അന്തരിച്ച ഹാസ്യകലാകാരന്‍ കൊല്ലം സുധിയുടെ മരണദിവസം താന്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചുവെന്ന തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി ഭാര്യ രേണു സുധി രംഗത്ത്. ഈ ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും സുധിയുടെ മൃതദേഹം കൊണ്ടുവരാന്‍ പോയ സംഘത്തില്‍ താനുണ്ടായിരുന്നില്ലെന്നും രേണു വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സുധിയുടെ മകന്‍ കിച്ചു തന്റെ ബാല്യകാലാനുഭവങ്ങള്‍ പങ്കുവെച്ച് ഒരു യുട്യൂബ് വീഡിയോ പുറത്തിറക്കിയിരുന്നു. അച്ഛന്റെ മരണവിവരം അറിഞ്ഞപ്പോള്‍ തനിക്കൊപ്പമുണ്ടായിരുന്ന ചിലര്‍ ആഘോഷത്തിന്റെ മട്ടിലായിരുന്നെന്നും യാത്രാമധ്യേ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചുവെന്നും കിച്ചു വീഡിയോയില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഈ സമയത്ത് രേണു സുധി ഒപ്പമുണ്ടായിരുന്നുവെന്ന് കിച്ചു തന്റെ വീഡിയോയില്‍ ഒരിടത്തും പരാമര്‍ശിച്ചിരുന്നില്ല. കിച്ചുവിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് രേണു സുധിക്കെതിരെ വ്യാജപ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായത്.
'എന്റെ മനുഷ്യരേ നിങ്ങള്‍ എന്തൊക്കെയാണ് പറയുന്നത്, സുധിച്ചേട്ടന്‍ മരിച്ചു കിടന്നപ്പോള്‍ ഞാന്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പോയി കഴിച്ചെന്നോ? നിങ്ങള്‍ക്ക് നാണമാകുന്നില്ലേ,' രേണു സുധി ചോദിക്കുന്നു. 'അന്നത്തെ ദിവസം ആ വിവരം അറിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ പച്ചവെള്ളം പോലും കുടിച്ചിട്ടില്ല. കാപ്പി പോലും കഴിച്ചിട്ടില്ല. സുധിച്ചേട്ടന്റെ മൃതദേഹം കൊണ്ടുവരാന്‍ ഞാന്‍ പോയിട്ടില്ലല്ലോ. ഫ്‌ലവേഴ്‌സിലോ ട്വന്റിഫോറിലോ ഒന്നും ഞാന്‍ പോയിട്ടില്ല. മരിച്ചതിന്റെ പിറ്റേദിവസം പൊങ്ങന്താനത്തെ വീട്ടില്‍ കൊണ്ടുവന്നപ്പോഴാണ് ഞാന്‍ മൃതദേഹം കാണുന്നത്.
ആ സമയത്ത് ഞാന്‍ അവിടെ തളര്‍ന്നു കിടക്കുകയായിരുന്നു. ഞാന്‍ പോയിട്ടില്ല സുധിച്ചേട്ടന്റെ ഡെഡ് ബോഡി കൊണ്ടുവരാന്‍. ആരോട് വേണമെങ്കിലും ചോദിച്ചോ. എന്തിനാണ് ഈ കള്ളം പറയുന്നത്. പിന്നെ എങ്ങനെയാണ് ഫൈവ് സ്റ്റാര്‍ കടയില്‍ നിന്ന് ഫുഡ് കഴിക്കുന്നത്? സത്യം അറിഞ്ഞിട്ട് വേണം സംസാരിക്കാന്‍.'
കിച്ചുവിന്റെ വീഡിയോക്ക് ശേഷം തനിക്കെതിരെ സൈബര്‍ ആക്രമണം ശക്തമായപ്പോള്‍ രേണു നേരത്തെയും ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. താന്‍ ഇതുവരെ പറയാത്ത പല കാര്യങ്ങളുണ്ടെന്നും ആത്മഹത്യയില്‍ നിന്ന് തന്നെ പിടിച്ചുനിര്‍ത്തുന്നത് ചില കാര്യങ്ങളാണെന്നും അവര്‍ അന്ന് സൂചിപ്പിച്ചിരുന്നു.
ഇപ്പോഴിതാ അതേക്കുറിച്ച് വിശദമായി പറഞ്ഞു കൊണ്ട് ഒരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് രേണു സുധി. തനിക്കും ചിലത് പറയാനുണ്ടെന്ന് പറയുന്ന രേണു, അത് പറയാന്‍ തുടങ്ങിയാല്‍ ഇവിടം കൊണ്ടൊന്നും അവസാനിക്കില്ലെന്നും ഇതുവരെ പറയാത്ത കാര്യങ്ങള്‍ തനിക്കുമുണ്ടെന്നും അത് പറയിപ്പിക്കരുതെന്നും വീഡിയോയില്‍ പറയുന്നുണ്ട്
''ഒരുപാട് പേര്‍ എന്നെ വിളിച്ചു, എന്റെ വീഡിയോ കണ്ടിട്ട്. ഓകെ ആണോ എന്ന് ചോദിച്ചു. ഞാന്‍ ഇപ്പോഴും ദുബൈയില്‍ തന്നെയാണ്. ഞാന്‍ ഓകെയാണ്. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം മൂലകാരണം എന്താണെന്ന് ഞാന്‍ ചിന്തിച്ചു. അപ്പോഴാണ് ഞാന്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് കണ്ടത്. നിരവധി പേരെ തകര്‍ക്കുന്ന ഒരു സ്ത്രീ. പ്രത്യേകിച്ച് എന്നെ ടാര്‍ഗറ്റ് ചെയ്യുന്ന ഒരു സ്ത്രീ. നിങ്ങളില്‍ പലരും കണ്ടുകാണും. അത് കണ്ടപ്പോള്‍ എനിക്ക് ഏകദേശമൊക്കെ മനസിലായി. മാനിപ്പുലേറ്റിങ് എല്ലാം നടന്നിട്ടുണ്ട്. എനിക്ക് ഒന്നും പറയാനില്ല.
എനിക്ക് ആരോടും പിണക്കങ്ങളോ പരിഭവങ്ങളോ ഒന്നുമില്ല. ഞാന്‍ എല്ലാമൊന്നും പറഞ്ഞിട്ടില്ല. ഞാന്‍ പറയാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ ഇത് ഇവിടെയെങ്ങും തീരില്ല. അറിയുന്നവര്‍ക്ക് അറിയാം. ഞാന്‍ ഒരുപാട് അനുഭവിച്ചിട്ട് തന്നെയാണ് ഇവിടെ നില്‍ക്കുന്നതും. ചേട്ടന്‍ ഉള്ളപ്പോഴും ചേട്ടന്‍ മരിച്ചപ്പോഴും എല്ലാം. പക്ഷേ അതൊന്നും ഞാന്‍ ആരോടും പറഞ്ഞിട്ടില്ല.
എല്ലാവര്‍ക്കും എന്റെ കുറ്റം കാണാനാണ് നേരം. എനിക്കന്ന് 23- 24 വയസേ ഉള്ളൂ. 11 വയസുള്ള ഒരു കുട്ടിയുടെ അമ്മയായിട്ട് പൂര്‍ണ്ണമായും മാറിയിട്ടാണ് ഞാന്‍ അവരെ സ്വീകരിച്ചത്. ഇന്ന് ഈ നിമിഷം വരെ ഞാന്‍ ഉപദ്രവിച്ചിട്ടില്ല. അങ്ങനെ ഉപദ്രവിച്ചവരും ഉണ്ട് ആ കുട്ടിയെ. കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ട്, ചേട്ടന്റെ വായില്‍ നിന്ന് തന്നെ. ഞാന്‍ ഇന്ന് വരെ അത് ചെയ്തിട്ടില്ല. പിന്നെ എന്താണ് എന്നെ കുറ്റപ്പെടുത്തുന്നതെന്ന് എനിക്ക് അറിയില്ല. എഫ്ബിയിലെ ആ പോസ്റ്റ് കണ്ടപ്പോള്‍ എനിക്ക് മനസിലായി ആരാണ് എവിടെയാണ് പ്രശ്‌നം ഉണ്ടാക്കിയതെന്ന്.
മിനിയാന്ന് വരെയും പതിവുപോലെ കോണ്ടാക്റ്റ് ചെയ്യുകയും ആവശ്യമുള്ളത് കൊടുക്കുകയും ഒക്കെ ചെയ്ത ഒരു അമ്മയാണ് ഞാന്‍. പിന്നെ എന്താണ് ഇവിടെ സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. മൊത്തത്തില്‍ ഞാന്‍ കണ്‍ഫ്യൂസ്ഡാണ്. എനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. സുധി ചേട്ടന്‍ വരുന്നതിന് മുമ്പും ശേഷവുമുള്ള എന്റെ ലൈഫ് സ്റ്റോറി പറഞ്ഞ് കഴിഞ്ഞാല്‍ ഇവിടെയൊന്നും തീരില്ല. എന്നെ കൊണ്ട് അതൊന്നും പറയിപ്പിക്കരുത്... പ്ലീസ്....'' എന്നാണ് രേണു വീഡിയോയില്‍ പറഞ്ഞത്. പക്ഷേ രേണു പ്രതീക്ഷിച്ചത് പോലൊരു പ്രതികരണമല്ല വീഡിയോയ്ക്ക് ലഭിച്ചത്.
ഇതിനു പിന്നാലെ രേണു ഒരു ഡാന്‍സ് വീഡിയോയും പങ്കിട്ടു. ''വിവാദങ്ങള്‍ ഡൗണ്‍ ആക്കും. പത്ത് പേര്‍ മതി എനിക്ക്. ഞാന്‍ വീണ്ടും ഹാപ്പിയായി...'' എന്ന് കുറിച്ചാണ് തമിഴ് സിനിമ ഗാനത്തിന് ചുവടുവെക്കുന്ന വീഡിയോ രേണു പങ്കിട്ടത്.
ഇപ്പോള്‍ വിവാദങ്ങളില്‍ പ്രതികരിച്ച് കേരള ഹോം ഡിസൈന്‍ ഗ്രൂപ്പ് സ്ഥാപകനും സുധിയുടെ പേരില്‍ വീട് വച്ചുനല്‍കാന്‍ നേതൃത്വം വഹിച്ചയാളുമായ ഫിറോസും എത്തി. ഇനിയും ഒരുപാട് കാര്യങ്ങള്‍ കിച്ചുവിന് തുറന്നു പറയാനുണ്ടെന്നും ഇനി പറയാനുള്ളതാണ് അതിഭീകരമെന്നും ഫിറോസ് പറയുന്നു.
'ഞങ്ങളുടെ ഒരു പൊട്ട തീരുമാനം ആയിരുന്നു ഇവരുടെ കുഞ്ഞുങ്ങള്‍ക്കും കുടുംബത്തിനും ഒരു വീട് നല്‍കുക എന്നത്. അതു കൊണ്ട് എന്ത് നേടിയെന്ന് ആര്‍ക്കും ഇന്നറിയില്ല. ചീത്തപ്പേരു കിട്ടി, മനസമാധാനം പോയി, വര്‍ക്കുകള്‍ കുറഞ്ഞു, കുറേ പേര്‍ കളിയാക്കി, കുറേ പേര്‍ തെറി വിളിച്ചു, ഒന്നു രണ്ടു തവണ പരാതിക്കാരന്‍ ആയി പൊലീസ് സ്റ്റേഷനില്‍ കയറി, ഒരുപാട് സൗഹൃദങ്ങള്‍ ചാമ്പലായി പോയി, കുടുംബ ജീവിതത്തിലെ സ്വസ്ഥതവരെ പോയി.
ഇനിയും, ഒരുപാട് കാര്യങ്ങള്‍ കിച്ചുവിനു പറയാനുണ്ട്, ഇതുവരെ പറഞ്ഞതല്ല പറയാനുള്ളതാണു അതി ഭീകരം. ഇവരുടെ ഈ കരച്ചില്‍ പോലും വെറും നാടകീയതയാണ്. ഇടയ്ക്ക് അഭിനയിക്കുന്ന കഥാപാത്രങ്ങളിലെ ചില നിമിഷങ്ങള്‍ മാത്രമാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നു.''- ഫിറോസിന്റെ വാക്കുകള്‍.പൊട്ടിക്കരഞ്ഞുകൊണ്ടുള്ള രേണുവിന്റെ വിഡിയോ പങ്കുവച്ചായിരുന്നു ഫിറോസിന്റെ പ്രതികരണം.