അര്‍ണവിന്റേത്. നിറവയറില്‍ തൊട്ടും നെഞ്ചോടു ചേര്‍ത്തും ഷൂട്ടിംഗിന്റെ അവസാന ദിവസം വേദനയോടെയാണ് അന്‍ഷിത പങ്കുവച്ചിരിക്കുന്നത്. ഒപ്പം പരമ്പരയുടെ ലൊക്കേഷനില്‍ പൊട്ടിക്കരഞ്ഞ് എല്ലാവരോടും യാത്ര പറയുന്ന അന്‍ഷിതയുടെ വീഡിയോയും കാണാം.
പരമ്പരയില്‍ ഗര്‍ഭിണിയായ അന്‍ഷിതയുടെ ഏഴാം മാസത്തെ ചടങ്ങിന്റെ ആഘോഷത്തോടെ പരമ്പര അവസാനിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. സന്തോഷത്തോടെയുള്ള ഈ അവസാനം അന്‍ഷിതയെ കണ്ണീരിലാഴ്ത്തുകയായിരുന്നു. അതേസമയം, പരമ്പര അവസാനിച്ചെങ്കിലും അന്‍ഷിതയും അര്‍ണവും പ്രണയത്തിലാണോയെന്ന സംശയം ഇപ്പോഴും പ്രേക്ഷക മനസുകളിലുണ്ട്. എന്നാല്‍, അതിനു കാരണമായത് വലിയ വിവാദങ്ങളും ആയിരുന്നു.
കൂടെവിടെയിലൂടെ ശ്രദ്ധ നേടിയ അന്‍ഷിത ചെല്ലമ്മ എന്ന സീരിയലില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെയാണ് പ്രശ്നങ്ങള്‍ ഉണ്ടായത്. അര്‍ണവിന്റെ കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ടായിരുന്നു വാര്‍ത്തകള്‍. അര്‍ണവും ഭാര്യ ദിവ്യയും വേര്‍പിരിയാന്‍ കാരണം അന്‍ഷിതയാണ് എന്ന തരത്തില്‍ ശക്തമായ വാര്‍ത്തകള്‍ പ്രചരിച്ചു. ഗര്‍ഭിണിയായ ഭാര്യയെ അര്‍ണവ് ഉപേക്ഷിച്ചതോടെ അന്‍ഷിതയ്ക്ക് എതിരെ വ്യാപകമായ സൈബര്‍ അറ്റാക്കും ഉണ്ടായി. ദിവ്യ തന്നെ നേരിട്ട് ലൈവിലെത്തി അന്‍ഷിതയ്‌ക്കെതിരെ പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് സീരിയല്‍ സെറ്റില്‍ നേരിട്ടെത്തിയ ദിവ്യ അന്‍ഷിതയെ ആക്രമിക്കുകയും മറ്റും ചെയ്തുവെന്നും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. തുടര്‍ന്ന് ഭാര്യയുമായി പിണങ്ങിയ അര്‍ണവ് വേറിട്ട് താമസിക്കുകയും ആയിരുന്നു.
എന്നാല്‍ വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തി, അന്‍ഷിത തന്റെ കരിയറില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കുകയായിരുന്നു. വിവാദങ്ങള്‍ കാരണം അര്‍ണവുമായുള്ള സൗഹൃദത്തിന് ഇന്നും ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ചെല്ലമ്മയുടെ ലൊക്കേഷനില്‍ നിന്നുമുള്ള ഫോട്ടോകളും റീല്‍ വീഡിയോകളും എല്ലാം നടി നിരന്തരം പങ്കുവച്ചിരുന്നു. കാലക്രമത്തില്‍ ആ വിവാദങ്ങള്‍ അവസാനിക്കുകയും ചെയ്തു. ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കിയ ദിവ്യ സ്വന്തം കരിയറില്‍ ശ്രദ്ധിച്ച് മകനെ ശ്രദ്ധിക്കുകയാണ് ഇപ്പോള്‍. ചെല്ലമ്മയുടെ ഡബ്ബിങ് വേര്‍ഷന്‍ ഇപ്പോള്‍ ഏഷ്യനെറ്റിലും സംപ്രേക്ഷണം ചെയ്യുന്നുണ്ട്.