ഓട്ടോഗ്രാഫ് എന്ന ഒരൊറ്റ സീരിയലിലൂടെ സാം കുട്ടി എന്ന കഥാപാത്രമായി വന്‍ ജനപ്രീതി നേടിയ നേടിയ നടനാണ് അംബരിഷ് എംസ്. വളരെ പെട്ടെന്ന് ജനശ്രദ്ധ നേടിയെങ്കിലും പിന്നീട് അധികം സിനിമകളിലോ സീരിയലുകളിലോ ഒന്നും തന്നെ അംബരീഷിനെ കണ്ടില്ല. പലപ്പോഴും കൂട്ടുകാരോട് അംബരീഷ് എവിടെ എന്നു ചോദിക്കുമ്പോള്‍ വിദേശത്താണെന്ന മറുപടി ലഭിച്ചിരുന്നെങ്കിലും എന്താണ്, എങ്ങനെയാണ് എന്നൊന്നും അറിഞ്ഞിരുന്നില്ല. ഓട്ടോഗ്രാഫ് പരമ്പര അവസാനിച്ചതിനു പിന്നാലെ സിനിമയിലേക്കും സംവിധായകനാകാനും എല്ലാം ആഗ്രഹിച്ച് കരിയറില്‍ തിളങ്ങാന്‍ നില്‍ക്കവേയായിരുന്നു തന്റെ പ്രണയിനിയെ അംബരീഷിന് ജീവിതത്തിലേക്ക് കൂട്ടേണ്ടി വന്നത്. അഞ്ജു വിജയന്‍ എന്ന ആ പെണ്‍കുട്ടി എംബിബിഎസ് വിദ്യാര്‍ത്ഥിനിയായിരുന്നു അപ്പോള്‍.
സാധാരണ വിവാഹം കഴിഞ്ഞാല്‍ പഠനമൊക്കെ തുടര്‍ന്നാല്‍ ആയി.. അല്ലെങ്കില്‍ കുടുംബവും കുട്ടികളും ഒക്കെയായി മുന്നോട്ടുള്ള ജീവിതം. എന്നാല്‍ അംബരീഷിനെ സംബന്ധിച്ച് തന്നെ വിവാഹം ചെയ്തത് കൊണ്ട് അവളുടെ പഠനവും കരിയറും ഒന്നും മുടങ്ങരുത് എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ, അഞ്ജുവിന്റെ പഠനത്തിന് ഒരു തരി പോലും തടസം നില്‍ക്കാതെ പഠിക്കാന്‍ പ്രോത്സാഹിപ്പിച്ചു. നാലു വര്‍ഷങ്ങള്‍ക്കിപ്പുറം അഞ്ജു ഡോക്ടറായി എംബിബിഎസ് ബിരുദം നേടിയ ശേഷമാണ് ഇരുവരും ഒരു കുടുംബ ജീവിതം പോലും ആരംഭിച്ചത്.
പിന്നാലെ ഒരു കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പും. ഒരു വര്‍ഷങ്ങള്‍ക്കിപ്പുറം തന്നെ അംബരീഷിനും അഞ്ജുവിനും ഒരു പെണ്‍കുട്ടി ജനിക്കുകയും ചെയ്തു. അപ്പോഴും സിനിമാ-സീരിയല്‍ രംഗത്ത് സംവിധാന മോഹവുമായി നടക്കുകയായിരുന്നു അംബരീഷ്.അതിനിടെയാണ് അഞ്ജുവിന് യുകെയിലേക്ക് ഓഫര്‍ ലഭിക്കുന്നത്. പലരും ആഗ്രഹിക്കുന്ന ആ ജോലി വേണ്ടെന്നു വയ്ക്കാനോ അതിനു തടസം നില്‍ക്കാനോ അംബരീഷ് തയ്യാറായിരുന്നില്ല. തന്നെ പോലെ തന്നെ ഇഷ്ടപ്പെട്ട ജോലി ചെയ്യാനും ജീവിക്കാനും ഭാര്യയ്ക്കും ആഗ്രഹവും സ്വാതന്ത്ര്യവും ഉണ്ടെന്ന തിരിച്ചറിവായിരുന്നു അംബരീഷിനെ അതിനു പ്രേരിപ്പിച്ചത്.
നമുക്ക് ഒരുമിച്ച് പോകാം എന്ന അഞ്ജുവിന്റെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുകയായിരുന്നു അംബരീഷ്. അതിനായി തന്റെ കരിയറും സ്വപ്നങ്ങളും മാറ്റിവയ്ക്കാന്‍ തയ്യാറായിരുന്നു അദ്ദേഹം. അങ്ങനെ യുകെയിലേക്ക് ജീവിതം പറിച്ചു നട്ടു. അവിടെയും ജീവിതം അത്ര സ്മൂത്തായിരുന്നില്ല. രണ്ടു ഹോസ്പിറ്റലുകളില്‍ അഞ്ജു ജോലി ചെയ്തിട്ടും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുവാന്‍ ഇരുവരും ഏറെ പാടുപെട്ടിരുന്നു. എങ്കിലും വിദേശത്ത് എത്തിയപ്പോഴാണ് ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് ഒരു കുടക്കീഴിലുള്ള യഥാര്‍ത്ഥ ജീവിതം ഇരുവരും തുടങ്ങിയത്.
അതിനിടെ പെട്രോള്‍ പമ്പിലെ ജോലിയും ബസ് ഡ്രൈവറായും എല്ലാം അംബരീഷ് ജോലി ചെയ്തിരുന്നു. അതിനിടെ രണ്ടാമതൊരു പെണ്‍കുഞ്ഞ് കൂടി ഇവരുടെ ജീവിതത്തിലേക്ക് എത്തിയത്. സ്വപ്നങ്ങളും കരിയറുമെല്ലാം പതുക്കെ പതുക്കെ കൈപ്പിടിയിലൊതുക്കിയ ഭാര്യ അഞ്ജു ഇപ്പോള്‍ അംബരീഷിനെ സ്വപ്നങ്ങള്‍ക്കൊപ്പമാണ് പൂര്‍ണ പിന്തുണയേകി ഒപ്പം നില്‍ക്കുന്നത്. പരസ്പരമുള്ള പിന്തുണയും സ്നേഹവുമാണ് തങ്ങളുടെ ദാമ്പത്യ രഹസ്യമെന്നും അംബരീഷ് സ്വന്തം ജീവിതത്തിലൂടെ വരച്ചു കാട്ടുന്നു.