മലയാളത്തില്‍ ഏറ്റവുമധികം പ്രേക്ഷക ശ്രദ്ധ നേടിയ റിയാലിറ്റി ഷോ ആയിരുന്നു ബിഗ്ബോസ്. പല മേഖലയില്‍ നിന്നുളള മത്സരാര്‍ത്ഥികളാണ് ഷോയില്‍ മാറ്റുരച്ചത്. ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥിയാണ് രണ്ടു വിവാഹം കഴിച്ച ബഷീര്‍ ബഷി. ബഷീര്‍ ബഷിയുടെ കുടുംബ ജീവിതം ഇന്നും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചചെയ്യുമ്പോള്‍ ഹിന്ദി ബിഗ്ബോസില്‍ രണ്ടു വിവാഹം കഴിക്കണമെന്ന ആഗ്രഹം ശ്രീശാന്ത് തുറന്നു പറഞ്ഞതിന്റെ ഞെട്ടലിലാണ് ആരാധകര്‍.
ക്രിക്കറ്റില്‍ നിന്നും വിലക്ക് നേരിടുകയാണെങ്കിലും ശ്രീശാന്തിന്റെ തിരിച്ചുവരവ് കാത്തിരിക്കുകയാണ് ആരാധകര്‍. ക്രിക്കറ്റിനോടാണ് കൂടുതല്‍ താല്‍പര്യമെങ്കിലും അഭിനയവും നൃത്തവുമൊക്കെ തന്റെ പാഷനാണെന്ന് താരം തെളിയിച്ചിരുന്നു. സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന ഹിന്ദി ബിഗ് ബോസിലാണ് താരം ഇപ്പോള്‍ പങ്കെടുക്കുന്നത്. ഷോയുടെ തുടക്കം മുതല്‍ത്തന്നെ ശ്രീശാന്ത് വിവാദങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. കഴിഞ്ഞ ദിവസം ശ്രീശാന്തിനെതിരെ മീടൂ ആരോപണങ്ങളുമായി മുന്‍ കാമുകി രംഗത്തെത്തിയിരുന്നു. വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ ബിഗ്ബോസിലെ സ്‌ക്രട്ട് റൂമില്‍ സഹമത്സരാര്‍ത്ഥികളോട് രണ്ടു വിവാഹം കഴിക്കുമെന്ന ശ്രീശാന്തിന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്നത്.
ഈ വെളിപ്പെടുത്തല്‍ ബിഗ്ബോസില്‍ കാണിച്ചിരുന്നില്ലെങ്കിലും സംഭാഷണ ശകലത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് ചാനല്‍ പുറത്തു വിട്ടത്.കരന്‍വീര്‍ ബൊഹ്രയും ശ്രീശാന്തും തമ്മിലുള്ള രസകരമായ സംഭാഷണത്തെക്കുറിച്ചുള്ള വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കയാണ്. ജീവിതത്തില്‍ ഒരിക്കല്‍ക്കൂടി വിവാഹിതനാവുമെന്നും തന്റെ ജാതകത്തില്‍ രണ്ട് വിവാഹം നടക്കുമെന്നാണുള്ളതെന്നുമായിരുന്നു താരം പറഞ്ഞത്. 75ാമത്തെ വയസ്സിലാണ് രണ്ടാം വിവാഹമെന്നും ഭാര്യ സമ്മതിച്ചാല്‍ മാത്രമേ അത് നടക്കൂവെന്നും താരം പറയുന്നു. ജാതകപ്രകാരം താന്‍ മൂന്ന് വിവാഹം കഴിക്കുമെന്നാണ് എല്ലാവരും പറഞ്ഞിട്ടുള്ളതെന്നായിരുന്നു കരന്‍വിര്‍ പറഞ്ഞത്. അപ്പോഴാണ് തന്റെ കാര്യത്തെക്കുറിച്ച് ശ്രീയും വ്യക്തമാക്കിയത്. ആദ്യ വിവാഹം കഴിഞ്ഞുവെന്നും രണ്ടാം വിവാഹം പെന്‍ഡിങ്ങിലാണെന്നും 75 ആവുന്നതിനായി കാത്തിരിക്കുകയാണ് താനെന്നും താരം പറയുന്നതായി വീഡിയോയില്‍ ഉണ്ട്. തന്റെ ഈ തീരുമാനത്തിന് ഭാര്യയും സമ്മതം മൂളുമെന്നും താരം പറഞ്ഞതോടെ മറ്റുള്ളവര്‍ ചിരിച്ച് മറിയുകയായിരുന്നു. എന്നാല്‍ ഭുവനേശ്വരിയെത്തന്നെയാണ് താന്‍ വിവാഹം ചെയ്യുകയെന്നു ശ്രീ പറഞ്ഞതോടെയാണ് മറ്റുള്ളവരുടെ ആശയക്കുഴപ്പം മാറിയത്.
ഹിന്ദി ബിഗ്ബോസിലെ ഏക മലയാളി മത്സരാര്‍ത്ഥിയായ ശ്രീശാന്തിന് വളരെയേറെ പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു. ഒപ്പം ബിഗ്ബോസില്‍ എത്തിയ ശേഷമുളള ശ്രീശാന്തിന്റെ പെരുമാറ്റം വളരെയേറെ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു. എന്തായാലും രണ്ടാമത്തെ വിവാഹത്തെക്കുറിച്ചുളള താരത്തിന്റെ രസകരമായ വെളിപ്പെടുത്തല്‍ എത്തിയതോടെ ആരാധകര്‍ ആകാംഷയിലാണ്.