തമിഴ് സിനിമയില്‍ നിറ സാന്നിധ്യമായി മാറുകയാണ് സ്വാസിക. പോയ വര്‍ഷം പുറത്തിറങ്ങിയ ലബ്ബര്‍ പന്തിലൂടെയാണ് സ്വാസിക തമിഴിലേക്ക് തിരികെ വരുന്നത്. സൂര്യ ചിത്രം കറുപ്പിലും സ്വാസികയുണ്ടായിരുന്നു. മമിത ബൈജു നായികയായെത്തുന്ന പുതിയ ചിത്രത്തിലുമൊരു പ്രധാന വേഷത്തില്‍ സ്വാസികയുണ്ട്. ഇപ്പോളിതാ താന്‍ അഭിനയ ജീവിതത്തിന്റെ തുടക്കത്തില്‍ നേരിട്ട തട്ടിപ്പുകളെയും ദുരനുഭവങ്ങളെയും കുറിച്ച് തുറന്നുപറയുകയാണ്.
17-ാം വയസ്സില്‍ സിനിമാ മോഹവുമായി ചെന്നൈയിലെത്തിയപ്പോള്‍ നിരവധി വ്യാജ ഓഡിഷനുകളുടെയും തട്ടിപ്പുകളുടെയും ഇരയായിരുന്നുവെന്ന് താരം വെളിപ്പെടുത്തി.തമിഴ് ചിത്രമായ 'വൈഗൈ'യിലൂടെയാണ് സ്വാസിക അഭിനയരംഗത്തേക്ക് എത്തുന്നത്. ആദ്യ ഓഡിഷനില്‍ തന്നെ നായികയായി തിരഞ്ഞെടുക്കപ്പെട്ടതോടെ സിനിമയില്‍ മികച്ച അവസരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നുവെന്ന് താരം പറയുന്നു. എന്നാല്‍ ചിത്രം പുറത്തിറങ്ങിയ ശേഷവും പ്രതീക്ഷിച്ച അവസരങ്ങള്‍ ലഭിച്ചില്ല.
പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ ശേഷം സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹവുമായി കുടുംബത്തിന്റെ എതിര്‍പ്പുകള്‍ മറികടന്നാണ് ചെന്നൈയിലേക്ക് പോയതെന്നും, അവസരങ്ങള്‍ ലഭിക്കാതെ വന്നതോടെ വിഷാദത്തിലേക്ക് വരെ താന്‍ എത്തിയിരുന്നുവെന്നും സ്വാസിക പറഞ്ഞു.
ചെന്നൈയില്‍ താനും അമ്മയും നിരവധി തവണ തട്ടിപ്പിന് ഇരയായെന്നും സ്വാസിക ഓര്‍ക്കുന്നു. ഓഡിഷന്‍ എന്ന പേരില്‍ പല സ്ഥലങ്ങളിലേക്കും കൊണ്ടുപോയിരുന്നുവെന്നും, ചിലയിടങ്ങള്‍ കണ്ടപ്പോള്‍ ഗുണ്ടാസങ്കേതം പോലെയാണ് തോന്നിയതെന്നും താരം പറഞ്ഞു. പിന്നീട് അവയില്‍ പലതും വ്യാജ ഓഡിഷനുകളായിരുന്നുവെന്ന് മനസ്സിലായെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു.
'ഞങ്ങള്‍ക്കറിയാവുന്നത് മണിരത്‌നം സാറിനെയും ബാല സാറിനെയും പോലുള്ള ചുരുക്കം ചില സംവിധായകരെ മാത്രമായിരുന്നു. മറ്റുള്ളവരുടെ പേരോ മുഖമോ പോലും അറിയില്ലായിരുന്നു. അത് മുതലെടുത്താണ് പലരും 'മുരുകദാസിനെ കാണിക്കാം', 'ലിങ്കുസ്വാമിയെ പരിചയപ്പെടുത്താം' എന്നൊക്കെ പറഞ്ഞ് സമീപിച്ചിരുന്നത്. കൈയില്‍ ഒരു ലക്ഷം രൂപ കൊണ്ടുവന്നാല്‍ സിനിമയില്‍ അവസരം ഉറപ്പാണെന്നും പറഞ്ഞിരുന്നു,' സ്വാസിക പറഞ്ഞു.
ആ വാക്കുകള്‍ വിശ്വസിച്ച് അമ്മ തന്റെ കൈവശമുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ വരെ വിറ്റിരുന്നുവെന്നും, എന്നാല്‍ പണം നല്‍കിയ ശേഷം ബന്ധപ്പെട്ട ആളെ കണ്ടെത്താന്‍ പോലും കഴിഞ്ഞില്ലെന്നും താരം വെളിപ്പെടുത്തി.'തിരിച്ചെത്തിയപ്പോള്‍ മാനേജരെയും കാണാനില്ല. ഞങ്ങളെ പറ്റിച്ചാണ് അയാള്‍ പോയത്. അതോടെ നാട്ടിലേക്ക് മടങ്ങാമെന്ന് അമ്മ പറഞ്ഞു,' സ്വാസിക ഓര്‍ത്തെടുത്തു.
തമിഴില്‍ രണ്ട് ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടും ഇത്തരം അനുഭവങ്ങള്‍ നേരിട്ടതോടെയാണ് മലയാള സിനിമയിലേക്ക് വരാന്‍ തീരുമാനിച്ചതെന്നും താരം പറഞ്ഞു. മലയാളത്തില്‍ സംവിധായകരെയും അണിയറപ്രവര്‍ത്തകരെയും കുറിച്ച് പരിചയമുണ്ടെന്നും, സ്വന്തം നാടായതിനാല്‍ ആരും എളുപ്പത്തില്‍ പറ്റിക്കില്ലെന്ന ആത്മവിശ്വാസമാണ് ആ തീരുമാനത്തിന് പിന്നിലെന്നും സ്വാസിക വ്യക്തമാക്കി.
എത്രയോ തിരിച്ചടികളും നിരാശകളും ഉണ്ടായിട്ടും മുന്നോട്ടുപോകാന്‍ കരുത്തായത് തന്നിലുള്ള ആത്മവിശ്വാസമാണെന്നും സ്വാസിക പറഞ്ഞു. 'ഒരു ദിവസം സിനിമയില്‍ എന്റേതായ സ്ഥാനം ഞാന്‍ ഉറപ്പായും കണ്ടെത്തും എന്ന വിശ്വാസം എനിക്ക് എന്നും ഉണ്ടായിരുന്നു,' എന്നും താരം കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ ഒരു ആരോഗ്യകരമായ വിവാഹജീവിതത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ നടി പങ്കുവെച്ചു.ഒരു ഹെല്‍ത്തി മാര്യേജിന് തീര്‍ച്ചയായും പരസ്പരമുള്ള ഒരു അണ്ടര്‍സ്റ്റാന്‍ഡിങ് ആവശ്യമാണ്. എന്നാല്‍ അത് ഒരാളുടെ ഭാഗത്തുനിന്ന് മാത്രം ഉണ്ടായാല്‍ പോരാ, രണ്ടുപേരും തുല്യമായി ശ്രമിക്കണം. ചില സമയങ്ങളില്‍ അത് 50-50 ആവാം, ചിലപ്പോള്‍ 10-90 വരെയായെന്നും വരാം. അപ്പോള്‍ എന്ത് സംഭവിച്ചാലും ആ സാഹചര്യത്തെ ഉള്‍ക്കൊള്ളാനും ക്ഷമിക്കാനുമുള്ള മനസ് രണ്ടുപേര്‍ക്കും വേണം. അല്ലാതെ, പെട്ടെന്ന് വന്നിട്ട് ഞാന്‍ എന്തിനാണ് എന്റെ ശീലങ്ങള്‍ മാറ്റുന്നത് എന്ന് ചിന്തിക്കരുത്.
ഞാന്‍ എന്റെ കരിയറില്‍ എല്ലാം വളരെ സൂക്ഷിച്ചാണ് തിരഞ്ഞെടുത്തത്. അവിടെ പരാജയങ്ങളോ പ്രതിസന്ധികളോ വന്ന സമയത്തെല്ലാം ഞാന്‍ അതിനെതിരെ പൊരുതിയിരുന്നു. എല്ലാം ശരിയാകും എന്നൊരു ചിന്ത എനിക്കുണ്ടായിരുന്നു. അതുപോലെ തന്നെയാണ് വിവാഹജീവിതവും. നമ്മള്‍ നമ്മുടെ കരിയറിനായി ദിവസവും വര്‍ക്ക് ചെയ്യുന്നത് പോലെ വിവാഹജീവിതത്തിലും ദിവസവും അധ്വാനിക്കണം. അത് തനിയെ ശരിയായി വരും എന്ന് വിചാരിക്കരുത്.
ഇപ്പോള്‍ എന്റെ റിലേഷന്‍ഷിപ്പില്‍ ഞങ്ങള്‍ എന്നും എടുക്കുന്ന ഒരു എഫര്‍ട്ട് ഉണ്ട്. എത്ര വൈകിയാലും, എല്ലാ തിരക്കുകളും കഴിഞ്ഞ് വീഡിയോ കോള്‍ വിളിക്കുമ്പോള്‍ ഞങ്ങള്‍ ഒരുമിച്ചിരുന്ന് ഒരു ചോക്ലേറ്റോ അല്ലെങ്കില്‍ ഗ്രീന്‍ ടീയോ കഴിച്ച് പരസ്പരം വിശേഷങ്ങള്‍ പങ്കുവെക്കും. അത് ഞങ്ങള്‍ കോണ്‍സ്റ്റന്റ് ആയി ചെയാറുണ്ട്. ജോലിയുടെ ഭാഗമായി ഒരു മാസത്തോളം തമ്മില്‍ കാണാന്‍ പറ്റാതെ വരുമ്പോഴും ഞങ്ങള്‍ ആ ബന്ധം അങ്ങനെയാണ് മെയിന്റൈന്‍ ചെയ്യുന്നത്. ഭാര്യ പറയുന്നതിലും ഭര്‍ത്താവ് പറയുന്നതിലും ഉള്ള നല്ല കാര്യങ്ങള്‍ ഉള്‍ക്കൊണ്ട്, ഈക്വല്‍ ആയി ഒരു പോയിന്റില്‍ എത്തിച്ചേരാനാണ് രണ്ടുപേരും ശ്രമിക്കേണ്ടത്.
ഷൂട്ടിങ് ഇല്ലാത്തപ്പോള്‍ വീട്ടിലുള്ള ദിവസങ്ങളില്‍ രാവിലെ എഴുന്നേറ്റ് ഭര്‍ത്താവിന് ഭക്ഷണം പാകം ചെയ്തു കൊടുക്കാന്‍ ഒക്കെ എനിക്ക് വലിയ ഇഷ്ടമാണ്. അത് എന്റെയൊരു ഫാന്റസിയാണ്. അത് എല്ലാവരും ചെയ്യണം എന്നില്ല, അത് അത്ര എളുപ്പമുള്ള കാര്യവുമല്ല. ഒരു വൈഫ് ആയാല്‍ ഇതൊക്കെ ചെയ്യണം എന്ന് നിര്‍ബന്ധമില്ല, അതൊക്കെ ഓരോരുത്തരുടെ ചോയ്സ് ആണ്. പക്ഷേ, എനിക്ക് ഇതിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരാറുണ്ട്. ഒരുപക്ഷേ, ഈ ഇക്വാലിറ്റിക്ക് വേണ്ടി സംസാരിക്കുന്നവര്‍ക്ക് അത് മനസിലാവണം എന്നില്ല.
ഞാന്‍ പറയുന്നത് ഞാന്‍ ചെയ്യുന്നത് എന്റെ ചോയ്സ് ആണ്. സ്ത്രീകള്‍ ഇങ്ങനെ തന്നെ ചെയ്യണമെന്നോ, ഭര്‍ത്താവിന് വേണ്ടി ഉറക്കമൊഴിച്ച് ഇരിക്കണമെന്നോ ഞാന്‍ പറയുന്നില്ല. അത് എന്റെ ഇഷ്ടമാണ്. അത് ചെയ്യാന്‍ പാടില്ലെന്ന് നിങ്ങള്‍ക്ക് എന്നോട് പറയാനോ, അത് ചെയ്യണമെന്ന് എനിക്ക് നിങ്ങളോട് പറയാനോ പറ്റില്ല.
ഞാന്‍ പുതിയ തലമുറയെ മിസ്ലീഡ് ചെയ്യുകയാണെന്നും, ഓള്‍ഡ് സ്‌കൂള്‍ ചിന്താഗതിക്കാരിയാണെന്നുമാണ് എനിക്ക് എപ്പോഴും കിട്ടുന്ന വിമര്‍ശനം. ഞാന്‍ ഇങ്ങനെ പറഞ്ഞത് കൊണ്ട് ആരെങ്കിലും അതേപടി ചെയ്യുമെന്ന് കരുതുന്നുണ്ടോ. ഭര്‍ത്താവ് കഴിച്ച പാത്രം കഴുകി അതില്‍ തന്നെ ഭാര്യ ഭക്ഷണം കഴിയ്ക്കുമോ. അപ്പോള്‍ ഞാന്‍ എങ്ങനെ ജീവിക്കുന്നു എന്നത് എന്റെ മാത്രം ചോയ്സ് ആണ്.
കുടുംബജീവിതത്തില്‍ ഭാര്യയും ഭര്‍ത്താവുമായിരിക്കുമ്പോള്‍ ഇത്തരത്തിലുള്ള ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്താല്‍ നന്നായിരിക്കും എന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ട് അതൊക്കെ ഞാന്‍ ചെയ്തുനോക്കാറുണ്ട്. ഞങ്ങള്‍ വിവാഹിതരായിട്ട് ഒരുപാട് കാലമൊന്നും ആയിട്ടില്ല. ഒരു റിലേഷന്‍ഷിപ്പ് ഹെല്‍ത്തിയായി നിലനിര്‍ത്താന്‍ എന്തൊക്കെ ചെയ്യാം എന്ന് ഓരോ കാര്യങ്ങളായി ട്രൈ ചെയ്തു നോക്കുകയാണ്, അതില്‍ എനിക്ക് സന്തോഷവുമുണ്ട്,സ്വാസിക പറഞ്ഞു.
'എനിക്ക് വരുന്ന ആള്‍ സൗന്ദര്യമുള്ള ഒരാളായിരിക്കണമെന്ന് എനിക്കുണ്ടായിരുന്നു. അത് എന്റെ ഒരു ആഗ്രഹമായിരുന്നു. മറ്റുള്ളവര്‍ക്ക് അത് തെറ്റായി തോന്നാം, പക്ഷെ ഞാന്‍ അങ്ങിനെ ആഗ്രഹിച്ചു. സ്വപ്നം കാണുന്നതിന് ആര്‍ക്കും ഒരു നിയന്ത്രണവുമില്ലല്ലോ. ഞാനൊരു ശിവഭക്തയാണ്. ഓം നമ: ശിവായ ഒക്കെ കാണുമ്പോള്‍ അതുപോലെ ലുക്കുള്ള ഒരാള്‍ വേണമെന്നുണ്ടായിരുന്നു.
പിന്നെ ഞാന്‍ ഭര്‍ത്താവാകാന്‍ പോകുന്ന ആള്‍ക്ക് ആഗ്രഹിച്ച ഒരു ഗുണം മറ്റുള്ളവരെ ബഹുമാനിക്കണമെന്നതായിരുന്നു. സ്ത്രീ, പുരുഷന്‍ അങ്ങനെയൊന്നുമില്ല. മനുഷ്യരെ ബഹുമാനിക്കുന്ന ഒരാളായിരിക്കണം. ഇമോഷന്‍സിന് വില കൊടുക്കുന്ന ആളായിരിക്കണം. എന്റെ ഭര്‍ത്താവാകുന്ന ആള്‍ എന്നെ നോക്കുന്നതു പോലെ എന്റെ അച്ഛനെയും അമ്മയെയും നോക്കണം.
എനിക്ക് ഇതിന് മുന്‍പ് ഒരു റിലേഷന്‍ഷിപ്പ് ഉണ്ടായിരുന്നു. അത് തെറ്റായ ചോയ്സ് അല്ലായിരുന്നു. നല്ല സൗന്ദര്യമുള്ള ആളായിരുന്നു അദ്ദേഹം. നന്നായി ബഹുമാനിക്കും നന്നായി സംസാരിക്കും.അങ്ങനെയെല്ലാം നല്ലതായിരുന്നു. പക്ഷേ പെട്ടെന്ന്, അദ്ദേഹത്തിന്റെ കുടുംബത്തില്‍ ചില പ്രശ്നങ്ങളുണ്ടായി. സാമ്പത്തിക പ്രശ്നങ്ങളൊക്കെ വരുമ്പോള്‍ പ്രണയവും കുടുംബവും അദ്ദേഹത്തിന് ഒരുപോലെ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റാതായി. കുടുംബ പ്രശ്നങ്ങള്‍ അദ്ദേഹത്തെ മാനസികമായി തളര്‍ത്തിയിരുന്നു.അങ്ങനെയാണ് എന്റെ അടുത്ത് നിന്ന് അകന്നു പോകുന്നത്'-സ്വാസിക പറയുന്നു.