അമ്മ വിവാദങ്ങള്‍ക്കിടെ തന്റെ ജീവിതത്തിലെ വലിയൊരു സന്തോഷം പങ്കുവച്ചി എത്തുകയാണ് നടി ലക്ഷ്മി പ്രിയ. അഭിനേതാവിനൊപ്പം നിര്‍മ്മാണ രംഗത്തേക്കും നടി ചുവടുവക്കുകയാണ്. മാതംഗി ഫിലിംസിന്റെ ബാനറില്‍ താന്‍ ആദ്യമായി ഒരു സിനിമ നിര്‍മിക്കാന്‍ പോകുന്നുവെന്നാണ് ലക്ഷ്മിയുടെ പ്രഖ്യാപനം. ഇതിന്റെ കാസ്റ്റിങ് കാള്‍ പങ്കുവച്ചുകൊണ്ടാണ് ലക്ഷേമിപ്രിയയുടെ പോസ്റ്റ്.
കടലിന്റെ മക്കളുടെ കഥ പറയുന്ന ചിത്രത്തിന് ക്രോസ് വിന്‍ഡ്സ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. മലയാളത്തിലും തമിഴിലും ശ്രദ്ധേയരായ രണ്ട് പ്രശസ്ത നായകന്‍മാരും മലയാള സിനിമയിലെ മികച്ച നടീ നടന്മാരും ചിത്രത്തിലുണ്ടെന്ന് ലക്ഷ്മി പ്രിയ അറിയിച്ചു. സിനിമയിലേക്കുളള കാസ്റ്റിംഗ് കോളും നടി പങ്കുവച്ചിട്ടുണ്ട്.
ലക്ഷ്മി പ്രിയയുടെ കുറിപ്പ്:
'' അഭിമാനത്തോടു കൂടി അനൗണ്‍സ് ചെയ്യുന്നു, മാതംഗി ഫിലിംസിന്റെ ബാനറില്‍ ഞങ്ങള്‍ പ്രൊഡ്യൂസ് ചെയ്യുന്ന ഞങ്ങളുടെ ആദ്യത്തെ സിനിമ 'ക്രോസ്സ് വിന്‍ഡ്സ് '! തുഴ എറിയുന്നവന്റെ കഥ ! കടലിന്റെ മക്കളുടെ കഥ! മലയാളത്തിലും തമിഴിലും ശ്രദ്ധേയരായ രണ്ട് പ്രശസ്ത നായകന്‍മാര്‍.ഒപ്പം മലയാള സിനിമയിലെ മികച്ച നടീ നടന്മാരും.അവരോടൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ നിങ്ങള്‍ക്കും അവസരം ലഭിച്ചേക്കാം.
വേണ്ടവര്‍
പ്രായം 18 മുതല്‍ 50 വരെ
കൊള്ളാനും കൊടുക്കാനും മടിയില്ലാത്ത ഘടാഘടിയന്‍മാരായ ജിമ്മന്‍ മാര്‍. മുതലും പലിശയും ചേര്‍ത്ത് കൊടുക്കാന്‍ തയ്യാറെടുത്ത തലയെടുപ്പുള്ളവര്‍
നായിക പ്രായം 18 മുതല്‍ 25 വരെ ആവാം.പക്ഷേ എന്താടീന്ന് ചോദിച്ചാല്‍ പോടാ ന്ന് പറയാനും വേണേല്‍ ഒന്ന് പൊട്ടിയ്ക്കാനും കെല്‍പ്പുള്ള ഒരു ചിമിട്ട് കാന്താരി മുളക് ആവണം. നാക്കിന് നല്ല ആരോഗ്യമുള്ള അമ്മമാര്‍,അവര്‍ക്ക് പ്രായ പരിധി ഇല്ല. പത്ര വൃത്താന്തത്തോടൊപ്പം പരദൂഷണം ജീവിതചര്യയാക്കിയ ചേട്ടന്‍മാര്‍. ഡയലോഗടിച്ചു കിളി പാറിക്കുന്ന കുറുമ്പന്‍മാരും കുറുമ്പികളും പ്രായം 8 മുതല്‍ 15 വരെ. ഇപ്പോള്‍ ആദ്യ ഓഡിഷന്‍ പൊന്നാനി ഗസ്റ്റ് ഹൗസ്.
വിശദ വിവരങ്ങള്‍ക്ക് ദയവായി സ്‌ക്രീനില്‍ കാണുന്ന നമ്പറിലേക്ക് നിങ്ങളുടെ എഡിറ്റ് ചെയ്യാത്ത ഫോട്ടോ, എന്തെങ്കിലും ചെറിയ പെര്‍ഫോമന്‍സ് ഇവ വാട്‌സപ് ചെയ്യൂ. സംവിധാനം ബഷീര്‍ പൊന്നാനി. അദ്ദേഹത്തിന്റെ നാലാമത് ചിത്രം. ബാക്കി വിശേഷങ്ങള്‍ പിന്നാലെ. നിങ്ങളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും പ്രതീക്ഷിച്ചു കൊണ്ട് ലക്ഷ്മി പ്രിയ and crew '' .